
ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാനും വ്യത്യസ്ത ലക്ഷ്യങ്ങളെ ആക്രമിക്കാനും ശേഷിയുള്ള അഗ്നി-5 മിസൈല്‍ ഇന്ത്യ കഴിഞ്ഞ ദിവസമാണ് വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മള്‍ട്ടിപ്പിള്‍ ഇന്‍ഡിപ്പന്റന്‍ഡ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്‍.വി.) സാങ്കേതികവിദ്യ സജ്ജീകരിച്ച മിസൈലിന്റെ ആദ്യത്തെ പരീക്ഷണമായിരുന്നു അത്. 'മിഷന്‍ ദിവ്യാസ്ത്ര' എന്നപേരില്‍ നടന്ന പരീക്ഷണത്തിന്റെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച മിസൈല്‍ ഒഡീഷയിലെ ഡോ.എ.പി.ജെ. അബ്ദുള്‍കലാം ദ്വീപില്‍ നിന്നാണ് വിക്ഷേപിച്ചത്. രാജ്യത്തെ പ്രതിരോധവികസനത്തിലെ നാഴികക്കല്ല് എന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇതിനെ വിശേഷിപ്പിച്ചത്.
ഒരു മിസൈലില്‍ ആണവായുധമുള്‍പ്പെടെ ഒന്നിലേറെ ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുമെന്നതും വിവിധ ലക്ഷ്യങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുമെന്നതുമാണ് എം.ഐ.ആര്‍.വി. സാങ്കേതികവിദ്യയുടെ പ്രത്യേകത. അഗ്നി-5ന്റെ പരീക്ഷണവിജയത്തോടെ ഈ സാങ്കേതികവിദ്യ സ്വന്തമായുള്ള യു.എസ്., യു.കെ., റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുള്‍പ്പെട്ട സംഘത്തില്‍ ഇന്ത്യയും ഇടംനേടി. അതിര്‍ത്തിത്തര്‍ക്കം പുകയുന്നതിനിടയില്‍ ചൈനയ്ക്കുള്ള മുന്നറിയിപ്പായിക്കൂടി മിസൈല്‍പരീക്ഷണവിജയം വിലയിരുത്തപ്പെടുന്നു. എന്താണ് എം.ഐ.ആര്‍.വി. സാങ്കേതിക വിദ്യ? ചൈനയെ ലക്ഷ്യവെച്ച് വികസിപ്പിച്ച അഗ്നി-5-ല്‍ എം.ഐ.ആര്‍.വി. സാങ്കേതിക വിദ്യകൂടി സംയോജിപ്പിക്കുന്നതോടെ എന്ത് മാറ്റമാണ് വരുന്നത്? ഇത് എങ്ങനെയാണ് ഇന്ത്യയുടെ സൈനിക ശക്തിക്ക് മുതല്‍ക്കൂട്ടാകുന്നത് ?
എന്താണ് എം.ഐ.ആര്‍.വി. സാങ്കേതിക വിദ്യ?
മള്‍ട്ടിപ്പിള്‍ ഇന്‍ഡിപ്പന്റന്‍ഡ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്‍.വി.) സാങ്കേതികവിദ്യ പുതിയതല്ല. 1960-കളുടെ തുടക്കത്തില്‍, അമേരിക്കയും പഴയ സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് എം.ഐ.ആര്‍.വി. സാങ്കേതികവിദ്യ വികസിപ്പിച്ചത്. 1970-കളില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും ഇത് ഉപയോഗിച്ച് തുടങ്ങി. 1968-ല്‍ ആദ്യമായി പരീക്ഷിക്കുകയും 1970-ല്‍ പ്രവര്‍ത്തനസജ്ജമാകുകയും ചെയ്ത അമേരിക്കയുടെ മിനിറ്റ്മാന്‍ -3 ആണ് എം.ഐ.ആര്‍.വി. സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യത്തെ മിസൈല്‍. പരമ്പരാഗത മിസൈലുകള്‍ ഒരൊറ്റ പോര്‍മുന അല്ലെങ്കില്‍ ആയുധം മാത്രമാണ് വഹിക്കുന്നത്. എന്നാല്‍ എം.ഐ.ആര്‍.വി. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിസൈലുകള്‍ക്ക് ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ സാധിക്കും. അവയില്‍ ഓരോന്നിനും പ്രത്യേകം ലക്ഷ്യങ്ങള്‍ പ്രോഗ്രാം ചെയ്യാം. അതല്ലെങ്കില്‍ ഒന്നിന് പുറമേ ഒന്നായി ലക്ഷ്യത്തില്‍ എത്തിക്കാന്‍ കഴിയും. അതുവഴി ശത്രുവിന് ഉണ്ടാകുന്ന ആഘാതം വലുതായിരിക്കും.
ഒരു മിസൈലിന് വഹിക്കാന്‍ കഴിയുന്ന പേര്‍മുനകളുടെ എണ്ണം, മിസൈലിന്റെ രൂപകല്‍പ്പന, ഭാരം, വലിപ്പം, ശ്രേണി എന്നിവയെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയുടെ അഗ്നി -5ന് മൂന്ന് മുതല്‍ നാല് വരെ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയും 10 പോര്‍മുനകളോ അതിലധികമോ വഹിക്കാന്‍ കഴിയുന്ന മറ്റ് സംവിധാനങ്ങളുണ്ട്. എം.ഐ.ആര്‍.വി. ഒരു സങ്കീര്‍ണമായ സാങ്കേതികവിദ്യയാണ്. അമേരിക്ക, റഷ്യ, യു.കെ., ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളാണ് മുമ്പ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. 2017-ലും പിന്നീട് 2023-ലും അബാബീല്‍ എന്ന മിസൈലില്‍ ഈ സാങ്കേതികവിദ്യ പരീക്ഷിച്ചതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇസ്രയേലിന്റെ പക്കലും ഈ സാങ്കേതിക വിദ്യയുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ഒരു സംഘര്‍ഷ സാഹചര്യത്തിലും ഒരു രാജ്യവും എം.ഐ.ആര്‍.വി. സാങ്കേതികവിദ്യയുള്ള മിസൈല്‍ ഉപയോഗിച്ചിട്ടില്ല.
അഗ്നി പരമ്പര മിസൈലുകള്‍
ഇന്ത്യ വികസിപ്പിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ മുതല്‍ ഭൂഖണ്ഡാന്തരപരിധി വരെയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വരെ ഉള്‍പ്പെടുന്ന പരമ്പരയാണ് അഗ്നി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (Integrated Guided Missile Development Program) കീഴിലാണ് ഈ പരമ്പരയിലെ ആദ്യ മിസൈല്‍ അഗ്നി -ഒന്ന് വികസിപ്പിച്ചത്. 1989-ല്‍ പരീക്ഷിച്ച ഇതിന്റെ വിജയത്തിനു ശേഷം, അഗ്നി മിസൈല്‍ പദ്ധതിയുടെ തന്ത്രപ്രധാനമായ പ്രാധാന്യം മനസ്സിലാക്കി ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ നിന്ന് വേര്‍പെടുത്തി. രാജ്യത്തിന്റെ പ്രതിരോധ ബജറ്റില്‍ ഇതൊരു പ്രത്യേക പരിപാടിയായി നിശ്ചയിക്കുകയും തുടര്‍ന്നുള്ള വികസനത്തിന് മതിയായ ഫണ്ട് നല്‍കുകയും ചെയ്തു. നിലവില്‍ രാജ്യത്തിന്റെ ആയുധശേഖരത്തിലെ കരുത്തുറ്റ ആയുധങ്ങളാണ് അഗ്‌നി പരമ്പരയിലെ മിസൈലുകള്‍. അഗ്നി- ഒന്ന്, അഗ്നി- രണ്ട്, അഗ്നി - 3, അഗ്നി- നാല്, അഗ്നി- അഞ്ച്, അഗ്നി- 6, അഗ്നി- പ്രൈം എന്നിവയാണ് ഈ പരമ്പരയിലെ മിസൈലുകള്‍.
അഗ്നി ശ്രേണിയിലെ ആദ്യ മിസൈലായ അഗ്നി- ഒന്ന് ഒരു മധ്യദൂര ബാലിസ്റ്റിക് മിസൈലാണ്. 700 മുതല്‍ 1,200 കിലോമീറ്റര്‍ വരെയാണ് ദൂരപരിധി. 12 ടണ്‍ ഭാരവും 15 മീറ്റര്‍ നീളവുമുണ്ട്. മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അഗ്നി - രണ്ടും. 2,000 മുതല്‍ 3,500 കിലോ മീറ്റര്‍ വരെയാണ് ദൂരപരിധി. 2012 ഓഗസ്റ്റ് ഒന്‍പതിന് സേനയുടെ ശക്തിപ്രകടനത്തിലാണ് മിസൈല്‍ ആദ്യമായി അവതരിപ്പിച്ചത്. 3500 മുതല്‍ 5000 കിലോ മീറ്റര്‍ വരെ ദൂരപരിധിയുള്ള അഗ്നി- മൂന്നിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം 2006-ലായിരുന്നു. 48 ടണ്‍ ഭാരവും 17 മീറ്റര്‍ നീളവുമുള്ള അഗ്നി- മൂന്നിന് 2,490 കിലോ ഗ്രാം ഭാരമുള്ള പോര്‍മുന വഹിക്കാനാകും. അഗ്നി ശ്രേണിയിലെ നാലാമത്തെ മിസൈലിന്റെ ആദ്യ പരീക്ഷണവിജയം 2011 നവംബര്‍ 15-നായിരുന്നു. പിന്നീട് 2012 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തിനിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നു. 4000 കിലോമീറ്ററാണ് ദൂരപരിധി. 20 മീറ്റര്‍ നീളനും 17 ടണ്‍ ഭാരവുമുള്ള അഗ്നി-നാലിന് ഒരു ടണ്‍ വരെയുള്ള പോര്‍മുന വഹിക്കാനാകും. ഇന്ത്യയുടെ ഏറ്റവും കരുത്തേറിയ മിസൈലാണ് അഗ്നി- അഞ്ച്. 5000 കിലോമീറ്ററാണ് പ്രഖ്യാപിച്ച ദൂരപരിധി. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി- അഞ്ചിന് 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട്. അഗ്നി -അഞ്ച് ചൈന മുഴുവനായും അതിന്റെ സ്ട്രൈക്ക് പരിധിയില്‍ കൊണ്ടുവരുന്നു.

അഗ്നി മിസൈല്‍ പരമ്പരയിലെ ഏറ്റവും പുതിയ മിസൈലാണ് അഗ്നി-പ്രൈം അഥവാ അഗ്നി -പി. അഗ്നി - ഒന്ന്, അഗ്നി - രണ്ട് മിസൈലുകളുടെ പിന്‍ഗാമിയായാണ് ഡി.ആര്‍.ഡി.ഒ. അഗ്നി -പ്രൈം വികസിപ്പിച്ചത്. പരമ്പരയിലെ ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ മിസൈലാണിത്. ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന ഈ മിസൈലിന് 1,000 മുതല്‍ 2,000 കിലോ മീറ്റര്‍ വരെ അകലത്തിലുള്ള ലക്ഷ്യത്തില്‍ മാരക പ്രഹരമേല്‍പ്പിക്കാനാകും. രണ്ട് ഘട്ടങ്ങളുള്ള കാനിസ്റ്ററൈസ്ഡ് (ലോകകവചം) മിസൈലാണിത്. ഇതിന് ഏകദേശം 1,000 കിലോ ഗ്രാം പോര്‍മുന വഹിക്കാനാകും. ഒപ്പം ആണവ വാഹകശേഷിയുമുണ്ട്. ആണവവാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി പ്രൈമില്‍ പോര്‍മുന ഘടിപ്പിച്ച നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍, സാധാരണ മിസൈലുകളില്‍ വിക്ഷേപണത്തിന് തൊട്ടു മുമ്പാണ് പോര്‍മുന ഘടിപ്പിക്കുക. ഏറ്റവും വേഗത്തില്‍ ഏറ്റവും കൃത്യമായി ഏറ്റവും ലളിതമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മെച്ചം. തൊടുത്തുവിട്ടു കഴിഞ്ഞാലും നിയന്ത്രിക്കാമെന്നതും ലക്ഷ്യസ്ഥാനം ഉള്‍പ്പടെ മാറ്റാമെന്നതും അഗ്നി-പ്രൈമിന്റെ സവിശേഷതയാണ്. ഇതിനൊപ്പം അഗ്നി-ആറിന്റെ വികസനം നടക്കുകയാണ്. 12,000 കിലോ മീറ്റര്‍ വരെ ഇതിന് ദൂരപരിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
ചൈനയെ ലക്ഷ്യവെച്ച് വികസിപ്പിച്ച അഗ്നി-5
ചൈനയ്ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് വികസിപ്പിച്ച ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലാണ് ആഗ്നി-അഞ്ച്. ഇതിന് മുമ്പ് അഗ്നി-3 ആയിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന പരിധിയുള്ള മിസൈല്‍. മധ്യഇന്ത്യയില്‍ നിന്ന് വിക്ഷേപിച്ചാല്‍ ചൈനയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകളിലെ ലക്ഷ്യത്തിലെത്താന്‍ ഈ മിസൈല്‍ പര്യാപ്തമായിരുന്നില്ല. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും അതിന്റെ കിഴക്കന്‍ കടല്‍ത്തീരത്താണ് എന്നതും കൂടുതല്‍ ദൂരപരിധിയുള്ള ഒരു മിസൈല്‍ എന്ന ആവശ്യം അനിവാര്യമാക്കി. ഇതോടെയാണ് ഇന്ത്യ കൂടുതല്‍ ദൂരപരിധിയുള്ള അഗ്നി-5 വികസിപ്പിക്കുന്നത്. 3500 മുതല്‍ 5000 കിലോ മീറ്റര്‍ വരെ റേഞ്ചും രണ്ടുഘട്ടങ്ങളുമുണ്ടായിരുന്ന അഗ്നി-3 ന്റെ പരിഷ്‌കരിച്ച രൂപമാണിത്. അഗ്നി മൂന്നിന്റെ അടിസ്ഥാനരൂപകല്പനയില്‍ ഒരുഘട്ടംകൂടി ചേര്‍ത്താണ് അഗ്നി- 5ന്റെ നിര്‍മാണം. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന് പുറമേ പ്രധാന വ്യവസായ നഗരങ്ങളില്‍പോലും എത്താന്‍ കഴിയുന്ന അഗ്നി-5 സ്വന്തമായതോടെ ഏഷ്യയില്‍ ചൈനയ്ക്കുണ്ടായിരുന്നു മുന്‍തൂക്കത്തിന് വെല്ലുവിളി ഉയര്‍ത്താനായി. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്ക പൂര്‍ണമായും യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പകുതിയും മിസൈലിന്റെ പരിധിയില്‍ വരും.
2007-ലാണ് ഇന്ത്യ അഗ്നി- 5 വികസിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. നാല് മുതല്‍ 12 വരെ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ എന്ന രീതിയില്‍ വികസിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. നാല് വര്‍ഷത്തിനുള്ളില്‍ മിസൈല്‍ വികസിപ്പിക്കാനാകുമെന്നാണ് ആ സമയത്ത് കരുതിയത്. പക്ഷേ, 2012 ഏപ്രില്‍ 19-നാണ് അഗ്നി -5ന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള മിസൈലിന്റെ ആ പരീക്ഷണ വിക്ഷേപണം തന്നെ സമ്പൂര്‍ണ വിജയമായിരുന്നു. ആദ്യവിജയകരമായ പരീക്ഷണത്തിന് ശേഷം തന്നെ ഇന്ത്യ എം.ഐ.ആര്‍.വി. സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഡി.ആര്‍.ഡി.ഒ. വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ പരീക്ഷണ വിക്ഷേപണം 2013 സെപ്റ്റംബര്‍ 15-നായിരുന്നു. ഇതും വിജയകരമായിരുന്നു. 2015 ജനുവരിയില്‍ കാനിസ്റ്ററൈസ്ഡ് (ലോകകവചം) പതിപ്പ് വിജയകരമായി പരീക്ഷിച്ചു. തുടര്‍ന്നിങ്ങോട്ട് നിരവധി തവണ അഗ്നി-5 വിജയകരമായി പരീക്ഷിക്കപ്പെട്ടു.

ഔദ്യോഗികമായി അഗ്നി-5 ഒരു മധ്യദൂര ബാലിസ്റ്റിക് മിസൈലാണ്. 5000 കിലോമീറ്ററാണ് മിസൈലിന്റെ പ്രഖ്യാപിത ദൂരപരിധി. പക്ഷേ, ഇതിനെ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 5,500 കിലോമീറ്ററിലധികം ദൂരപധിയുള്ളവയാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍. മറുഭാഗത്ത് ചൈനീസ് ഉദ്യോഗസ്ഥര്‍ എല്ലായ്‌പ്പോഴും അഗ്നി-5 ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലയാണ് കണക്കാക്കുന്നത്. അഗ്നി-5 ന്റെ യഥാര്‍ത്ഥ ദൂരപരിധി 8,000 കിലോമീറ്ററാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 50 ടണ്‍ ഭാരമുള്ള അഗ്നി-5 മിസൈലിന്റെ ദൂരപരിധി നീട്ടാനുള്ള ഒരു മാര്‍ഗം അതിന്റെ ഭാരം കുറയ്ക്കുക എന്നതാണ്. മിസൈലിന്റെ ഭാരം ഗണ്യമായി കുറഞ്ഞതിനാല്‍ 7,000 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ പോലും ആക്രമിക്കാന്‍ പ്രാപ്തമായെന്ന് 2022 ഡിസംബറില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 20 ശതമാനത്തിലധികം ഭാരം കുറച്ചുവെന്നും അതിനാല്‍ മിസൈലിന് 7,000 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ കഴിയുമെന്നും പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പക്ഷേ, അഗ്നി-5 ന്റെ യഥാര്‍ഥ ദൂരപരിധി സര്‍ക്കാര്‍ ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയ്ക്ക് കരുത്താകുന്നതെങ്ങനെ?
ചൈന ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന എം.ഐ.ആര്‍.വി. സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിച്ചതായുള്ള ഇന്ത്യയുടെ ആദ്യ പരസ്യ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസത്തെ അഗ്നി-5 മിസൈല്‍ പരീക്ഷണം. 2012-ല്‍ അഗ്നി-5 ന്റെ ആദ്യ പരീക്ഷണം മുതല്‍ തന്നെ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ശ്രമത്തിലായിരുന്നു രാജ്യം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ഏതാണ്ട് 10 വര്‍ഷക്കാലത്തിലധികമായി ഈ സാങ്കേതിക വിദ്യയില്‍ ഗവേഷണം നടത്തുകയായിരുന്നു. എം.ഐ.ആര്‍.വി. സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതോടെ തന്ത്രപരമായ സ്ഥാനമാണ് ഇന്ത്യയും നേടിയെടുത്തത്. ഏഷ്യയിലെ സൈനികശക്തിയുടെ സൂത്രവാക്യം മാറ്റിയെഴുതുന്നതാണ് ഇന്ത്യയുടെ പുതിയ നേട്ടം. പതിനായിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള മിസൈലുകള്‍ ചൈനയുടെ ആയുധശേഖരത്തിലുണ്ട്. അഗ്നി 5 ലൂടെ ചൈനയെ പൂര്‍ണമായും പരിധിയിലാക്കാന്‍ സാധിച്ച ഇന്ത്യയ്ക്ക് മള്‍ട്ടിപ്പിള്‍ ഇന്‍ഡിപ്പന്റന്‍ഡ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ സാങ്കേതികവിദ്യ കൂടുതല്‍ കരുത്താകും.
5000 കിലോ മീറ്റര്‍ പ്രഖ്യാപിത ദൂരപരിധിയുള്ള അഗ്നി-5 മിസൈല്‍ ചൈനയെ ലക്ഷ്യംവെച്ച് വികസിപ്പിച്ചെടുത്തതാണ്. മിസൈലിന് അതില്‍കൂടുതല്‍ ദൂരപരിധിയുണ്ടെന്നാണ് ചൈന ആരോപിക്കുന്നത്. മിസൈലിന്റെ പ്രഖ്യാപിത പരിധിയില്‍ ചൈനയിലെ എല്ലാ പ്രധാന നഗരങ്ങളും വരുന്നു. പ്രത്യേകിച്ച് ചൈനയുടെ കിഴക്കന്‍ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍. ഇതിന് പുറമേയാണ് എം.ഐ.ആര്‍.വി. സാങ്കേതികവിദ്യകൂടി ചേര്‍ത്ത് അഗ്നി-5 പരിഷ്‌കരിച്ചത്. ഒരു മിസൈല്‍ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യങ്ങളെ തകര്‍ക്കാം എന്നത് തന്നെയാണ് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഗുണം. അഗ്നി-5 എം.ഐ.ആര്‍.വി. വിജയകരമായതോടെ ഇത് ഇന്ത്യയുടെ രണ്ടാം സ്ട്രൈക്ക് ശേഷിയെ ഉയര്‍ത്തുന്നതാണെന്നാണ് വിലയിരുത്തല്‍. ഏഷ്യയില്‍ നിലവില്‍ ചൈനയ്ക്ക് മാത്രമാണ് എം.ഐ.ആര്‍.വി. സാങ്കേതികവിദ്യ സ്വന്തമായുള്ളത്. പാകിസ്താന്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിജയിച്ചതായി സ്ഥിരീകരണമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സൈനിക ശക്തിയില്‍ വലിയ മുതല്‍ക്കൂട്ടാണ് ഈ വിജയം. അതേസമയം എം.ഐ.ആര്‍.വി സാങ്കേതികവിദ്യക്ക് വെല്ലുവിളികളും കുറവല്ല. ആയുധങ്ങളുടെ വലിപ്പം കുറയ്ക്കല്‍, നൂതന ഗതിനിര്‍ണയ സംവിധാനങ്ങളുടെ വികസനം, റീ എന്‍ട്രി വാഹനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കല്‍ എന്നിവയെല്ലാം ഇതിന് വെല്ലുവിളായാകും.
Content Highlights: Mission Divyastra Agni-5 missile with MIRV technology
Published: 16 Mar 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented