അന്താരാഷ്ട്രബഹിരാകാശ നിലയത്തില്‍ കൂടുതല്‍ നാള്‍ കഴിയേണ്ടി വന്നതില്‍ തങ്ങള്‍ക്ക് യാതൊരു നിരാശയുമില്ലെന്ന് ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മോറും. ഏറ്റവും പുതിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും സമയം ലഭിച്ചിരുന്നെങ്കില്‍ മാത്രമേ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ എന്നും അവര്‍ പറഞ്ഞു.

To advertise here,

എട്ട് ദിവസം നീണ്ട ദൗത്യത്തിനായി ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു അത്. എന്നാല്‍ പേടകത്തിനുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും കാരണം സുനിതയ്ക്കും വില്‍മോറിനും കൂടുതല്‍ ദിവസം ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വന്നു. 

പേടകത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ മാസങ്ങള്‍ എടുത്തതോടെ സഞ്ചാരികളില്ലാതെ സ്റ്റാര്‍ലൈനര്‍ തിരികെ ഇറക്കാനും സഞ്ചാരികളെ 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ തിരികെ എത്തിക്കാനും നാസ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ ആറിന് സഞ്ചാരികളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയിലിറക്കി. സമയക്കുറവ് കാരണമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത് എന്ന് വില്‍മോര്‍ പറയുന്നു.

ഞങ്ങള്‍ക്ക് സ്റ്റാര്‍ലൈനറില്‍ തന്നെ തിരികെ വരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സമയപരിധി കുറവായിരുന്നു. വില്‍മോര്‍ പറഞ്ഞു. 

സ്റ്റാര്‍ലൈനറിന്റെ ത്രസ്റ്റര്‍ പ്രശ്‌നങ്ങളും തിരിച്ചുവരവിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സുനിത വില്യസും, വില്‍മോറും പങ്കെടുത്തിരുന്നു. പേടകം തിരിച്ചിറക്കാനുള്ള സമയവും തങ്ങള്‍ അതില്‍ തന്നെ തിരികെ വരണോ എന്നും തങ്ങള്‍ തന്നെ തീരുമാനിക്കേണ്ട ഘട്ടം വന്നുവെന്നും ഇരുവരും പറയുന്നു. 

ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നതില്‍ യാതൊരു നിരാശയും ഇല്ലെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ ഇരുവരും വ്യക്തമാക്കി. സ്റ്റാര്‍ലൈനര്‍ ദൗത്യം ഒരു പരീക്ഷണ ദൗത്യമാണെന്നും പ്രശ്‌നങ്ങള്‍ സംഭവിക്കുക സാധാരണമാണെന്നും ഇരുവരും ഊന്നിപ്പറഞ്ഞു. അപ്രതീക്ഷിതമായ വെല്ലുവിളികള്‍ കൈകാര്യം ചെയ്യേണ്ടത് ഒരു നാസ ബഹിരാകാശ സഞ്ചാരിയും ടെസ്റ്റ് പൈലറ്റും ആവുന്നതിന്റെ പ്രധാന വശങ്ങളിലൊന്നാണ്. 

തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അഭാവം അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

ബഹിരാകാശം സന്തോഷകരമായ ഇടമാണെന്ന് സുനിത വില്യംസ് പറഞ്ഞു. രണ്ട് വ്യത്യസ്ത പേടകങ്ങളില്‍ സഞ്ചരിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആകാംഷയുണ്ട്. ഞങ്ങള്‍ ടെസ്റ്റര്‍മാരാണ്, അതാണ് ഞങ്ങള്‍ ചെയ്യുന്നത്. രണ്ട് പേടകങ്ങളുടെയും വിലയിരുത്തലുകളുമായാണ് തങ്ങള്‍ തിരികെ എത്തുകയെന്നും സുനിത വില്യംസ് കൂട്ടിച്ചേര്‍ത്തു.