സാഹസികസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ഇടുക്കി രാമക്കല്‍മേട് ആമപ്പാറയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ഇവിടെ ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ നിര്‍മിച്ച 'ജാലകം ഇക്കോ ടൂറിസം കേന്ദ്രം' നാടിന് സമര്‍പ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട്ട് സ്‌പോട്ടായി ആമപ്പാറയും മാറും.

To advertise here,

ടിക്കറ്റ് കൗണ്ടര്‍, സുരക്ഷാവേലി, വാച്ച് ടവര്‍, നടപ്പാതകള്‍, വിളക്കുകള്‍, സഞ്ചാരികള്‍ക്ക് കാഴ്ചകണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകള്‍, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചത്. ദൂരക്കാഴ്ചയില്‍ ആമയുടെ രൂപത്തോട് സാദൃശ്യമുള്ള ഇവിടത്തെ പാറയിലേക്ക് ഒരാള്‍ക്കുമാത്രം പോകാന്‍ കഴിയുന്ന നടപ്പാതയാണുള്ളത്. ഇവിടെയുള്ള കൂറ്റന്‍പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകളും കാണാം. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങാം.

ഈ പടുകൂറ്റന്‍ പാറയ്ക്കുള്ളിലൂടെ അതിസാഹസികമായി സഞ്ചരിച്ച് മറുവശത്തെത്തിയാല്‍, ആ കഷ്ടപ്പാടൊന്നും വെറുതെയായില്ല എന്നു മനസ്സിലാകും. അത്രയ്ക്ക് മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. രാമക്കല്‍മേട്ടിലെ കുറുവന്‍-കുറത്തി ശില്‍പ്പം, മലമുഴക്കി വേഴാമ്പല്‍ വാച്ച് ടവര്‍, കോടമഞ്ഞുപുതച്ച മലനിരകള്‍, താഴ്വരയിലെ തമിഴ്നാടിന്റെ ഗ്രാമീണഭംഗി, കൃഷിയിടങ്ങള്‍, കാറ്റാടിയന്ത്രങ്ങള്‍ തുടങ്ങി കാഴ്ചയുടെ വിശാല ലോകമാണ് ആമപ്പാറ തുറക്കുന്നത്.

നെടുങ്കണ്ടം-രാമക്കല്‍മേട് റോഡില്‍ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെനിന്ന് ജീപ്പില്‍ ആമപ്പാറയിലെത്താം. തൃശ്ശൂര്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡാണ് (സില്‍ക്ക്) നിര്‍മാണം നടത്തിയത്. വിനോദസഞ്ചാര വകുപ്പ് 3.21 കോടി രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു നിര്‍മാണം. ആദ്യഘട്ടത്തിന് 2019-ലും രണ്ടാംഘട്ടത്തിന് 2021-ലുമാണ് ഭരണാനുമതി ലഭിച്ചത്. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും ജാലകം ഇക്കോ ടൂറിസം കേന്ദ്രം ഉടനെ നാടിന് സമര്‍പ്പിക്കാനാകുമെന്നും ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു.