കൊടുങ്ങല്ലൂർ: ചികിത്സകൾ ഫലിച്ചില്ല, ഒടുവിൽ മണി ശ്രീനാരായണപുരം സെന്ററിനോടും കഴിഞ്ഞ എട്ടുവർഷത്തോളം ഓമനയായി കൊണ്ടുനടന്ന തൊഴിലാളികളോടും വിടപറഞ്ഞു.

To advertise here,

ശ്രീനാരായണപുരം സെന്ററിലെ 14-ഓളം വരുന്ന സി.ഐ.ടി.യു. യൂണിയൻ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒാട്ടോറിക്ഷാ തൊഴിലാളികൾക്കും തെരുവുപട്ടി മാത്രമായിരുന്നില്ല മണി. കുടുംബാംഗം കൂടിയായിരുന്നു. ലോഡ് ഇറക്കുമ്പോഴും കയറ്റുമ്പോഴും യൂണിയൻകാരോടൊപ്പം കാവലായി മണിയുണ്ടാകും.

എട്ടുവർഷത്തിനിടെ 50-ലധികം കുഞ്ഞുങ്ങൾക്ക് മണി ജന്മം നൽകി. എല്ലാത്തിനേയും നാട്ടുകാർ കൊണ്ടുപോയി വീടുകളിൽ വളർത്തുകയാണ്.

കഴിഞ്ഞ കുറച്ചുനാളായി ഭക്ഷണം കഴിക്കാനും മറ്റും മടികാണിക്കുകയും ചെറിയ ക്ഷീണവും കണ്ടപ്പോൾ പോഴങ്കാവിലുള്ള മൃഗാശുപത്രിയിൽ കാണിച്ച് ചികിത്സ നടത്തിയിരുന്നു. പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഗർഭപാത്രം പുറത്തേക്ക് വന്നതായി കണ്ടപ്പോൾ എടവിലങ്ങിലെ മൃഗാശുപത്രിയിലെത്തിച്ചു. കാൻസർ ആണെന്ന് കണ്ടതോടെ രണ്ട് പ്രാവശ്യം കീമോയ്ക്ക് വിധേയമാക്കി. പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ക്ഷീണിതയായി ചന്തയിൽത്തന്നെ കിടക്കുകയായിരുന്നു. ഭക്ഷണവും കഴിച്ചില്ല. രാത്രി പത്തുമണിയോടെ തൊഴിലാളികൾ മണിയെ വിരിയിൽ കിടത്തി പുതപ്പിച്ചാണ് വീടുകളിലേക്ക് മടങ്ങിയത്. പുലർച്ചെ തൊഴിലാളികളെത്തിയപ്പോഴാണ് ചത്തുകിടക്കുന്നത് കാണുന്നത്. നിരവധിയാളുകളുടെ സാന്നിധ്യത്തിൽ ചന്തയുടെ ഭാഗത്ത് കുഴികുത്തി കുഴിച്ചിട്ടു. തൊഴിലാളികളായ പി.ടി. സുരേഷ്‌കുമാറും ശരവണനുമാണ് മണിയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്നത്.