സാമ്പത്തിക ഇടപാടുകൾക്ക് കറൻസിക്ക് പകരം അപൂർവ്വയിനം ടുലിപ് കിഴങ്ങുകൾ (Bulbs) ഉപയോഗിച്ചിരുന്നു

ആംസ്റ്റർഡാമിലേക്കുള്ള കപ്പൽയാത്രയിൽ ഞങ്ങൾക്ക് ഒമ്പതാമത്തെ നിലയിലെ മുറിയാണ് ലഭിച്ചത്. മുറിയിലേക്ക് കാലുവെച്ചപ്പോൾത്തന്നെ യാത്രാക്ഷീണം പകുതി മാറി. വിസ്താരം കുറവാണെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിനെയും വെല്ലുന്ന സൗകര്യങ്ങൾ!. രാത്രി മൂന്നാംനിലയിലെ ഡൈനിംഗ് ഹാളിൽനിന്ന് വിഭവസമൃദ്ധമായ അത്താഴവും കഴിച്ചു. ഏറ്റവും മുകളിലത്തെ പന്ത്രണ്ടാം നിലയിലേക്ക് വെച്ചുപിടിച്ചു. മുകളിൽനിന്ന് രാത്രിയിലെ ആകാശക്കാഴ്ച മനോഹരമായിരുന്നു. തണുത്ത കാറ്റ് ഞങ്ങളെ അധികനേരം അവിടെ നിൽക്കാൻ സമ്മതിച്ചില്ല. വേഗത്തിൽത്തന്നെ മുറിയിലെത്തി, നന്നായി ഉറങ്ങി.
അതിരാവിലെ ചൂടുവെള്ളത്തിൽ കുളിച്ചു, കട്ടിയുള്ള തണുപ്പു വസ്ത്രങ്ങളും അണിഞ്ഞ് വീണ്ടും പന്ത്രണ്ടാം നിലയിലേക്ക് ഓടിയെത്തി. ആകാശത്തേക്ക് കുതിച്ചുയരുന്ന ഉദയസൂര്യനെ കാണാനായിരുന്നു ആ ഓട്ടം. പ്രതീക്ഷിച്ചതുപോലെ സൂര്യോദയം കണ്ടു, പക്ഷേ തണുത്തുവിറച്ച് ഏകദേശം 'ഐസ് കുൽഫി' പരുവത്തിലായി ! ഡൈനിംഗ്ഹാളിൽ ചെന്ന് നല്ല ചൂടുചായയും ബ്രേക്ക്ഫാസ്റ്റും കഴിച്ച് ആശ്വാസം കൊണ്ടു.
കൃത്യം രാവിലെ 8 മണിക്ക് കപ്പൽ കരയോട് അടുത്തു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പാസ്പോർട്ടിൽ എൻട്രി സ്റ്റാമ്പും പതിപ്പിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി. തണുപ്പ് അല്പം കടുപ്പമായിരുന്നു. എന്നാൽ യാത്രയുടെ ആവേശം ഞങ്ങളിൽ ഒട്ടും ചോർന്നുപോയിരുന്നില്ല. പുറത്ത് ഞങ്ങളെയും കാത്ത് ടൂർ ബസ്സ് തയ്യാറായിനിൽപ്പുണ്ടായിരുന്നു.
ക്യൂക്കെൻഹോഫിലെ ടുലിപ് വസന്തം
ഞങ്ങളുടെ ആദ്യ ലക്ഷ്യം ഹോളണ്ടിലെ വിശ്വപ്രസിദ്ധമായ ക്യൂക്കെൻഹോഫ് (Keukenhof) ടുലിപ് ഗാർഡനായിരുന്നു 2011-ലെ എന്റെ ആദ്യ യൂറോപ്പ് സന്ദർശനവേളയിൽ കണ്ട വർണ്ണപ്പകിട്ടാർന്ന ടുലിപ്‌സിന്റെ മാസ്മരിക ഭംഗി നിറഞ്ഞുനിന്നിരുന്നു. അന്ന് പരിസരം മറന്ന് ഞാനും ചേച്ചിയും ഓടിനടന്നതും, പിന്നീട് പുറത്തേക്കുള്ള വഴി കാണാതെ പരിഭ്രമിച്ചതുമെല്ലാം ഓർമ്മയിലെത്തി. എന്നാൽ ഇത്തവണ ഗാർഡനിലെമ്പാടും പുറത്തേക്കുള്ള വഴികൾ വളരെ വ്യക്തമായി അടയാളപ്പെടുത്തിയിരുന്നതിനാൽ വഴിതെറ്റുമെന്ന ഭയമുണ്ടായില്ല. ബോളിവുഡ് പ്രേമികൾക്ക് 'സിൽസില' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും രേഖയും ചേർന്ന് അഭിനയിച്ച 'ദേഖാ ഏക് ഖ്വാബ് തോ ഏ യേ സിൽസിലേ ഹുയേ...' എന്ന വിഖ്യാത ഗാനരംഗം ഓർമ്മ കാണുമല്ലോ! മനോഹരമായ ആ രംഗം ഇവിടെയാണ് ചിത്രീകരിച്ചിരുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ കൗണ്ടസ് ജാക്വലിന്റെ അടുക്കളത്തോട്ടമായിരുന്ന (Keukenhof 'അടുക്കളത്തോട്ടം' എന്നാണർത്ഥം) ഈ പ്രദേശം, പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്‌പോദ്യാനമായി മാറുകയായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ തുർക്കിയിൽ നിന്നാണ് ടുലിപുകൾ നെതർലാന്റ്‌സിൽ എത്തുന്നത്. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ഹോളണ്ടിൽ 'ടുലിപ് മാനിയ' (Tulip Mania) എന്നൊരു കാലമുണ്ടായി! അന്ന് സാമ്പത്തിക ഇടപാടുകൾക്ക് കറൻസിക്ക് പകരം അപൂർവ്വയിനം ടുലിപ് കിഴങ്ങുകൾ (Bulbs) ഉപയോഗിച്ചിരുന്നു . എല്ലാ വർഷവും മാർച്ച് പകുതി മുതൽ മേയ് പകുതി വരെയാണ് (മാർച്ച് 20 - മേയ് 11) ഈ പുഷ്‌പോത്സവം നടക്കുന്നത്. കോടിക്കണക്കിന് വർണ്ണാഭമായ പൂക്കളാണ് ഇവിടെ വിരിഞ്ഞുനിൽക്കുന്നത്.
ആംസ്റ്റർഡാം കനാൽ ക്രൂയിസും നഗരക്കാഴ്ചകളും
ടുലിപ്‌സിന്റെ വർണ്ണക്കാഴ്ചകളിൽ നിന്ന് നേരെ പോയത് 'ബ്ലൂ ബോട്ട് കമ്പനി' (Blue Boat Company) യുടെ സിറ്റി കനാൽ ക്രൂയിസിലേക്കാണ്. മുക്കാൽ മണിക്കൂറോളം നീണ്ട കനാൽ യാത്ര . ആംസ്റ്റർഡാമിന്റെ ചരിത്രപ്രധാനമായ കെട്ടിടങ്ങൾ, മനോഹരമായ കനാൽ പാലങ്ങൾ, പുരാതന പള്ളികൾ എന്നിവയെല്ലാം കനാലിലൂടെ നീങ്ങുമ്പോൾ അടുത്ത് കാണാം. ഗൈഡിന്റെ വിശദീകരണങ്ങൾക്കും ചെവിയോർത്തു.
വൈകുന്നേരത്തോടെ ഞങ്ങൾ ഗൈഡഡ് സിറ്റി ടൂറിനായി നഗരത്തിലേക്ക് ഇറങ്ങി. ആംസ്റ്റർഡാമിന്റെ ഹൃദയഭാഗമായ 'ഡാം സ്‌ക്വയർ' (Dam Square) ആയിരുന്നു പ്രധാന ആകർഷണം. പതിമൂന്നാം നൂറ്റാണ്ടിൽ ആംസ്റ്റൽ (Amstel) നദിക്ക് കുറുകെ നിർമ്മിച്ച അണക്കെട്ടിൽ നിന്നാണ് ഈ സ്ഥലത്തിനും നഗരത്തിനും ആംസ്റ്റർഡാം എന്ന പേരു ലഭിക്കുന്നത്.
രാജകൊട്ടാരവും (Royal Palace) ദേശീയ സ്മാരകവും അതിനുചുറ്റുമുള്ള പ്രൗഢഗംഭീരമായ കെട്ടിടങ്ങളും നിറഞ്ഞ പ്രദേശം എപ്പോഴും ജനനിബിഡമാണ്. ചരിത്രവും സംസ്‌കാരവും ഇവിടെ അലിഞ്ഞുചേർന്നിരിക്കുന്നു.
സമയം അനുവദിക്കാത്തതിനാൽ ആൻ ഫ്രാങ്ക് ഹൗസ് (Anne Frank House) സന്ദർശിക്കാൻ സാധിച്ചില്ല . രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ ക്രൂരതകളിൽ നിന്ന് രക്ഷപ്പെടാൻ രണ്ടു വർഷത്തോളം ആംസ്റ്റർഡാമിലെ പ്രിൻസൻഗ്രാച്ച് (Prinsengracht) കനാലിനടുത്തെ രഹസ്യമുറിയിൽ ഒളിവിൽ കഴിഞ്ഞവളാണ് ആൻ. ആ കാലയളവിൽ സ്വന്തം ജീവിതം അവൾ ഡയറിയിൽ പകർത്തിച്ചു. സ്‌കൂളിലും കോളേജിലും നാം വായിച്ച 'ദി ഡയറി ഓഫ് എ യംഗ് ഗേൾ' എന്ന പുസ്തകം അവളുടെ ജീവന്റെ തുടിപ്പാണ്. ആ മണ്ണിലൂടെ നടക്കാൻ കഴിഞ്ഞത് വലിയ അനുഭവമായി. രാത്രി വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം വാൻ ഡെർ വാൽക്ക് (Van der Valk) ഹോട്ടലിൽ വിശ്രമിച്ചു. അടുത്ത ലക്ഷ്യം ബെൽജിയത്തിലെ ബ്രസ്സൽസാണ്. ആ സ്വപ്‌നവുമായി ഉറക്കത്തിലാണ്ടു.
Content Highlights: Experience the vibrant Keukenhof tulip gardens, open annually from March 20 to May 11., Discover the history of Tulip Mania and the origin of the Keukenhof name., Enjoy a guided canal cruise through Amsterdam's historic waterways., Visit the culturally significant Dam Square and Royal Palace., Learn about the historical importance of the Anne Frank House.
Published: 04 Aug 2026, 09:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented