ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം ഇന്ന് (സെപ്റ്റംബര്‍ 28). രണ്ട് യാത്രികരുമായി വിക്ഷേപിക്കുന്ന ക്രൂ 9 പേടകത്തിലാണ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ കൊണ്ടുവരിക. ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ഇരുവര്‍ക്കും പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലയത്തില്‍ തുടരേണ്ടി വരികയായിരുന്നു. 

To advertise here,

ഫ്‌ളോറിഡയിലെ കേപ്പ് കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ എസ്എല്‍സി-40 വിക്ഷേപണത്തറയില്‍ നിന്ന് മനുഷ്യരെ വഹിച്ചുള്ള ആദ്യ ബഹിരാകാശ വിക്ഷേപണമാണ് ക്രൂ 9. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 10.47 നാണ് വിക്ഷേപണം. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്മോസ് സഞ്ചാരിയായ അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് അഞ്ച് മാസങ്ങള്‍ നീണ്ട ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്.  

നേരത്തെ നാല് സഞ്ചാരികളെ ക്രൂ 9 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ സഞ്ചാരികളെ തിരികെ എത്തിക്കേണ്ടതിനാല്‍ രണ്ട് പേരെ ഒഴിവാക്കുകയായിരുന്നു. അഞ്ച് മാസം നീളുന്ന ദൗത്യം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. ഫെബ്രുവരിയില്‍ തന്നെ സുനിത വില്യംസും വില്‍മോറും അടക്കം നാല് സഞ്ചാരികള്‍ ഭൂമിയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.