പാറശ്ശാല : യാത്രക്കാരുടെ ജീവനു ഭീഷണിയായിരുന്ന കാരോട് പഞ്ചായത്തിലെ അയിരക്കുളത്തിന് ഒടുവിൽ പൊതുമരാമത്ത് വകുപ്പ് സുരക്ഷാവേലി നിർമിച്ചു. അയിര-ചെങ്കവിള റോഡരികിലുള്ള കുളത്തിന് സംരക്ഷണവേലിയില്ലാത്തതിനാലുള്ള അപകടഭീഷണി ചൂണ്ടിക്കാട്ടി 'മാതൃഭൂമി' തുടർച്ചയായി നൽകിയ വാർത്തകളാണ് നടപടികളിലേക്കു നയിച്ചത്.അയിര-ചെങ്കവിള റോഡിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായിരുന്ന കുളത്തിന്റെ ബണ്ടിനോടു ചേർന്ന ഭാഗത്താണ് ഇപ്പോൾ സുരക്ഷാവേലി സ്ഥാപിച്ചിരിക്കുന്നത്. കാരോട്-മുക്കോല ബൈപ്പാസ് തുറന്നതോടെ കൊല്ലങ്കോട്, തുത്തൂർ, ഊരമ്പ് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഈ വഴിയാണ് കടന്നുപോകുന്നത്.
നടപ്പാതയില്ലാത്ത ഈ വീതികുറഞ്ഞ റോഡിലൂടെ വളരെ ബുദ്ധിമുട്ടിയാണ് കാൽനടയാത്രക്കാർ ഉൾപ്പെടെ സഞ്ചരിച്ചത്.
രണ്ടുവർഷം മുൻപ് നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നടത്തിയിരുന്നു. സുരക്ഷാവേലി നിർമിച്ച ആശ്വാസത്തിലാണ് പ്രദേശവാസികൾ.
സമാനമായ രീതിയിൽ അപകടഭീഷണിയിലുള്ള കുളമാണ് പരശുവയ്ക്കൽ പൊന്നംകുളം. കരമന-കളിയിക്കാവിള പാതയോടും പരശുവയ്ക്കൽ-ആടുമൻകാട് റോഡിനോടും ചേർന്നുള്ള ഈ കുളത്തിന് സംരക്ഷണഭിത്തിയോ വേലിയോ ഇല്ല. ഇവിടെയും സുരക്ഷാവേലി നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Published: 16 Nov 2026, 12:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented