ബഹിരാകാശത്ത് നിന്ന് സോവിയറ്റ് യൂണിയനിലെ നിലയത്തിലേക്കെത്തിയ ആ വാക്കുകളിലൂടെ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. ഭൂമിയുടെ അതിരുകളും കടന്ന് ശൂന്യാകാശത്തിന്റെ അനന്തതയിലേക്കെത്തിയ ആദ്യത്തെ വനിതയുടേതായിരുന്നു ആ സന്ദേശം. ഒരു സ്ത്രീ ആദ്യമായി ബഹിരാകാശത്ത് പറന്നു നടക്കുന്നത് സോവിയറ്റ് യൂണിയനിലെയും യൂറോപ്പിലെയും വീടുകളിലിരുന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ ടിവിയില്‍ കണ്ടു. ഒറ്റയ്ക്ക് മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ആ പെണ്‍കുട്ടി ഒരു വൈമാനികയോ ശാസ്ത്രജ്ഞയോ ഒന്നുമായിരുന്നില്ല. ഫാക്ടറി തൊഴിലാളിയായിരുന്ന ഒരു സാധാരണക്കാരി... ലോകത്തിന്റെ പലഭാഗത്തും സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനോ വിദ്യാഭ്യാസം നേടാനോ പോലും അവകാശമില്ലാതിരുന്ന 1960കളുടെ തുടക്കകാലത്തായിരുന്നു ഈ ചരിത്രസംഭവം. സുനിത വില്യംസിനും കല്‍പന ചൗളയ്ക്കുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വോസ്ടാക് 6 വാഹനത്തില്‍ ബഹിരാകാശത്ത് സ്വപ്‌നങ്ങള്‍ വെട്ടിപ്പിടിക്കാനിറങ്ങിയ ഇരുപത്തിയാറുകാരിയുടെ പേര് വാലന്റീന തെരഷ്‌കോവ.
പാരാഷൂട്ടില്‍ നിന്ന് ബഹിരാകാശത്തേക്ക്
1937 മാര്‍ച്ച് ആറിന് റഷ്യയിലെ മാസ്‌ലെനിക്കോവ എന്ന സ്ഥലത്ത് ഒരു കര്‍ഷക കുടുംബത്തിലാണ് വാലന്റീന തെരഷ്‌കോവ ജനിക്കുന്നത്. അവളുടെ പിതാവ് ഒരു ട്രാക്ടര്‍ ഡ്രൈവറും മാതാവ് നെയ്ത്ത്‌തൊഴിലാളിയുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പിതാവ് വാലന്റീനയ്ക്ക് രണ്ടുവയസ്സുള്ളപ്പോള്‍ യുദ്ധഭൂമിയില്‍ വെച്ച് കൊല്ലപ്പെട്ടു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വാലന്റീനയും അമ്മയെ സഹായിക്കാനായി നെയ്ത്ത് ഫാക്ടറിയില്‍ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് ഒരു റബര്‍ ഫാക്ടറിയിലും ജോലി ചെയ്തു. ജോലിക്കൊപ്പം പഠനവും തുടര്‍ന്നു. ഫാക്ടറി ജോലികള്‍ക്കിടയിലും ആകാശത്തോട് വല്ലാത്ത പ്രണയമായിരുന്നു വാലന്റീനയ്ക്ക്. സ്വാഭാവികമായും ആ പ്രണയം അവളെ പാരഷൂട്ടിങ്ങിലേക്ക് എത്തിച്ചു. അമ്മയറിയാതെ വീടിനടുത്തുള്ള പാരഷൂട്ടിങ് ക്ലബ്ബില്‍ ചേര്‍ന്ന് പരിശീലനം നേടി. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമായി ക്ലബ്ബിലെത്തുന്നതെങ്കിലും ആദ്യ ചാട്ടത്തില്‍ ആകാശത്ത് നിന്നുള്ള വോള്‍ഗാനദിയുടെ കാഴ്ച അവളെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ആകാശത്ത് നിന്നുള്ള ചാട്ടം ഹരമായി മാറിയ വാലന്റീന ചെറിയ പ്രായത്തില്‍ തന്നെ 100ലേറെ തവണ പാരഷൂട്ടില്‍ ചാടി. രാത്രിയില്‍ പോലും വോള്‍ഗ നദിക്ക് മുകളിലെ ആകാശത്ത് നിന്ന് ചാടി അവള്‍ എല്ലാവരെയും വിസ്മയിപ്പിച്ചു. ഇതിനിടയില്‍ സോവിയറ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ കമ്മ്യൂണിസ്റ്റ് യൂത്ത് വിങ്ങില്‍ ചേരുകയും അതിന്റെ പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയാവുകയും ചെയ്തു.
യൂറി ഗഗാറിനിലൂടെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്ക് എത്തിച്ച് അമേരിക്കയുമായുള്ള ബഹിരാകാശ യുദ്ധത്തില്‍ (space race) ഒരുപാട് മുന്‍പന്തിയില്‍ എത്തിനില്‍ക്കുകയായിരുന്നു അന്ന് സോവിയറ്റ് യൂണിയന്‍. ഗഗാറിന്റെ ബഹിരാകാശയാത്ര സോവിയറ്റ് നാട്ടിലെ എല്ലാ മനുഷ്യരെയും വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. ഭൂമിക്കപ്പുറത്തേക്കുള്ള സ്വപ്‌നങ്ങള്‍ കുട്ടികളിലും യുവാക്കളിലുമെല്ലാം ഒരു ഹരമായി മാറുന്ന കാലം. ഇനി ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിക്കുന്നു. 1961 ല്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ചുമതലക്കാര്‍ സാക്ഷാല്‍ യൂറി ഗഗാറിനും സോവിയറ്റ് ചീഫ് ഡിസൈനര്‍ സെര്‍ഗെ കോരോല്യോവുമായിരുന്നു. 1963ല്‍ വിഭാവനം ചെയ്ത പദ്ധതിയിലേക്ക് വനിതാ സഞ്ചാരികളെ കണ്ടെത്താനും അവര്‍ക്കാവശ്യമായ പരിശീലനം നല്‍കാനും നടപടികളാരംഭിച്ചു. 30 വയസ്സില്‍ താഴെ പ്രായമുള്ള, 70 കിലോയില്‍ താഴെ ഭാരമുള്ള സ്ത്രീകള്‍ക്കായിരുന്നു അപേക്ഷിക്കാനാവുക. ഇന്നേവരെ ഒരു സ്ത്രീയും പോയിട്ടില്ലാത്ത, അപകടം നിറഞ്ഞ ബഹിരാകാശ യാത്രയ്ക്കായി 400 സോവിയറ്റ് യുവതികളാണ് അപേക്ഷ നല്‍കിയത്. നിരന്തരമായ പരീക്ഷകള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ 1962 ഫെബ്രുവരിയില്‍ അഞ്ചു പേരുടെ പട്ടിക തയ്യാറാക്കി. ഇവരില്‍ വാലന്റീന ഒഴിച്ചുള്ള നാലുപേരും ബിരുദപഠനവും സാങ്കേതിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയവരായിരുന്നു. കഠിനമായ പരിശീലനങ്ങളുടേതായിരുന്നു പിന്നീടുള്ള നാളുകള്‍. ബഹിരാകാശത്ത് അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെല്ലാം ഭൂമിയില്‍ കൃത്രിമമായി സൃഷ്ടിച്ച പരിശീലനങ്ങള്‍. ഈ ഘട്ടങ്ങളിലെല്ലാം അവര്‍ക്ക് പിന്തുണയും ആവേശവുമായി യൂറി ഗഗാറിന്‍ ഒപ്പമുണ്ടായിരുന്നു. സൈനിക- വ്യോമയാന പരിശീലനമുള്‍പ്പടെ പൂര്‍ത്തിയാക്കി ഇവരെ സോവിയറ്റ് എയര്‍ഫോഴ്‌സില്‍ ലഫ്റ്റനെന്റുമാരായി നിയമിച്ചു.
മൂന്ന് ദിവസം, 49 തവണ ഭൂമിയെ ചുറ്റി
തുടര്‍ന്ന് ഈ അഞ്ചുപേരില്‍ നിന്നും വാലന്റീന പോളോമാര്യോവ, വാലന്റീന തെരഷ്‌കോവ എന്നിവരെ അന്തിമ ദൗത്യത്തിനായി തിരഞ്ഞെടുത്തു. അക്കാലത്ത് കോസ്‌മോനട്ടുകള്‍ (ആസ്‌ട്രോനട്ടിന്റെ സോവിയറ്റ് പേര്) ബഹിരാകാശത്ത് നിന്ന് തിരിച്ച് ഭൂമിയിലെത്തുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പ് അവരുടെ ക്യാപ്‌സ്യൂളുകളില്‍ നിന്ന് പാരാഷൂട്ടില്‍ ഇറങ്ങണമായിരുന്നു. ദൗത്യത്തില്‍ ഏറെ നിര്‍ണായകമായ ഭാഗമായിരുന്നു ഇത്. ഇതില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അത് അവരുടെ ജീവന്‍ അപകടത്തിലാക്കുമായിരുന്നു. സ്വാഭാവികമായും പാരാഷൂട്ടിങ്ങിലും സ്‌കൈഡൈവിങ്ങിലും വാലന്റീനയ്ക്കുണ്ടായിരുന്ന മുന്‍പരിചയം ഏജന്‍സി പരിഗണിച്ചു. മുന്‍ സോവിയറ്റ് രക്തസാക്ഷിയായ കര്‍ഷകന്റെ പുത്രിയാണെന്നതും ഫാക്ടറി തൊഴിലാളി പശ്ചാത്തലവും വാലന്റീനയെ തിരഞ്ഞെടുക്കുന്നതില്‍ ഘടകമായി. അവര്‍ തന്നെയാണ് ഉചിതയായ വ്യക്തിയെന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ പാര്‍ട്ടിയും ഭരണാധികാരി നികിത ക്രൂഷ്‌ചേവും വിലയിരുത്തി. വോസ്ടാക് അഞ്ച്, ആറ് പേടകങ്ങളില്‍ ഒന്നിന് പിറകെ ഒന്നായി വാലന്റീന പോളോമാര്യോവയെയും വാലന്റീന തെരഷ്‌കോവയെയും ബഹിരാകാശത്തേക്ക് അയക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റുകയും വോസ്‌ടോക് അഞ്ചില്‍ വലേറി ബയ്‌കോവിസ്‌കി എന്ന പുരുഷ സഞ്ചാരിയെയും വോസ്‌ടോക് ആറില്‍ വാലന്റീന തെരഷ്‌കോവയെയും അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1963 ജൂണ്‍ പതിനാറിന് കസാക്കിസ്താനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് വോസ്ടാക് 6 അന്ന് ഇരുപത്താറുകാരിയായിരുന്ന വാലന്റീനയുമായി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ആര്‍പ്പുവിളികളോടെ ജന്മനാട് അവളെ അകലങ്ങളിലേക്ക് യാത്രയാക്കി. വാലന്റീനയുടെ റേഡിയോ സൈന്‍ ആയി നല്‍കിയത് സീഗള്‍ എന്ന വാക്കായിരുന്നു. വിജയകരമായി വിക്ഷേപണം നടന്നതിന് പിന്നാലെ വാലന്റീനയുടെ ആദ്യ സന്ദേശം ഭൂമിയിലേക്കെത്തി. മൂന്ന് ദിവസത്തോളം, കൃത്യമായി പറഞ്ഞാല്‍ 71 മണിക്കൂറും 12 മിനിറ്റും അവര്‍ ഒറ്റയ്ക്ക് ബഹിരാകാശത്ത് ചെലവഴിച്ചു. ഇത് അമേരിക്കയുടെ മെര്‍ക്കുറി ദൗത്യത്തിലെ മുഴുവന്‍ ആസ്ട്രനോട്ടുകളും കൂടെ ആകെ ചെലവഴിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. ബയ്‌കോവിസ്‌കിയും വോസ്ടാക് 5 ഉം മറ്റൊരു ഓര്‍ബിറ്റിലായിരുന്നു. ദൗത്യത്തിന്റെ രണ്ടാം ദിവസം ഇരു വാഹനങ്ങളും മൂന്ന് മൈലോളം അടുത്ത് വന്നെങ്കിലും തങ്ങള്‍ക്ക് അന്ന് പരസ്പരം കാണാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പിന്നീട് പറഞ്ഞു. വോസ്ടാക് 6 ല്‍ വാലന്റീന 49 തവണ ഭൂമിയെ ചുറ്റി. അതിനിടയില്‍ ക്രൂഷ്‌ചേവുമായും അവര്‍ സംസാരിച്ചു. ഇവരുടെ സംഭാഷണം സോവിയറ്റ് യൂണിയനിലുടനീളം ടി.വിയില്‍ സംപ്രേക്ഷണം ചെയ്തു. ഭൂമിയുടെയും ശൂന്യാകാശത്തിന്റെ നിരവധി ചിത്രങ്ങളും ഇതിനിടയില്‍ വാലന്റീന പകര്‍ത്തി. 1963 ജൂണ്‍ 19 ന് വോസ്ടാക് 6 ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി. 20,000 അടി ഉയരത്തിലെത്തിയപ്പോള്‍ വാലന്റീന പാരഷൂട്ടില്‍ ഭൂമിയിലേക്ക് കുതിച്ചെത്തി. അള്‍ട്ടായ് മേഖലയിലിറങ്ങിയ അവരെ ഗ്രാമീണര്‍ ഓടിയെത്തി പാരഷൂട്ടില്‍ നിന്ന് ഇറങ്ങാന്‍ സഹായിച്ചു.

വീരപുത്രിയെ സ്വീകരിച്ച് സോവിയറ്റുകള്‍
രാജ്യത്തിന്റെ വീരപുത്രിക്ക് സ്വപ്‌നതുല്യമായ സ്വീകരണമായിരുന്നു സോവിയറ്റ് നാട് ഒരുക്കിവെച്ചിരുന്നത്. മോസ്‌ക്കോയിൽ പതിനായിരങ്ങള്‍ ഒത്തുകൂടി. ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍, ഓര്‍ഡര്‍ ഓഫ് ലെനിന്‍ തുടങ്ങിയ പരമോന്നത പുരസ്‌കാരങ്ങള്‍ സമ്മാനിക്കപ്പെട്ടു. കൂട്ടത്തില്‍ മറ്റൊരു പ്രധാനപ്പെട്ട സമ്മാനവും വാലന്റീനക്കായി രാജ്യം കാത്തുവെച്ചിരുന്നു. യുദ്ധത്തില്‍ തന്റെ അച്ഛന്‍ മരിച്ചുവീണയിടം കണ്ടെത്തിത്തരണമെന്ന് അവര്‍ നേരത്തെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അത് അംഗീകരിച്ച സര്‍ക്കാര്‍ ആ സ്ഥലം കണ്ടെത്തി അവിടെ ഒരു സ്മാരകം തീര്‍ത്തു. ട്രാക്ടര്‍ ഡ്രൈവറായിരുന്ന തന്റെ പ്രിയപ്പെട്ട അച്ഛനുവേണ്ടി മകള്‍ ചക്രവാളങ്ങൾ താണ്ടി വന്ന് നക്ഷത്രങ്ങള്‍ക്കൊപ്പം തിളങ്ങി നേടിയെടുത്ത ഒരു അംഗീകാരം. തിരിച്ചെത്തിയപ്പോഴേക്കും വാലന്റീനയുടെ പ്രശസ്തി സോവിയറ്റ് നാടും കടന്ന് പോയിരുന്നു. പിന്നീടവര്‍ നിരവധി വിദേശ യാത്രകള്‍ നടത്തി. അന്താരാഷ്ട്ര വേദികളില്‍ സോവിയറ്റ് യൂണിയന്റെ മുഖമായി മാറി. വൈകാതെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
ഭൂമിയുടെ അങ്ങേയറ്റത്തെ ഒരു വനിതയുടെ നേട്ടം ഇങ്ങ് ഇന്ത്യയെയും കേരളത്തെയും ആവേശം കൊളിച്ചു. ബഹിരാകാശ വനിതയെന്ന തലക്കെട്ടില്‍ പിറ്റേ ദിവസം മാതൃഭൂമി വൈകാരികമായ ഒരു എഡിറ്റോറിയല്‍ എഴുതി. അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്‍ ക്രൂഷ്‌ചേവിനെ അഭിനന്ദിച്ച് സന്ദേശമയച്ചു. വാലന്റീനയുടെ ശബ്ദം ആകാശവാണി സംപ്രേക്ഷണം ചെയ്തു.
ബഹിരാകാശത്തേക്ക് പിന്നീടൊരിക്കലും പോയില്ലെങ്കിലും യൂറി ഗഗാറിന്‍ ബഹിരാകാശ പരിശീലന കേന്ദ്രത്തില്‍ ട്രെയിനറായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് ബഹിരാകാശ യാത്രികര്‍ വിവാഹിതരാവുന്ന അത്യപൂര്‍വതയ്ക്കും അക്കാലത്ത് ലോകം സാക്ഷിയായി. ബഹിരാകാശ യാത്രികനായിരുന്ന ആന്‍ഡ്രിയന്‍ നിക്കോളയേവും വാലന്റീനയും തമ്മിലുള്ള വിവാഹത്തില്‍ കാരണവസ്ഥാനത്ത് നിന്നത് ക്രൂഷ്‌ചേവായിരുന്നു.

ചരിത്രത്തിലെ ഏറ്റവു സുപ്രധാന ഏടുകളിലൊന്നായി മാറിയ ആ മഹത്തായ ബഹിരാകാശ യാത്ര കഴിഞ്ഞ് വാലന്റീന ഭൂമിയില്‍ തിരിച്ചെത്തിയിട്ട് ഇന്ന് പതിറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞു. ഇക്കാലയളവില്‍ ലോകക്രമം ഏറെ മാറി. സോവിയറ്റ് യൂണിയന്‍ തന്നെ ഇല്ലാതായി. മനുഷ്യന്‍ ശൂന്യാകാശത്തിന്റെ പുതിയ ദൂരങ്ങളിലേക്ക് അനായാസം കുതിക്കാന്‍ തുടങ്ങി. എങ്കിലും ഒരു സാധാരണ ഫാക്ടറി തൊഴിലാളിയായിരുന്ന ഒരു പെണ്‍കുട്ടി അരനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭൂമിയും കടന്ന് കുതിച്ച കഥ കേള്‍ക്കുമ്പോള്‍ ഇന്നും തലമുറകള്‍ ആവേശം കൊള്ളുന്നുണ്ട്. അന്നത്തെ 26കാരി കോസ്‌മോനട്ടിന് ഇന്ന് പ്രായം 88 വയസ്സാണ്. ഇന്നത്തെ റഷ്യയിലും അവര്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്. 2013ല്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ റഷ്യയിലെ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് അലക്സാണ്ടര്‍ നെവ്സ്‌കി പുരസ്‌കാരം നല്‍കി വാലന്റീനയെ ആദരിച്ചു.
Content Highlights: valentina tereshkova first woman in space
Published: 23 Mar 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented