തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ പത്തുദിവസത്തെ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷം 13-ന് കൊടിയേറും. വൈകീട്ട് 4.30-ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റവ. ഡോ.ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കുശഷം ഇടവക വികാരി ഫാ. ഷാജു വില്യം കൊടിയേറ്റും.
ലത്തീൻ അതിരൂപതയുടെ നവതിയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷവും ക്രിസ്തുരാജത്വ തിരുനാളും ഇത്തവണ ഒരുമിച്ച് ആഘോഷിക്കുകയാണെന്ന് ഫാ. ഷാജു വില്യം പത്രസമ്മേളനത്തിൽ അറിയിച്ചു.
14-ന് വൈകീട്ട് 5.30-ന് നെയ്യാറ്റിൻകര രൂപത ബിഷപ്പ് എമരിത്തൂസ് റവ. ഡോ. വിൻസന്റ് സാമുവൽ, 15-ന് രാവിലെ ഏഴിന് വിശ്വാസപ്രഖ്യാപന റാലി നടക്കും. വൈകീട്ട് മൂന്നിന് പുതുക്കുറിച്ചി ഫെറോന വികാരി റവ. ഹൈസിന്ത് എം.നായകത്തിന്റെ മുഖ്യകാർമികത്വത്തിൽ ആംഗ്യഭാഷയിലെ സമൂഹദിവ്യബലി നടക്കും. 16-ന് വിജയപുരം രൂപത സഹായമെത്രാൻ റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽപ്പറമ്പിൽ, 19-ന് പുനലൂർ രൂപത ബിഷപ്പ് റവ. ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടക്കും. 21-ന് വൈകീട്ട് 5.30-ന് നെയ്യാറ്റിൻകര രൂപത എപ്പിസ്കോപ്പൽ വികാരി മോൺ. വിൻസെന്റ് കെ.പീറ്റർ നയിക്കുന്ന സന്ധ്യാവന്ദനപ്രാർഥന. 6.30-ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. തുടർന്ന് സമാപനശുശ്രൂഷ. തിരുനാൾ ദിനമായ 22-ന് 11 മുതൽ വെട്ടുകാട് സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 40000 പേർക്ക് വിരുന്നൊരുക്കും. വൈകീട്ട് 5.30-ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത റവ. ഡോ. തോമസ് ജെ.നെറ്റോയുടെ കാർമികത്വത്തിൽ തിരുനാൾ സമൂഹദിവ്യബലിയുണ്ടാകും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വൈകുന്നേരം 4.30-നും 5-നുമിടയിൽ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ വിമാനത്തിൽ പുഷ്പവൃഷ്ടിയുമുണ്ടാകും. തിരുനാളിന്റെ ഭാഗമായി നവംബർ 11 വരെ ഒരുക്കധ്യാനം നടക്കും. സമാപന ദിവസങ്ങളിൽ വൈകീട്ട് ലൈറ്റ് ആൻഡ് സൗണ്ട് ഷോയുണ്ടാകും. 27-ന് കൊടിയിറക്കും.
രാത്രി 11-ന് ശേഷം ബീച്ചിലേക്ക് പ്രവേശനമില്ല
തിരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി സി.പി.ജോണിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.
തിരുനാളിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഏഴു സ്ഥലങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. തിരഞ്ഞെടുത്ത വീടുകളിലും പാർക്കിങ് സൗകര്യമുണ്ടാകും. വെട്ടുകാട് ബീച്ചിൽ പൂർണസമയ ലൈഫ് ഗാർഡിന്റെ സേവനം ഏർപ്പെടുത്തി. സുരക്ഷാകാരണങ്ങളാൽ രാത്രി 11-ന് ശേഷം ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. മെഡിക്കൽ സംഘത്തിന്റെ സേവനം 24 മണിക്കൂറുമുണ്ടാകും. തിരുനാളിന് എല്ലാ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽനിന്നും പ്രത്യേക ബസ് സർവീസുകൾ നടത്തും. പ്രത്യേക ട്രെയിനുകൾക്ക് പേട്ട, കൊച്ചുവേളി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. പാരിഷ് കൗൺസിൽ സെക്രട്ടറി തോമസ് മാർഷൽ, വൈസ് പ്രസിഡന്റ് ആർ.ക്രിസ്റ്റുദാസ്, നിഷ ജെറോം, സ്റ്റെഫ്രിൻ അലക്സാണ്ടർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Published: 10 Nov 2026, 01:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented