മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആർട്ടെമിസ് പ്രോജക്ടിന് കാലതാമസം നേരിടുമെന്ന് റിപ്പോർട്ട്. 2026-ൽ ഫലപ്രാപ്തിയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന ദൗത്യം  2027 പകുതിയോടെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഏജൻസി വ്യാഴാഴ്ച അറിയിച്ചു. 

To advertise here,

2025 സെപ്റ്റംബറിൽ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ ബഹിരാകാശയാത്രികരെ  എത്തിക്കാന്‍ നിശ്ചയിച്ചിരുന്ന പാത്ത്ഫൈൻഡർ ദൗത്യവും(ആർട്ടെമിസ്-2) വൈകും. 2026 ഏപ്രിലിനു ശേഷമായിരിക്കും ദൗത്യം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.

ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശയാത്രികരെ വഹിക്കുന്ന ഓറിയോൺ പേടകത്തിന്റെ സാങ്കേതിക തകരാറുകളാണ് ദൗത്യം വൈകുന്നതിന് പിന്നിലെന്നാണ് വിവരം. 2022 ൽ മനുഷ്യനില്ലാതെ നടത്തിയ ആർട്ടെമിസ് I ദൗത്യത്തിനിടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെയെത്തുമ്പോൾ ഓറിയോൺ പേടകത്തിന്റെ ഹീറ്റ് ഷീൽഡ് കത്തിപ്പോയതായി നാസ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ കാലതാമസം നേരിടുന്നതാണ് പുതിയ ദൗത്യം വൈകുന്നതിന് പിന്നിലെന്നാണ് വിവരം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഘര്‍ഷണം മൂലമുണ്ടാകുന്ന കടുത്ത താപത്തില്‍ നിന്ന് പേടകത്തെ സംരക്ഷിക്കാനുള്ളതാണ് ഹീറ്റ് ഷീല്‍ഡ്

ബഹിരാകാശയാത്രികർക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യത മനസ്സിലാക്കാൻ സ്പേസ് ഏജൻസി വിപുലമായ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ഹീറ്റ് ഷീൽഡ് പ്രശ്നങ്ങളുടെ മൂലകാരണം തിരിച്ചറിയാൻ പരിശോധനയിൽ സാധിച്ചെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്ന ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എങ്ങനെ വീണ്ടും പ്രവേശിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നമെന്ന് നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പാം മെൽറോയും പറഞ്ഞു. 

2022-ൽ ആർട്ടെമിസ് -1 ദൗത്യം വിജയകരമായി പൂർത്തീകരിച്ചിരുന്നു. 25 ദിവസത്തെ ദൗത്യം പൂർത്തിയാക്കി 2022 ഡിസംബറിലാണ് ആർട്ടെമിസ്-1ലെ ആളില്ലാപേടകമായ ഓറിയോൺ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങിയത്. ആർട്ടെമിസ് ദൗത്യത്തിന്റെ രണ്ടാംഘട്ടം 2024 നവംബറിൽ നടക്കുമെന്നും 12 മാസത്തിനുശേഷം ആർട്ടെമിസ്-3 വിക്ഷേപിക്കുമെന്നും നാസ വ്യക്തമാക്കിയിരുന്നെങ്കിലും ദൗത്യം നീട്ടുകയായിരുന്നു.