സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡൗണ്‍  ദൗത്യം ഓഗസ്റ്റ് 26 ന് വിക്ഷേപിക്കും. സ്വകാര്യ ബഹിരാകാശ യാത്രാ രംഗത്ത് ചരിത്രം കുറിക്കാന്‍ ലക്ഷ്യമിട്ടാണ് ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫ്‌ളോറിഡയിലുള്ള നാസയുടെ കെന്നഡി സ്പ്‌സേ സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കുക. 

To advertise here,

സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തവും അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യരെ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ ബഹിരാകാശത്തെത്തിക്കാനും ലക്ഷ്യമിട്ടാണ് ദൗത്യം ഒരുക്കിയിരിക്കുന്നത്. 

നാല് സഞ്ചാരികളാണ് പൊളാറിസ് ഡൗണ്‍ ദൗത്യത്തിലുണ്ടാവുക. കോടീശ്വര വ്യവസായി ജാരെഡ് ഐസാക്മാന്‍ ആണ് ദൗത്യത്തിന്റെ കമാന്‍ഡര്‍. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്റ്റനന്റ് കേണല്‍ സ്‌കോട്ട് കിഡ് പൊറ്റീറ്റ് ആണ് ദൗത്യത്തിലെ പൈലറ്റ്. ഇവര്‍ക്കൊപ്പം മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായി സ്‌പേസ് എക്‌സ് എഞ്ചിനീയര്‍മാരായ സാറാ ഗില്ലിസ്, അന്ന മെനോന്‍ എന്നിവരും ദൗത്യത്തിന്റെ ഭാഗമാവും. 

പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്. ജാരെഡ് ഐസാക്മാന്‍ തന്നെയാണ് ദൗത്യങ്ങളുടെ ചെലവ് വഹിക്കുന്നത്. 2021 സെപ്റ്റംബറില്‍ നടന്ന ഇന്‍സ്പിരേഷന്‍ 4 ദൗത്യത്തിന് നേതൃത്വം നല്‍കിയതും ഐസാക്മാന്‍ ആയിരുന്നു.

നേരത്തെ നാസയുടെ ക്രൂ 9 വിക്ഷേപണം നടത്തുന്നതിന് വേണ്ടി പൊളാരിസ് ഡൗണ്‍ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകം തിരിച്ചിറക്കാനാകാത്തതിനെ തുടര്‍ന്ന് പേടകത്തില്‍ നിലയത്തിലെത്തിയ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും അടുത്ത വര്‍ഷം വരെ നിലയത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ക്രൂ 9 വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. 

പൊളാരിസ് ഡൗണ്‍ ലക്ഷ്യങ്ങള്‍

ചരിത്രത്തില്‍ ആദ്യത്തേത് എന്ന് പറയാനാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് പൊളാരിസ് ഡൗണ്‍ ദൗത്യം ഒരുങ്ങുന്നത്. അവ താഴെ പറയുന്നു.

  • സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം (സ്‌പേസ് വാക്ക്)
  • ഭൂമിയില്‍ നിന്ന് 700 കിമീ ഉയരത്തില്‍ മനുഷ്യരെ എത്തിക്കുക, അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യര്‍ സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം
  • നാസ പുതിയതായി രൂപകല്‍പന ചെയ്ത എസ്‌ക്ട്രാ വെഹിക്കുലാര്‍ ആക്ടിവിറ്റി (ഇവിഎ) സ്‌പേസ് സ്യൂട്ടുകള്‍ ബഹിരാകാശത്ത് പരീക്ഷിക്കുക
  • സ്റ്റാര്‍ലിങ്കിന്റെ ലേസര്‍ അധിഷ്ടിത ആശയവിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളും
  • സെന്റ് ജൂഡ് ചില്‍ഡ്രന്‍ ആശുപത്രിയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കാനും ദൗത്യം ലക്ഷ്യമിടുന്നു.