ദേശീയപാതപണി പൂർത്തിയായപ്പോൾ ചാവക്കാട് മേഖലയിൽ ഏറ്റവും ദുരിതം അനുഭവപ്പെട്ട പ്രദേശങ്ങളിലൊന്ന് മണത്തല ജുമാമസ്ജിദും പരിസരവുമായിരുന്നു. ഓവുചാൽപ്പണി വൈകിയതിനാൽ മസ്ജിദിലേക്കു കടക്കാൻ കഴിയാത്തവിധം ഗേറ്റിൽ വെള്ളപ്പൊക്കം. അതൊഴിഞ്ഞപ്പോൾ ഗേറ്റ് തുറക്കാനാകാത്തവിധം ചെളി. രണ്ടും ഒഴിവാക്കാൻ 20,000 രൂപയോളം മുടക്കി മണ്ണിട്ട് കല്ലുപാകി മുറ്റം ഉയർത്തിയപ്പോൾ തറയും മുറ്റവും തമ്മിലുള്ള ഉയരം തീരെ കുറഞ്ഞുപോയി. ഇത് ദേശീയപാതയോരത്തെമ്പാടുമുള്ള വീടുകളിൽ കാണാം. 60 സെന്റിമീറ്ററെങ്കിലും ഉയരം വേണ്ടുന്ന തറയ്ക്ക് 20-25 സെന്റിമീറ്ററേ ഉള്ളൂ. ചെളിയടിഞ്ഞതോ മുറ്റം മണ്ണിട്ടുയർത്തിയതോ ആണ്. എങ്ങനെയാണെങ്കിലും ചെറിയ മഴയ്ക്ക് വെള്ളം അകത്തെത്തും.

To advertise here,

മണത്തല ഗവ. ഹയർസെക്കൻഡറിസ്കൂളിലെ 1,100-ഓളം കുട്ടികൾ ദേശീയപാത മുറിച്ചുകടക്കുന്നത് മറ്റൊരു ദയനീയ കാഴ്ച. കിഴക്കാണ് സ്കൂൾ. വീടുകൾ അധികവും പടിഞ്ഞാറും. അടിപ്പാതയിലേക്ക് ഒരു കിലോമീറ്ററോളം നടക്കണം. മസ്ജിദ് പരിസരത്ത് മേൽനടപ്പാത പണിയാൻ തീരുമാനിച്ചതാണ് ആശ്വാസം. ഓവുചാലിന്റെ പണിയും നടക്കുന്നുണ്ട്. ‘‘പക്ഷേ, ഒന്നോ രണ്ടോ മഴക്കാലം കഴിഞ്ഞാലേ വെള്ളത്തിന്റ ഗതി പിടിത്തംകിട്ടൂ. എന്നിട്ടുവേണം എന്തൊക്കെ മാറ്റം വരുത്തണമെന്ന് തീരുമാനിക്കാൻ’’-മസ്ജിദ് ഭാരവാഹികൾ പറയുന്നു.

പ്രസിദ്ധമായ കനോലി കനാലിനു സമാന്തരമാണ് ചാവക്കാട് മേഖലയിലെ ദേശീയ പാത. ഇവിടെ വെള്ളക്കെട്ടൊഴിവാക്കാൻ ദേശീയപാതാ അധികൃതരുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ആകെ 1,23,43,000 രൂപ ചെലവുവരുന്ന നാല് പദ്ധതികളാണ് നിർദേശിക്കപ്പെട്ടത്. ദേശീയപാത ഓവുചാലിൽനിന്ന് മണത്തല പഴയപാലം-പള്ളിനട റോഡിൽ 166 മീറ്ററിലും ചിങ്ങനാത്ത് 504 മീറ്ററിലും കിറാമൻകുന്ന് റോഡിൽ 265 മീറ്ററിലും ഓവുചാൽ പണിത് വെള്ളം കനോലി കനാലിലേക്ക് ഒഴുക്കിവിടുന്നതാണ് പദ്ധതി. ഷൺമുഖംറോഡിൽ 150 മീറ്ററിൽ കനാൽ പണിത് വെള്ളം സമീപത്തെ പാടത്തിന്റെ കനാലിലേക്ക് വിടും.

‘‘പറയുന്നതുപോലെ ഇതത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. ദേശീയപാത ഓവുചാലിൽ എത്ര വെള്ളമുണ്ടാകുമെന്ന് നിശ്ചയമില്ല. പലേടത്തും മണ്ണടിഞ്ഞ് ചാൽ അടഞ്ഞുകിടക്കുന്നുണ്ട്. യഥാസമയം വൃത്തിയാക്കിയില്ലെങ്കിൽ വെള്ളം പുറത്തേക്കു തള്ളും. പരിസരം വെള്ളക്കെട്ടാകും’’ ഒരു എൻജിനീയർ മുന്നറിയിപ്പ് നൽകി.

ഒരുമനയൂർ പഞ്ചായത്തിൽ ചുരുങ്ങിയത് ഏഴു സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ട്. വില്യംസ് തങ്ങൾപ്പടി ഭാഗത്ത് ദേശീയപാതയുടെ ഓവുചാൽ പോകുന്നത് ഉയർന്ന പ്രദേശത്തുകൂടിയാണ്. സ്വഭാവികമായും താഴ്ന്ന പ്രദേശത്ത് വൻ വെള്ളക്കെട്ട് രൂപപ്പെടുന്നു. നൂറോളം കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാൻ ഇവിടന്ന് കനോലി കനാലിലേക്ക് പുതിയ കനാൽ പണിയണം. അതിന് സ്ഥലമേറ്റെടുക്കണം. അത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നു പറഞ്ഞ് ദേശീയപാത അതോറിറ്റി കൈയൊഴിയുന്നു. ‘‘ഇപ്പോൾ മഴിയില്ലാത്തതുകൊണ്ടാണ് പ്രശ്‌നം ഒതുങ്ങിനിൽക്കുന്നത്. മഴ പെയ്താൽ പൊട്ടിത്തെറിയിലേക്ക് പോകും.’’ ജനപ്രതിനിധികൾ ആശങ്കപ്പെടുന്നു. മൂന്നാംകല്ലിലെ മമ്മുസാഹിബ് റോഡ്, ചെറുവള്ളി, സമീപത്തെ കലുങ്ക് തുടങ്ങി ഏഴ് സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കാൻ 1,78,32,000 രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് നടപ്പാകുമോ, ആയാൽ വെള്ളക്കെട്ടൊഴിയുമോ എന്ന് വിദഗ്ധർക്കുപോലും ഉറപ്പില്ല.

(തുടരും)