കടങ്ങോട്: കടങ്ങോട് ആളൊഴിഞ്ഞ പറമ്പിൽ ഹോട്ടലുകളിലെ മലിനജലം തള്ളാനെത്തിയ രണ്ടു ടാങ്കർ ലോറികൾ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏൽപ്പിച്ചു. കടങ്ങോട് പഞ്ചായത്ത് മൂന്നാം വാർഡിലെ മയിലാടുംകുന്ന് ക്വാറിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 1.30-നാണ് സംഭവം.

To advertise here,

ടാങ്കർ ലോറികൾ മാലിന്യവുമായി എത്തിയത് അറിഞ്ഞയുടൻ പ്രദേശവാസികൾ എത്തി വാഹനം തടയുകയായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ പിടികൂടി. കാട്ടകാമ്പാൽ ചെമ്പത്തയിൽ ഹാസിറിന്റെ പേരിലുള്ള വാഹനങ്ങളാണിവ. ഹോട്ടലുകളിലെ മലിനജലവും ശൗചാലയ മാലിന്യവും ശേഖരിച്ച് വിവിധ സ്ഥലങ്ങളിൽ തള്ളുന്ന സംഘം ഉപയോഗിക്കുന്ന വാഹനങ്ങളാണ് പിടികൂടിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ചിറമനേങ്ങാട് റോയൽ എഞ്ചിനീയറിംങ് കോളേജിന് സമീപത്തെ തെങ്ങിൻ പറമ്പിൽ മാലിന്യം തള്ളാനെത്തിയ ലോറിയും നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നടപടിയെടുത്തിരുന്നു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്നും കൊണ്ടു വരുന്ന മാലിന്യം കടങ്ങോട് പഞ്ചായത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ തള്ളാനെത്തുന്നത് പതിവായിട്ടുണ്ട്.

മാലിന്യം തള്ളുന്നവർക്കെതിരേ പോലീസും മറ്റു വകുപ്പുകളും കർശന നടപടിയെടുക്കണമെന്ന് പഞ്ചായത്തംഗം യു.വി. ഗിരീഷ് ആവശ്യപ്പെട്ടു.