ജപ്തിക്കെത്തിയത് മന്ത്രിയുടെ ഇടപെടൽ അവഗണിച്ച്
വെള്ളനാട് : വെള്ളനാട് ഗ്രാമപ്പഞ്ചായത്തിലെ കുളക്കോടിൽ ജപ്തിനടപടികൾക്കെത്തിയ കേരള ബാങ്ക് ജീവനക്കാരെ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കുളക്കോട് കിഴക്കുംകര തിരുവോണത്തിൽ രാമചന്ദ്രന്റെ വീട്ടിൽ ജപ്തിക്കെത്തിയ കേരള ബാങ്ക് ഏരിയ മാനേജർ ശിവകുമാർ, വെള്ളനാട് ബാങ്ക് മാനേജർ രതികുമാരി, ജീവനക്കാരി അനിത എന്നിവരെയാണ് തടഞ്ഞത്.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. രാമചന്ദ്രൻ മകളുടെ ആവശ്യത്തിനായി ആറ് സെന്റ് വസ്തുവും വീടും ഈടുവെച്ച് ഭാര്യ അജിതയുടെ പേരിൽ വെള്ളനാട് കേരള ബാങ്കിൽനിന്നു എട്ടുവർഷം മുമ്പ് നാലുലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ, ഈ തുക അടച്ചുതീർക്കാൻ രാമചന്ദ്രന് കഴിഞ്ഞില്ല. വായ്പാത്തുക പലിശസഹിതം 11 ലക്ഷത്തോളമായി. ഈ തുക കഴിഞ്ഞ മാസം 31-നുമുൻപ് തിരിച്ചടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ അദാലത്തിൽ തുക അഞ്ചു ലക്ഷമായി കുറവ് ചെയ്തു. എന്നാൽ ഈ തുക തിരിച്ചടയ്ക്കാൻ സാവകാശം വേണമെന്ന് രാമചന്ദ്രനും കുടുംബവും ആവശ്യപ്പെട്ടു. ഇവർ പരാതിയുമായി വകുപ്പുമന്ത്രി എം. ലിജുവിനെ സമീപിച്ചു.
സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ ആശ്വാസ് പദ്ധതിയുടെ തീയതി നീട്ടിയതിനാൽ ജപ്തിനടപടികൾ നിർത്തിവെയ്ക്കാൻ മന്ത്രിയുടെ ഓഫീസിൽനിന്നു കേരള ബാങ്ക് സി.ഇ.ഒ.യ്ക്ക് നിർദേശം നൽകി. സി.ഇ.ഒ. വെള്ളനാട് ബാങ്ക് അധികൃതരെ വിവരമറിയിച്ചിട്ടും ജീവനക്കാർ ജപ്തിനടപടിക്കെത്തുകയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, പള്ളിത്തറ സുരേഷ്, സജിത, ഉറിയാക്കോട് സന്തോഷ്, കോൺഗ്രസ് വെള്ളനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിമൽകുമാർ, യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡൻറ് കുളപ്പട ഫിറോസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി വാളിയറ ഷാജി, എന്നിവരുടെ നേതൃത്വത്തിൽ ജപ്തിനടപടിക്കെത്തിയവരെ വീടിന്റെ കോമ്പൗണ്ടിൽ കയറ്റാതെ വഴിയിൽ തടഞ്ഞു. സ്ഥലത്തെത്തിയ അഡ്വ. ജനറൽ ഈ മാസം 30 വരെ സാവകാശം നൽകി ജപ്തിനടപടികൾ നിർത്തിവെയ്ക്കുന്നതായി അറിയിച്ചു. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞുപോയി.
എന്നാൽ, ആശ്വാസ് പദ്ധതി നീട്ടിയത് സഹകരണബാങ്കുകൾക്കാണെന്നും കേരള ബാങ്കിന് ബാധകമല്ലെന്നും രാമചന്ദ്രന്റെ പക്കൽനിന്നും അപേക്ഷ വാങ്ങി വായ്പാതിരിച്ചടവ് നീട്ടിക്കൊടുക്കാനാണ് കേരള ബാങ്ക് അധികൃതർ വീട്ടിൽ പോയതെന്നും ഏരിയ മാനേജർ ശിവകുമാർ അറിയിച്ചു.
Published: 04 Sept 2026, 12:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented