
ലോകജനതയുടെ ജീവിതം അടിമുടി മാറ്റി മറിക്കുന്ന നൂതന ആശയങ്ങള്‍ ഗതാഗതരംഗത്ത് പരീക്ഷിക്കപ്പെടുന്നുണ്ട്. എയര്‍ കാറുകള്‍, സൂപ്പര്‍ സോണിക് വിമാനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈപ്പര്‍ ലൂപ്പ് ഉള്‍പ്പടെ അതില്‍ പെടും. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണുകള്‍ സങ്കല്‍പ്പിക്കാനാകാതിരുന്ന കാലത്തെ പോലെ തലയ്ക്ക് മുകളിലൂടെ നഗരങ്ങളിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയിലൂടെ വായുവില്‍ തലങ്ങും വിലങ്ങും പറന്നു നീങ്ങുന്ന എയര്‍ കാറുകളേയും കുറഞ്ഞ സമയം കൊണ്ട് ലോകത്തെവിയെും പറന്നെത്താന്‍ സഹായിക്കുന്ന, ശബ്ദവേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളും സുലഭമാവുന്ന ഒരു കാലം ഒരു പക്ഷെ നമ്മുക്കിപ്പോള്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കില്ലായിരിക്കാം. എന്നാല്‍, വ്യോമഗതാഗതരംഗത്തെ വിപ്ലവക്കാഴ്ചകള്‍ക്ക് അധികകാലം വേണ്ടിവരില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.
കോണ്‍കോര്‍ഡ് വിമാനം നിര്‍ത്തലായിട്ട് 20 വര്‍ഷം
പത്തും ഇരുപതും മണിക്കൂറുകളെടുത്ത് സഞ്ചരിച്ചിരുന്ന ദൂരം കേവലം രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ പറന്നെത്താന്‍ സാധിച്ച, വാണിജ്യാടിസ്ഥാനത്തില്‍ സേവനം നടത്തിയ കോണ്‍കോര്‍ഡ് എന്ന സൂപ്പര്‍ സോണിക് വിമാനം സേവനം അവസാനിപ്പിച്ചിട്ട് 2023 ജൂലായ് 25-ന് 20 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റേയും സഹകരണത്തില്‍ നിര്‍മിക്കപ്പെട്ടിരുന്ന 'കോണ്‍കോര്‍ഡ്' എന്ന സൂപ്പര്‍ സോണിക് വിമാനങ്ങള്‍ ഏകദേശം 27 വര്‍ഷക്കാലം വാണിജ്യാടിസ്ഥാനത്തില്‍ സേവനം നടത്തിയിരുന്നു. മണിക്കൂറില്‍ 2173 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കുമായിരുന്ന കോണ്‍കോര്‍ഡില്‍ ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേക്ക് വെറും മൂന്ന് മണിക്കൂറിന് താഴെ സമയം കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നു. ഈ വിമാനത്തിന് വേണ്ടി വന്ന ഭീമമായ ചെലവും 2000 ജൂലായ് 25-ന് വിമാനത്തിലുണ്ടായിരുന്ന 109 പേരുടെയും പുറത്തുണ്ടായിരുന്ന മൂന്ന് പേരുടേയും മരണത്തിനിടയാക്കിയ വന്‍ അപകടവുമാണ് കോണ്‍കോര്‍ഡ് സേവനം അവസാനിപ്പിക്കുന്നതിന് ഇടയാക്കിയത്.
കോണ്‍കോര്‍ഡ് സേവനം അവസാനിപ്പിച്ച് 20 വര്‍ഷം തികയുന്ന വേളയിലാണ് നാസ തങ്ങളുടെ പുതിയ സൂപ്പര്‍സോണിക് വിമാനമായ എക്‌സ് 59- ന്റെ പരീക്ഷണ പറക്കലുകള്‍ ആരംഭിക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. 'കോണ്‍കോര്‍ഡിന്റെ സന്താനം' അഥവാ സണ്‍ ഓഫ് കോണ്‍കോര്‍ഡ് എന്നാണ് ഈ വിമാനത്തെ വിശേഷിപ്പിക്കുന്നത്.

'കോണ്‍കോര്‍ഡിന്റെ പുത്രന്‍' നാസയുടെ എക്‌സ് 59
ക്വസ്റ്റ് (Quesst) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാസയുടെ ക്വയറ്റ് സൂപ്പര്‍സോണിക് ടെക്‌നോളജി പദ്ധതിക്ക് കീഴിലാണ് പൊതുഗതാഗതത്തിന് ഉപയോഗിക്കാനാവുന്ന ശബ്ദവേഗത്തെ മറികടക്കുന്ന വേഗമുള്ള എക്‌സ് 59 വിമാനം ഒരുക്കുന്നത്. വിമാനത്തിന്റെ നിര്‍മാണജോലികള്‍ ചെയ്യുന്ന ലോഖീദ് മാര്‍ട്ടിന്‍ എന്ന കമ്പനി വിമാനം ഇതിനകം പരിശോധനകള്‍ക്കായി റണ്‍വേയില്‍ എത്തിക്കാനൊരുങ്ങുകയാണെന്നും ഒമ്പത് മാസങ്ങള്‍ക്കൊടുവില്‍ ആദ്യപരീക്ഷണ പറക്കലുകള്‍ ആരംഭിക്കുമെന്നും ദി രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്കുള്ള വലിയ പ്രകമ്പനത്തോടുകൂടിയ ശബ്ദം ഇല്ലാതെയാണ് എക്‌സ് 59 വിമാനങ്ങള്‍ രൂപകല്‍പന ചെയ്യുന്നത്. കിലോ മീറ്ററുകള്‍ക്കപ്പുറം വരെ പ്രതിധ്വനിക്കുന്ന ഈ ശബ്ദം താഴെയുള്ള ജനങ്ങള്‍ക്ക് ശല്യമാവുന്നത് ഒഴിവാക്കാനാണ് നാസയുടെ ശ്രമം. സവിശേഷമായ രൂപകല്‍പനയനുസരിച്ച് ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുമ്പോഴുള്ള ഷോക്ക് വേവ് എക്‌സ് 59-ന് ഉണ്ടാവില്ല.
സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ഒരു വഴിക്ക് നടക്കുമ്പോള്‍ മറ്റൊരു മേഖല കേന്ദ്രീകരിച്ചും വ്യോമയാന വിദഗ്ജദര്‍ തകൃതിയായ ജോലികളിലാണ്. ലോകത്തെവിടെയും രണ്ട് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാനാകുന്ന സബ് ഓര്‍ബിറ്റല്‍ വിമാനങ്ങള്‍ക്ക് വേണ്ടിയാണത്.
ലണ്ടനില്‍നിന്ന് സിഡ്‌നിയിലേക്ക് വിമാനയാത്ര നടത്താന്‍ സാധാരണ നിലയില്‍ 22 മണിക്കൂര്‍ എടുക്കും. എന്നാല്‍, കേവലം പത്തുവര്‍ഷം കൊണ്ട് കൃത്യമായി പറഞ്ഞാല്‍ 2033 ആവുമ്പോഴേക്കും ഈ യാത്രാസമയം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്നാണ് ബ്രിട്ടന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനത്തില്‍ പറയുന്നത്.
എന്താണ് സബ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റുകള്‍ ?
ബഹിരാകാശ രംഗത്ത് സാധാരണ ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റ്, സബ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റ് എന്നിവ. എന്താണ് ഇവ അര്‍ഥമാക്കുന്നത്. ഒരു വാഹനം യാത്ര ചെയ്യുന്ന വേഗത്തെയാണ് ഇത് അര്‍ഥമാക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്താന്‍ സഹായിക്കുംവിധം ആ വാഹനം വേഗം കൈവരിക്കുമ്പോഴാണ് അത് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റ് ആയി മാറുന്നത്. ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നതിനായുള്ള റോക്കറ്റുകള്‍ അത്തരത്തിലുള്ളവയാണ്. എന്നാല്‍ സബ് ഓര്‍ബിറ്റലിന്റെ വേഗം അതിനും കുറവായിരിക്കും. ഇതിന് ഭ്രമണപഥത്തില്‍ എത്താനുള്ള അത്രയും വേഗം ഉണ്ടാവില്ല. വേഗത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത ദൂരം വരെ ഉയരുന്ന ഈ വാഹനം എഞ്ചിനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ തിരിച്ചിറങ്ങും.

ഒരു ഓര്‍ബിറ്റല്‍ വാഹനം ഭൂമിക്ക് മുകളില്‍ 201 കിലോ മീറ്റര്‍ ദൂരത്തെത്താന്‍ മണിക്കൂറില്‍ 28000 കിലോ മീറ്റര്‍ വേഗത്തില്‍ കുതിക്കേണ്ടതായി വരും. എന്നാല്‍, സബ് ഓര്‍ബിറ്റല്‍ വാഹനങ്ങള്‍ക്ക് 201 കിലോ മീറ്റര്‍ ഉയരത്തിലെത്താന്‍ മണിക്കൂറില്‍ 6000 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ മതി. സാധാരണ വാണിജ്യ വിമാനങ്ങളേക്കാള്‍ വേഗം (മണിക്കൂരില്‍ 925 കിലോ മീറ്റര്‍) കൂടുതലാണിത്.
കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ഓര്‍ബിറ്റല്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭൂമിയെ ഭ്രമണപഥത്തിലൂടെ ചുറ്റിവരാന്‍ സാധിക്കും. എന്നാല്‍, സബ് ഓര്‍ബിറ്റല്‍ വാഹനങ്ങള്‍ ബഹിരാകാശത്ത് എത്തുമെങ്കിലും ഭൂമിയെ ചുറ്റാതെ അല്‍പനേരത്തിനുള്ളില്‍ താഴേക്ക് തിരിച്ചിറങ്ങുകയും ചെയ്യും. ഇക്കാരണത്താല്‍ സബ് ഓര്‍ബിറ്റല്‍ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഭാരമില്ലായ്മ അനുഭവപ്പെടും.
റോക്കറ്റ് എഞ്ചിനുകള്‍ ഉപയോഗിച്ചാണ് സബ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റുകളുടെ യാത്ര. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗാലക്ടികും ആകാശയാത്ര നടത്തുന്നതിനായി ഉപയോഗിച്ച വിമാനങ്ങള്‍ക്ക് സമാനമായിരിക്കും ഇത്. റോക്കറ്റ് എഞ്ചിനുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് ഉയരുകയും പിന്നീട് ക്രമേണ ഭൂമിയില്‍ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചിറങ്ങുകയുമാണ് സബ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റ് ചെയ്യുക. ഇതുവഴി യാത്രാസമയം വളരെയധികം കുറയ്ക്കാനാവും. ഭൂമിയില്‍ എവിടേക്കും വെറും രണ്ട് മണിക്കൂറുകൊണ്ട് എത്തിച്ചേരാന്‍ ഇതുവഴി സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മുമ്പ് 2017-ല്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്ന സമയത്ത് ഇലോണ്‍ മസ്‌ക് സമാനമായ ഭൂഖണ്ഡാനന്തര യാത്രയെ കുറിച്ച് സംസാരിച്ചിരുന്നു. ഭൂഖണ്ഡങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് 100 യാത്രക്കാരെ സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ബഹിരാകാശം വഴി യാത്ര ചെയ്യാന്‍ സാധിക്കുന്നതിനെ കുറിച്ചാണ് അന്നദ്ദേഹം പറഞ്ഞത്. ന്യൂയോര്‍ക്കില്‍നിന്ന് ബെയ്ജിങിലേക്ക് ഒരു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുന്ന ചിറകുകളുള്ള പുനരുപയോഗം സാധ്യമായ റോക്കറ്റിനായുള്ള പദ്ധതി ചൈനീസ് കമ്പനിയായ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹിരാകാശ വിനോദസഞ്ചാരവും അതിവേഗ ഗതാഗതവും ലക്ഷ്യമിട്ടാണ് പദ്ധതി.
സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പുറത്തുവിട്ട വീഡിയോയില്‍ ഈ വാഹനത്തിന്റെ പ്രവര്‍ത്തനം വിശദമാക്കുന്നുണ്ട്. തൃകോണാകൃതിയില്‍ ഒരു വലിയ പാരാഗ്ലൈഡറിന് സമാനമായ ചിറകുകളോട് കൂടിയ വിമാനത്തില്‍ രണ്ട് വലിയ റോക്കറ്റ് ബൂസ്റ്ററുകളുംണ്ടാവും. ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞാല്‍ ഈ ചിറുകളില്‍ നിന്ന് വിമാനം വേര്‍പെടുകയും ബഹിരാകാശത്തുകൂടി സഞ്ചരിക്കുകയും ചെയ്യും. വിമാനത്തില്‍ നിന്ന് വേര്‍പെടുന്ന ചിറുകകള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങും സ്‌പേസ് എക്‌സ് ഉപയോഗിക്കുന്ന വെര്‍ട്ടിക്കല്‍ ലാന്റിങ് തന്നെയാണ് ഇതിലും ഉപയോഗിക്കുക.
പോയിന്റ് റ്റു പോയിന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നാണ് ഇത്തരം സ്‌പേസ് ഫ്ളൈറ്റ് യാത്രകളെ വിളിക്കുന്നത്. ഒരു ലക്ഷ്യസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള യാത്ര. ഇടയ്ക്ക് എവിടെയും നിര്‍ത്തില്ല. സാധാരണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഉപയോഗിക്കുന്ന റോക്കറ്റുകള്‍ക്കായുള്ള അത്രയും ചെലവ് ഇതിന് വേണ്ടിവരില്ല. എന്നതും പരമ്പരാഗത വിമാനങ്ങളേക്കാള്‍ വേഗം കൂടുതലാണ് എന്നതും ഇത്തരം സബ് ഓര്‍ബിറ്റല്‍ വാഹനങ്ങളുടെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വിമാനത്തിന്റെ ആദ്യ പരീക്ഷണം 2024-ല്‍ നടത്താനും 2025-ല്‍ ആളുകളെ ഇരുത്തി ആദ്യ പരീക്ഷണയാത്ര നടത്താനും സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ലക്ഷ്യമിടുന്നു. 2030-ഓടുകൂടി ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി.

സബ് ഓര്‍ബിറ്റല്‍ യാത്രകളുടെ സുരക്ഷയും വെല്ലുവിളികളും
ബഹിരാകാശം വഴി റോക്കറ്റ് എഞ്ചിനുകളില്‍ പറക്കുന്ന വിമാനങ്ങളിലുള്ള യാത്ര എത്തത്തോളം സുരക്ഷിതമായിരിക്കുമെന്ന ആശങ്ക ഉണ്ടാവാം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രധാന ശ്രദ്ധ അതില്‍ തന്നെയാണ്. വലിയ തീപ്പിടുത്ത സാധ്യതയുള്ള ഇന്ധനങ്ങളുടെ ഉപയോഗം ഈ അപകട സാധ്യതയേറ്റുന്നു. ബ്ലൂ ഒറിജിന്‍ തങ്ങളുടെ ബഹിരാകാശ വിമാനത്തില്‍ ഉപയോഗിച്ച ദ്രാവക പ്രകൃതി വാതകവും സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പില്‍ ഉപയോഗിച്ച ദ്രവ ഓക്‌സജനും ദ്രവ മീഥേനും വലിയ പൊട്ടിത്തെറിക്ക് സാധ്യതയുള്ള ഇന്ധനങ്ങളാണ്. അടുത്തിടെ സ്‌പേസ് എക്‌സ് നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്റ്റാര്‍ഷിപ്പ് കത്തിയമര്‍ന്നിരുന്നു. നാസ മുമ്പ് ഉപയോഗിച്ചിരുന്ന ബഹിരാകാശ വിമാനമായ സ്‌പേസ് ഷട്ടില്‍ 135 യാത്രകള്‍ നടത്തിയിട്ടുണ്ട്. രണ്ട് ഗുരുതരമായ അപകടങ്ങളാണ് സ്‌പേസ് ഷട്ടില്‍ നേരിട്ടിട്ടുള്ളത്.
ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിനിടെ യാത്രികര്‍ക്ക് ഉണ്ടാകാവുന്ന ശാരീരിക പ്രയാസങ്ങളാണ് ഇത്തരം യാത്രകളുടെ മറ്റൊരു പ്രധാന വെല്ലുവിളി. വിക്ഷേപണ സമയത്ത് ഉണ്ടാകുന്ന ജി-ഫോഴ്‌സ് നേരിടുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. വിക്ഷേപണ സമയത്തും ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നസമയത്തും ഈ ജി-ഫോഴ്‌സ് അനുഭവപ്പെടും. ശരീരത്തിലേക്കും തലയിലേക്കുമുള്ള രക്തക്കിന്റെ ഒഴുക്കിനെയും ഹൃദയമിടിപ്പിനേയും ഇത് ബാധിച്ചേക്കാം. ശ്വാസതടസം, താല്‍കാലികമായ കാഴ്ച നഷ്ടപ്പെടല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാവാം. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ ഭൂരിഭാഗം യാത്രികര്‍ക്കും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്നും ബഹിരാകാശ യാത്രികര്‍ക്ക് നല്‍കുന്ന പരിശീലനം യാത്രികര്‍ക്ക് നല്‍കേണ്ടതില്ലെന്നും സി.എ.എ. സ്‌പേസ് ടീമിന്റെ ആരോഗ്യ വിഭാഗം മേധാവിയായ ഡോ. ഖയാന്‍ അന്‍ഡേര്‍ട്ടന്‍ പറയുന്നു. എന്നാല്‍, യാത്രക്കിടെ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോധവല്‍കരണം നല്‍കേണ്ടിവരും.
യാത്രമാത്രമല്ല വിനോദസഞ്ചാരവും സബ് ഓര്‍ബിറ്റില്‍
അടുത്ത കാലത്തായി സബ് ഓര്‍ബിറ്റല്‍ ബഹിരാകാശ വിനോദ സഞ്ചാരം എന്ന ആശയത്തിന് വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്. ബ്ലൂ ഒറിജിന്‍, വിര്‍ജിന്‍ ഗാലക്ടിക് തുടങ്ങിയ കമ്പനികളാണ് ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തിയിട്ടുള്ളത്. പണം നല്‍കാന്‍ കഴിവുള്ള യാത്രികരെ ബഹിരാകാശത്തേക്ക് അല്‍പനേരത്തേക്ക് കൊണ്ടുപോവുന്നതിന് സാധിക്കുന്ന സബ് ഓര്‍ബിറ്റല്‍ ബഹിരാകാശ വാഹനങ്ങള്‍ ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. അല്‍പനേരം ബഹിരാകാശത്തെ ഭാരമില്ലായ്മ അനുഭവിക്കാനും ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കിക്കാണാനും ഈ യാത്രയിലൂടെ സാധിക്കും. സാധാരണ ബഹിരാകാശ യാത്രകളുമായി താരതമ്യം ചെയ്യുമ്പോള്‍ സബ് ഓര്‍ബിറ്റല്‍ യാത്രകള്‍ക്ക് ചെലവ് കുറവാണ്.
Sources
- https://www.theregister.com/2023/07/07/nasa_quiet_supersonic_jet/
- https://nypost.com/2023/07/22/new-flights-might-soon-get-us-anywhere-in-under-two-hours/
- https://www.ndtv.com/world-news/suborbital-flights-might-soon-take-you-to-any-point-on-earth-within-2-hours-study-4237556#pfrom=home-ndtv_featured
- https://interestingengineering.com/innovation/chinas-new-winged-rocket-can-soar-from-new-york-to-beijing-in-1-hour
- https://www.spacetransportation.com.cn/welcome.html
- https://www.space.com/suborbital-orbital-flight.html
Content Highlights: sub orbital flights take you anywhere in earth within two hours
Published: 27 Jul 2023, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented