കാൽനടയാത്രക്കാർക്ക് ദുരിതം

To advertise here,

കൊരട്ടി : ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കൊരട്ടി ജങ്ഷനിൽ സുരക്ഷിത ബദൽസംവിധാനമൊരുക്കാതെ കാൽനടയാത്രക്കാർ റോഡു മുറിച്ചുകടന്നിരുന്ന ഭാഗം നിർമാണത്തിനായി അടച്ചു. 60 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളുള്ള മേൽപ്പാലത്തിലെ മധ്യഭാഗം കാൽനടക്കാർക്കായി ഒഴിച്ചിട്ടായിരുന്നു ഇതുവരെ പണി നടന്നിരുന്നത്. ഇതാണ് മുന്നറിയിപ്പില്ലാതെ അടച്ചത്.

പോലീസിനെയോ തദ്ദേശസ്ഥാപനങ്ങളേയോ വിവരം അറിയിച്ചിട്ടില്ല. പകരം കാൽനടയാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത വടക്കുഭാഗം തുറന്നുനൽകിയിട്ടുമുണ്ട്.

രണ്ട് വിദ്യാലയങ്ങളിലേക്കുള്ള 2000-ത്തോളം വിദ്യാർഥികളും നാട്ടുകാരുമാണ് ഇതോടെ ദുരിതത്തിലായത്. 50 മീറ്ററോളം ദൂരം ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ പോകേണ്ട സ്ഥിതിയാണിപ്പോൾ.

കൊരട്ടി മുത്തിയുടെ തിരുനാളിനു മുൻപ് നടുഭാഗം ഒഴിച്ചുള്ള സ്ഥലം കോൺക്രീറ്റ് ചെയ്യുമെന്നാണ് കരാറുകാർ പറഞ്ഞിരുന്നത്. പക്ഷേ, പണി പുരോഗമിക്കുന്നതേയുള്ളൂ. ഇരുഭാഗത്തെയും കോൺക്രീറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് നടുഭാഗത്തെ നിർമാണം ആരംഭിക്കാനും മറ്റ് രണ്ട് അടിത്തട്ടുകളിലൂടെ വാഹനങ്ങൾ തിരിച്ചുവിടാനുമായിരുന്നു തീരുമാനം. ഇതാണിപ്പോൾ താളംതെറ്റിയത്.

എല്ലാ ജോലിയും ഒരുമിച്ച് നടത്താനാണിപ്പോഴത്തെ നീക്കം.

തെക്കേഭാഗത്ത് തൃശ്ശൂർ എറണാകുളം പാതയുടെ പണി നടക്കുന്ന ഫില്ലറുകളോടു ചേർന്നുള്ള തുറന്ന ഭാഗത്ത് പുതിയ വഴി തുറന്നാൽ അപകടസാധ്യത കുറയ്ക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. അല്ലാത്ത പക്ഷം പ്രതിഷേധവുമായി നീങ്ങാനാണ് തീരുമാനം.