പൈപ്പിടൽ പൂർത്തിയാകുംമുൻപേ ദേശീയപാതാ നിർമാണം പൂർത്തിയായി
ചാവക്കാട് : ഒരുമനയൂർ മൂന്നാംകല്ല് മേഖലയിൽ ദേശീയപാതാനിർമാണം പൂർത്തിയായതോടെ കടപ്പുറം പഞ്ചായത്തിന്റെ കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരമാകുന്ന സമഗ്ര കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ അനിശ്ചിതാവസ്ഥയിൽ.
പദ്ധതിയുടെ ഭാഗമായി വട്ടേക്കാട്ട് നിർമാണത്തിലിരിക്കുന്ന ജലസംഭരണിയിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പിടൽ ദേശീയപാതയിൽ മൂന്നാംകല്ല് വരെ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
ബാക്കി ഭാഗം ദേശീയപാതയ്ക്കുകുറുകേ പൈപ്പ് ലൈൻ വലിച്ച് മൂന്നാംകല്ല് പാലത്തിലൂടെയാണ് വട്ടേക്കാട്ടെ ജലസംഭരണിയിലേക്ക് കുടിവെള്ളമെത്തിക്കേണ്ടത്.
എന്നാൽ മൂന്നാംകല്ല് മേഖലയിൽ ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയായ സാഹചര്യത്തിൽ റോഡ് കുറുകേ പൊളിച്ച് പൈപ്പിടാൻ അനുമതി ലഭിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ദേശീയപാതയുടെ പണി പൂർത്തിയാകുംമുൻപ് പൈപ്പിടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നിട്ടും ഇതു ചെയ്യാൻ ജലസേചനവകുപ്പിന് കഴിഞ്ഞില്ല.
മൂന്നാംകല്ലിൽനിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമാണ് വട്ടേക്കാട്ടെ ജലസംഭരണിയിലേക്കുള്ളത്.
ദേശീയപാതാ അധികൃതർ റോഡു പൊളിച്ച് പൈപ്പിടാൻ അനുമതി നൽകാൻ സാധ്യത കുറവാണെന്നു പറയുന്നു. ഈ സാഹചര്യത്തിൽ 10 കിലോമീറ്ററോളം ദൂരെ ചാവക്കാട് മണത്തല മുല്ലത്തറ മേഖലയിൽനിന്ന് പൈപ്പ് ലൈൻ ഇടേണ്ടിവരുമെന്നതാണ് സ്ഥിതി. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 41.39 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ കുടിവെള്ളടാങ്കിന്റെയും അനുബന്ധ ജോലികളുടെയും നിർമാണോദ്ഘാടനം 2024 മാർച്ച് 12-നാണ് അന്നത്തെ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ നിർവഹിച്ചത്. മാസങ്ങളോളം നിർമാണം നിലച്ചിരുന്ന ജലസംഭരണിയുടെ പണി പുനരാരംഭിച്ചെങ്കിലും പൈപ്പ് ലൈൻ ഇടുന്നത് പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയുടെ മുകൾഭാഗത്തെ തറ വാർക്കുന്ന പണി അടുത്തിടെ പൂർത്തിയായി.ഒരു കുടുംബത്തിന് പ്രതിദിനം 100 ലിറ്റർ വീതം കുടിവെള്ളം ലഭ്യമാക്കി കടപ്പുറം പഞ്ചായത്തിന്റെ കുടിവെള്ളക്ഷാമത്തിന് ശ്വാശ്വതപരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2,103 പേർക്ക് ഗാർഹിക കണക്ഷൻ നൽകാൻ കഴിയുന്നതാണ് പദ്ധതി.
കടലും ചേറ്റുവപ്പുഴയും കനോലി കനാലുമൊക്കെയായി മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശത്തും ശുദ്ധജലം കിട്ടാത്ത സ്ഥിതിയാണ്. ഇതുകാരണം പൈപ്പുവെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ ഏറെയുണ്ട്. പൈപ്പ് ലൈൻ വഴി പദ്ധതിക്കാവശ്യമായ വെള്ളമെത്തിക്കുന്നത് ഭാരതപ്പുഴയിൽനിന്നാണ്.
Published: 05 Nov 2026, 01:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented