പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വോഡഫോണ്‍ ഐഡിയയുടെ സൂപ്പര്‍ നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സര്‍ക്കിളുകള്‍ വിഭജിച്ച് ഈ രണ്ട് കേന്ദ്രങ്ങളും കൈകാര്യം ചെയ്യുന്നു. കേരളം ഉള്‍പ്പടെയുള്ള സര്‍ക്കിളുകളിലെ നെറ്റ് വര്‍ക്ക് ഈ കേന്ദ്രങ്ങളിലെവിടെയിരുന്നും നിരീക്ഷിക്കാം.

പുനെയിലെ വോഡഫോൺ ഐഡിയ SNOC യിലെ കസ്റ്റമർ എക്സ്പീരിയൻസ് സെന്റർ | Photo: Mathrubhumi
ഫോണിലെ നെറ്റ്‌വര്‍ക്ക് എപ്പോഴെങ്കിലും തടസപ്പെട്ടെന്ന് തോന്നിയാല്‍ അത് അല്‍പ സമയത്തിനുള്ളില്‍ തിരികെ വരുമെന്ന പ്രതീക്ഷ നമ്മള്‍ക്കുണ്ടാവാറുണ്ട്. ഡേറ്റയുണ്ടെങ്കിലും ഇന്റര്‍നെറ്റിന് വേഗമില്ല, കോള്‍ കണക്ടാവുന്നില്ല, മറ്റൊരാള്‍ക്ക് നിങ്ങളെ വിളിച്ചിട്ട് കിട്ടുന്നില്ല തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും ഉണ്ടാവാറുണ്ട്. ഒരു പക്ഷെ നമ്മള്‍ ചിന്തിക്കുക നമ്മളുടെ പ്രശ്‌നം മാത്രമായിരിക്കും. കോടിക്കണക്കിന് ജനങ്ങളുള്ള, വ്യത്യസ്തങ്ങളായ ഭൂപ്രകൃതികളില്‍ ജീവിക്കുന്ന ടെലികോം ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതാത് സേവനദാതാക്കളായ കമ്പനികള്‍ എങ്ങനെയാണ് പരിഹരിക്കുന്നത്? അതിന് പിന്നില്‍ ചിലരുടെ ഉറക്കമില്ലാത്ത രാത്രികളും നിരന്തര സേവനങ്ങളുമുണ്ട്. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയുടെ പുണെയിലെ സൂപ്പര്‍ നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്റര്‍ (എസ് നോക്- SNOC) സന്ദര്‍ശിച്ചപ്പോള്‍ അക്കാര്യം കൂടുതല്‍ വ്യക്തമായി.
ഇത് കേവലം വോഡഫോണ്‍ ഐഡിയയുടെ മാത്രം കാര്യമല്ല, ബിഎസ്എന്‍എലും, ജിയോയും എയര്‍ടെല്ലുമുള്‍പ്പടെ ലോകമെമ്പാടുമുള്ള ടെലികോം സേവനദാതാക്കള്‍ എങ്ങനെയാണ് തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കുന്നത് എന്നതിന്റെ ഉദാഹരണമായി എസ് നോകിനെ കാണാം.
വോഡഫോൺ ഐഡിയ, ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളിൽ ഒന്നാണ്. 5ജി വിന്യാസത്തിലും ഉപഭോക്തൃ അടിത്തറയിലും ജിയോ, എയർടെൽ എന്നിവരോട് താരതമ്യം ചെയ്യുമ്പോൾ പിന്നിലാണെങ്കിലും, സാങ്കേതികവിദ്യയിലും വൈദഗ്ധ്യത്തിലും വോഡഫോൺ ഐഡിയ ഒട്ടും പിന്നിലല്ല. ഒരു കാലത്ത് രാജ്യവ്യാപകമായി ആധിപത്യം പുലർത്തിയ വോഡഫോണിന്റെയും ഐഡിയയുടെയും ലയനത്തിലൂടെ രൂപംകൊണ്ട ഈ കമ്പനിയുടെ നാഡിമിടിപ്പ് ഇന്ന് പൂനെയിലും ഹൈദരാബാദിലും പ്രവർത്തിക്കുന്ന എസ് നോക് ആണ്.
ഒരു സാധാരണ ഓഫീസ് സെറ്റപ്പല്ല എസ് നോക്, വലിയ സ്‌ക്രീനുകളും, അതില്‍ നിരന്തരമായി മിന്നിമറയുന്ന ഡാറ്റകളും അതിന് മുന്നില്‍ നിശബ്ദരായി പണിയെടുക്കുന്ന ഒരു കൂട്ടമാളുകളും. രാജ്യത്ത് ഓരോ കോണിലുമുള്ള വിഐയുടെ നെറ്റ് വര്‍ക്കും അതിലെ പ്രശ്‌നങ്ങളും ഈ സ്‌ക്രീനില്‍ തത്സമയം കാണാം. അത് തത്സമയം വിലയിരുത്തി പരിഹാരം തേടാം. ടവറുകള്‍, ഫൈബര്‍ കേബിളുകള്‍ തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള നെറ്റ് വര്‍ക്ക് സംവിധാനങ്ങളിലെ പ്രശ്‌നങ്ങള്‍ എസ് നോക് അറിയും പരിഹരിക്കും. 24 മണിക്കൂറും തുടരുന്ന സേവനം.
രാജ്യസുരക്ഷയിലെ പ്രാതിനിധ്യം
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതിതീവ്ര സാഹചര്യങ്ങളില്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആശ്രയിക്കുന്നത് ഈ കേന്ദ്രത്തെയാണ്. അടുത്തിടെയുണ്ടായ 'ഓപ്പറേഷന്‍ സിന്ദൂര്‍'' സൈനിക നീക്കസമയത്ത് സര്‍ക്കാര്‍ നല്‍കിയ ഓരോ നിര്‍ദ്ദേശവും തല്‍ക്ഷണം നടപ്പിലാക്കിയത് ഈ കേന്ദ്രത്തില്‍ നിന്നാണ്. ചില പ്രദേശങ്ങളില്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുക, അല്ലെങ്കില്‍ സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ പ്രതിരോധ കവചമൊരുക്കുക തുടങ്ങിയ കാര്യങ്ങള്‍ തത്സമയം നടപ്പാക്കേണ്ടതുണ്ടായിരുന്നു. മനുഷ്യപ്രയത്‌നം (Manual) അതെല്ലാം ഈ കേന്ദ്രീകൃത സംവിധാനത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സാധിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യസമയത്ത് ശത്രുവിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ചില പ്രദേശങ്ങളില്‍ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയം ടെലികോം ടവറിലെ ചെറിയ എല്‍ഇഡി പ്രകാശം അപകടമായേക്കാമെന്ന ആശങ്ക ജനങ്ങളിലുണ്ടായി. സര്‍ക്കാര്‍ പ്രതിവിധി തേടി. ടവറുകളില്‍ ഓരോന്നിലേയും എല്‍ഇഡി നേരിട്ടെത്തി ഓഫാക്കുന്നത് അതും അത്തരമൊരു സാഹചര്യത്തില്‍ അത്ര എളുപ്പമായിരുന്നില്ല. അതിനായി 24 മണിക്കൂറിനുള്ളില്‍ പ്രത്യേകം സോഫ്റ്റ് വെയര്‍ വികസിപ്പിക്കുകയും ഈ ലൈറ്റുകള്‍ ഓഫാക്കുന്നതിനുള്ള അപ്‌ഡേറ്റ് ഓണ്‍ലൈനായി വിന്യസിക്കുകയും ചെയ്തു. ഒന്നും രണ്ടും ടവറുകളല്ല ആയിരക്കണക്കിന് ടവറുകളാണ് ഈ രീതിയില്‍ കൈകാര്യം ചെയ്തതെന്ന് വിഐയുടെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍
യുദ്ധസമയത്ത് മാത്രമല്ല വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കുക, പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയ്ക്കും എസ് നോക് കമ്പനിയെ സഹായിക്കുന്നു. ഗ്രൗണ്ട് ടീമുകളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു, നെറ്റ്‌വര്‍ക്ക് നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ വഴികളും ഈ കേന്ദ്രത്തില്‍ നിന്ന് ഏകോപിപ്പിക്കുന്നു. ഒരു പ്രതിസന്ധിക്ക് മുന്‍പ് തന്നെ എല്ലാ മുന്‍കരുതലുകളും ഇവര്‍ എടുക്കുന്നു.
സൈബറാക്രമണങ്ങള്‍
ടെലികോം നെറ്റ് വര്‍ക്കുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബറാക്രമണങ്ങള്‍. ഈ ആക്രമണങ്ങളെ ചെറുക്കാന്‍ എസ് നോകിന് ഒരു പ്രത്യേക സൈബര്‍ സുരക്ഷാ ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകൃത ഹാക്കര്‍മാരുമായി ചേര്‍ന്ന് അവര്‍ നിരന്തരം സുരക്ഷാ പരിശീലനങ്ങള്‍ നടത്തുകയും ചെയ്യുന്നു.ഓപ്പറേഷന്‍ സിന്ദൂര്‍ സാഹചര്യത്തിലും, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം പോലുള്ള പ്രധാന ദിവസങ്ങളിലുമെല്ലാം സൈബറാക്രമണം രൂക്ഷമാകാറുണ്ടെന്ന് കമ്പനി പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളും എസ്‌നോകിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.
പുനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വോഡഫോണ്‍ ഐഡിയയുടെ സൂപ്പര്‍ നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സര്‍ക്കിളുകള്‍ വിഭജിച്ച് ഈ രണ്ട് കേന്ദ്രങ്ങളും കൈകാര്യം ചെയ്യുന്നു. കേരളം ഉള്‍പ്പടെയുള്ള സര്‍ക്കിളുകളിലെ നെറ്റ് വര്‍ക്ക് ഈ കേന്ദ്രങ്ങളിലെവിടെയിരുന്നും നിരീക്ഷിക്കാം. പ്രശ്‌നങ്ങള്‍ കണ്ടെത്താം. 5ജിയിലേക്ക് കാലെടുത്തുവെക്കുന്ന വോഡഫോണ്‍ ഐഡിയയുടെ പ്രവര്‍ത്തനങ്ങളില്‍ എസ് നോകിന് സുപ്രധാന സ്ഥാനമുണ്ടാവും. നിലവില്‍ 17 സര്‍ക്കിളുകളിലായി 29 നഗരങ്ങളിലാണ് വോഡഫോണ്‍ 5ജി സേവനം നല്‍കുന്നത്. ഇത് വ്യാപിപ്പിക്കാനും രാജ്യത്തെ ടെലികോം മത്സരത്തില്‍ മുന്നേറാനുമുള്ള നീക്കത്തിലാണ് കമ്പനി.
Published: 23 Sept 2025, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented