ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്. ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നമ്പിയോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ അറേബ്യന്‍ നഗരം ഒന്നാം സ്ഥാനത്തെത്തിയത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിസമ്പന്നര്‍ അബുദാബി ഉള്‍പ്പടെയുള്ള ഗള്‍ഫ് നഗരങ്ങളിലേക്ക് താമസം മാറ്റുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. വിനോദസഞ്ചാരത്തിലും ഏറെ മുന്നിലുള്ള അബുദാബിയിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണെത്തുന്നത്.
യു.എ.ഇയിലെ ഏറ്റവും വലിയ എമിറേറ്റാണ് അബുദാബി. ദുബായ് പോലെ വലിയ കെട്ടിടങ്ങളൊക്കെയുള്ള വികസിതനഗരം. അബുദാബിയുടെ ചരിത്രം പരിശോധിച്ചാല്‍ പിന്നിട്ട കാലത്തില്‍ ഈ നാട് കൈവരിച്ച വളര്‍ച്ച കാണാവുന്നതാണ്. 1971-ലാണ് യു.എ.ഇയുടെ പിറവി. അന്നുമുതല്‍ അബുദാബിയാണ് തലസ്ഥാനപട്ടം അലങ്കരിക്കുന്നത്. മറ്റിടങ്ങളേക്കാള്‍ വലിയ എമിറേറ്റ് ആയതിനാല്‍ വളര്‍ച്ചയുടെ കാര്യത്തിലും സാധ്യതകള്‍ ഏറെയാണ്. 1958-ല്‍ എണ്ണ നിക്ഷേപം കണ്ടെത്തുന്നതോടെയാണ് അബുദാബിയുടെ മുന്നേറ്റം തുടങ്ങുന്നത്.
Also Read
ഇന്ന് ടൂറിസത്തിനും അബുദാബി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. നിര്‍മാണ മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനത്തിരക്കനുഭവപ്പെടുന്ന ജങ്ഷനുകളിലെല്ലാം അണ്ടര്‍ പാസേജുകളുണ്ട്. നഗരാസൂത്രണത്തിന്റെ കാര്യത്തില്‍ ദുബായിയെപ്പോലെ അബുദാബിയും ഉന്നതനിലവാരം പുലര്‍ത്തുന്നു. നഗരവഴികളില്‍ തീര്‍ത്തിരിക്കുന്ന പച്ചപ്പിനേക്കുറിച്ചും എടുത്തുപറയേണ്ടിയിരിക്കുന്നു. നിരവധി കാഴ്ചകളാണ് ഈ അറേബ്യന്‍ നഗരത്തില്‍ കാത്തിരിക്കുന്നത്. നേരത്തെ ജീവിതം പുലര്‍ത്താനാണ് മലയാളികള്‍ ഈ നഗരത്തിലെത്തിയിരുന്നതെങ്കില്‍ ഇന്നീ നഗരത്തിന്റെ സൗന്ദര്യം ആസ്വധിക്കാനും നിരവധി പേരെത്തുന്നു.
ഒബ്സര്‍വേഷന്‍ വീല്‍
ഐന്‍ ദുബായിയുടെ അത്ര വലുതല്ലെങ്കിലും ഒരു ഒബ്സര്‍വേഷന്‍ വീല്‍ അബുദാബിയിലുമുണ്ട്. അരികെ കണ്ണെത്താദൂരത്തോളം കടലും. ബോട്ട് ക്ലബാണ് ഒരാകര്‍ഷണം. ഒട്ടേറെ കാര്യങ്ങളുടെ സംഗമകേന്ദ്രമാണിതെന്ന് പറയാം. ടിയറ റൊട്ടേറ്റിങ് റെസ്റ്റോറന്റ് ദൂരെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. മറീന മാളിനോടു ചേര്‍ന്നുള്ള നിര്‍മിതി കാഴ്ചയുടേയും രുചിയുടേയും ഉയരങ്ങള്‍ തീര്‍ക്കുന്നു. കടല്‍ത്തീരത്തെ ഒരു പാര്‍ക്കാക്കി മാറ്റിയിരിക്കുകയാണിവിടെ. കടലിന്റെ വിശാലതയിലേക്ക് നോക്കിയിരിക്കാം. യു.എ.ഇയിലേക്ക് വരുന്ന സഞ്ചാരികള്‍ ദുബായിക്ക് നല്‍കുന്ന അതേ പരിഗണന അബുദാബിക്കും നല്‍കുന്നുണ്ട്. സീസണുകളില്‍ അബുദാബിയിലേക്കും സഞ്ചാരികളെത്തുന്നു. വലിയ തിരക്കില്ലാത്തയിടമെന്ന പേരിലും അബുദാബിക്ക് ഏറെ പ്രാധാന്യമുണ്ട്.
കോര്‍ണിഷെ ബീച്ച്
കാഴ്ചകളും വിശാലമാണ് അബുദാബിയില്‍. അതിലൊന്നാണ് കോര്‍ണിഷെ ബീച്ച്. ഇവിടത്തെ ഏറ്റവും തലയെടുപ്പുള്ള ദൃശ്യമാണ് പാറിപ്പറക്കുന്ന യു.എ.ഇ പതാക. തലസ്ഥാനമെന്ന നിലയില്‍ ഭരണകാര്യങ്ങളിലെല്ലാം ഈ മണ്ണിന് നിര്‍ണായകസ്ഥാനമുണ്ട്. പതാകയ്ക്ക് താഴെ അബുദാബി തീയേറ്റര്‍ കാണാവുന്നതാണ്. കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പേരുകേട്ടയിടമാണ് അബുദാബി തിയേറ്റര്‍. മകുടമൊക്കെയായി വ്യത്യസ്തമായ രീതിയിലാണിതിന്റെ നിര്‍മാണം.
ഫൗണ്ടേഴ്സ് മെമ്മോറിയല്‍
ഈ നാട് അത്രമേല്‍ കടപ്പെട്ടിരിക്കുന്ന ഒരാളുടെ സ്മാരകമുണ്ട് അബുദാബിയില്‍. ഫൗണ്ടേഴ്സ് മെമ്മോറിയല്‍ എന്നാണിവിടം അറിയപ്പെടുന്നത്. ഈ നാടിന് നിശ്ചയദാര്‍ഢ്യത്തോടെ നേതൃത്വം നല്‍കി ലോകരാജ്യങ്ങളുടെ ഉന്നതശ്രേണിയിലേക്ക് ഉയര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. യു.എ.ഇ സ്ഥാപകനായ അദ്ദേഹമാണ് ഈ സ്മാരകത്തില്‍ സാന്നിധ്യമാവുന്നത്. 2018-ലാണ് ഈ സ്മാരകം നിര്‍മിക്കുന്നത്.
വാര്‍ണര്‍ ബ്രോസ് തീം പാര്‍ക്ക്
വാര്‍ണര്‍ ബ്രോസിന്റെ ഇന്‍ഡോര്‍ തീം പാര്‍ക്ക് അബുദാബിയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ലോകത്തെ എല്ലാ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ഇവിടെ കാണാം. ബാറ്റ്സമാനും സൂപ്പര്‍ മാനും, വണ്ടര്‍വുമണുമെല്ലാമുണ്ട്. കുടുംബത്തോടൊപ്പം പോവാന്‍ പറ്റിയ പാര്‍ക്കാണിത്. എമിറേറ്റ്സ് പാര്‍ക്ക് സൂവാണ് മറ്റൊരു ആകര്‍ഷണം. മൃഗങ്ങള്‍ ഭക്ഷണം കൊടുക്കല്‍, മൃഗങ്ങളുടെ ഷോകള്‍ എന്നിവ ഇവിടെ കാണാം. കാര്‍ അഡ്വഞ്ചറുകള്‍ ഇവിടെയുണ്ട്. വിഐപി സൗകര്യങ്ങള്‍ വേറെയുമുണ്ട്. പക്ഷികള്‍ക്കൊപ്പം പ്രഭാതഭക്ഷണം, ജിറാഫിനൊപ്പം പ്രഭാതഭക്ഷണം, പുള്ളിപുലിക്കൊപ്പം ലഞ്ച് എന്നിങ്ങനെ വ്യത്യസ്തകള്‍ ധാരാളം ഉണ്ടിവിടെ.
ഷെയ്ഖ് സയ്യിദ് മോസ്ക്
ഷെയ്ഖ് സയ്യിദ് മോസ്കാണ് മറ്റൊരു മനോഹരമായ ഇടം. ലോകത്തെ വലിയ മോസ്കുകളിലൊന്നാണിത്. കൊത്തുപണികളാല്‍ സമ്പന്നമാണ് ഇത്. ഇസ്ലാമിക ഡിസൈന്‍ അടയാളപ്പെടുത്തുന്ന മോസ്കാണ് ഷെയ്ഖ് സയ്യിദ്. 40000 പേര്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മാര്‍ബിള്‍ മൊസൈക് സംയുക്ത ഡിസൈന്‍ ഇവിടെ കാണാം
ഖസര്‍ അല്‍ വത്തന്‍
ഖസര്‍ അല്‍ വത്തന്‍ ഒരു പ്രസിഡന്‍ഷ്യല്‍ പാലസാണ്. നഗരത്തിലെ പ്രധാന സാംസ്‌കാരിക കേന്ദ്രവുമാണ്. യുഎഇയുടെ ഇന്നത്തെ തലത്തിലേക്കുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന ഇടം കൂടിയാണിത്. അറേബ്യന്‍ പാരമ്പര്യവും കലാമികവും ചേരുന്നതാണ് ഈ കൊട്ടാരം.
Content Highlights: abu dhabi travel guide uae middle east tourism
Published: 17 Aug 2024, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented