അരനൂറ്റാണ്ടിനുശേഷം മനുഷ്യരാശി വീണ്ടും ചന്ദ്രനെ ലക്ഷ്യമിടുകയാണ്. ഉപഗ്രഹമെന്ന നിലയിലും ഭൂമിക്ക് ഏറ്റവും അടുത്തുള്ള ബഹിരാകാശവസ്തു എന്ന നിലയിലും അപ്പോളോ ദൗത്യകാലം മുതൽ പിന്നീട് വന്ന റോബോട്ടിക് ദൗത്യങ്ങളിലൂടെയെല്ലാം മനുഷ്യർ ചന്ദ്രനെക്കുറിച്ച് ഏറെ മനസ്സിലാക്കിയിട്ടുണ്ട്. നാസ മാത്രമല്ല, റഷ്യയും ചൈനയും ഇന്ത്യയുമെല്ലാം ചന്ദ്രനിൽ പേടകമിറക്കുകയും ഒട്ടേറെ പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇനിയുള്ള ആർട്ടെമിസ് ദൗത്യത്തിൽ മനുഷ്യർ ലക്ഷ്യമിടുന്നത് കേവലമൊരു സന്ദർശനം മാത്രമല്ല; അവിടെ മനുഷ്യരുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ്. ആർട്ടെമിസ് 2 ദൗത്യത്തിലൂടെ ചന്ദ്രനിലേക്കുള്ള മനുഷ്യരുടെ തിരിച്ചുപോക്ക് യാഥാർഥ്യമാകുന്നതിനുള്ള ആദ്യപടി കയറിയിരിക്കുന്നു. ആർട്ടെമിസ് 2 ദൗത്യത്തിന്റെ ലക്ഷ്യം ചന്ദ്രനെ വലംവെക്കലും സാങ്കേതികവിദ്യകളുടെ പരീക്ഷണവും വിവരശേഖരണവുമായിരുന്നു. ഇനിയാണ് ചരിത്രപ്രധാനമായ മൂൺ ലാൻഡിങ്.
ആർട്ടെമിസ് 3 ദൗത്യത്തിൽ ഇനിയെന്ത് ?
മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണ ദൗത്യം തന്നെ ആയിരിക്കും ഇത്. 2027 ൽ ഈ വിക്ഷേപണം നടത്താനാണ് നാസ ലക്ഷ്യമിടുന്നത്. ഓറിയോൺ പേടകത്തിന്റേയും ലാൻഡിങ് പേടകത്തിന്റേയും ഡോക്കിങ് സാങ്കേതിക വിദ്യയുടെ പരീക്ഷണമായിരിക്കും ഈ ദൗത്യത്തിൽ നടക്കുക.
ആർട്ടെമിസ് 4 - അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിൽ മനുഷ്യന്റെ കാൽവെപ്പ്
നിശ്ചയിച്ച പോലെ കാര്യങ്ങൾ നടന്നാൽ ആർട്ടെമിസ് ദൗത്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായിരിക്കും ആർട്ടെമിസ് 4 (Artemis IV). 1972-ലെ അപ്പോളോ 17-ന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കുക എന്നതാണ് ഇതിന്റെ പ്രാഥമികലക്ഷ്യം. ചരിത്രത്തിലാദ്യമായി മനുഷ്യൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ (South Pole) ഇറങ്ങുന്നത് ഈ ദൗത്യത്തിലൂടെയായിരിക്കും. ഇതിനുമുമ്പുള്ള അപ്പോളോ ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യഭാഗത്തുള്ള സമതലങ്ങളിലാണ് ഇറങ്ങിയത്. ചന്ദ്രോപരിതലത്തിൽ കാലുകുത്തുന്ന ആദ്യത്തെ വനിതയെയും ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയെയും (Person of color) ഈ ദൗത്യം ചന്ദ്രനിലെത്തിക്കും. 2028 ൽ ഈ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവം; രഹസ്യങ്ങളുടെ കലവറ, ജല സാന്നിധ്യം
മുൻകാല അപ്പോളോ ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യരേഖാ (equator) പ്രദേശങ്ങളിലാണ് ഇറങ്ങിയത്. എന്നാൽ മനുഷ്യർ ഇതുവരെ കാലുകുത്താത്ത, ഭൂപ്രകൃതിയിലും താപനിലയിലും തികച്ചും വ്യത്യസ്തമായ ഒരു ചുറ്റുപാടാണ് ദക്ഷിണധ്രുവത്തിലുള്ളത്. സൗരയൂഥത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ‘സൗത്ത് പോൾ ഐറ്റ്‌കെൻ ബേസിൻ’ ദക്ഷിണധ്രുവത്തിനടുത്താണ്. നിരന്തരം ഉൽക്കാവർഷം നടക്കുന്ന ഈ ഭൂപ്രദേശത്തെ സാംപിളുകൾ പഠിക്കുന്നതിലൂടെ ഭൂമിയുടേയും ചന്ദ്രന്റേയും ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കും.
ഇതിനെല്ലാം പുറമെ ഇവിടത്തെ ഐസ് രൂപത്തിലുള്ള ജലസാന്നിധ്യമാണ് ദക്ഷിണധ്രുവം തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം. മനുഷ്യന്റെ അതിജീവനത്തിന് എവിടെയാണെങ്കിലും വായുവും വെള്ളവും വേണം. ചന്ദ്രനിൽ സ്ഥിരവാസം ഉറപ്പിക്കാനുള്ള മനുഷ്യന്റെ സ്വപ്നങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ.
2008-ലെ ഇന്ത്യയുടെ ആദ്യ ചന്ദ്രയാൻ ദൗത്യമാണ് ചന്ദ്രന്റെ ഉപരിതലത്തിൽ ജലതന്മാത്രകളുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. പിന്നീട് പ്രത്യേകം തയ്യാറാക്കിയ ഒരു ബോയിങ് 747 എസ്.പി. വിമാനത്തിൽ ഘടിപ്പിച്ച നാസയുടെയും ജർമൻ സ്പേസ് ഏജൻസിയുടേയും സംയുക്ത ദൗത്യമായ സോഫിയ (SOFIA) ദൂരദർശിനിയും ചന്ദ്രന്റെ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിലും ജലതന്മാത്രകൾ (H2O) ഉണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ഈ കണ്ടെത്തലുകൾ നേരിട്ട് സ്ഥിരീകരിക്കാൻ ആർട്ടെമിസ് 3 സഞ്ചാരികൾക്ക് സാധിക്കും. അത് ഒരു സുപ്രധാന നാഴികക്കല്ലാകും. ചന്ദ്രനിൽ ഒരു താവളം നിർമിക്കാനുള്ള മനുഷ്യരുടെ സ്വപ്നങ്ങൾക്ക് അത് ശക്തിപകരും. ജലസാന്നിധ്യം കണ്ടെത്തിയാൽ അത് ശുദ്ധീകരിച്ച് കുടിവെള്ളമാക്കുക മാത്രമല്ല; അതിൽനിന്ന് ഓക്സിജനും ഹൈഡ്രജനും വേർതിരിച്ച് റോക്കറ്റ് ഇന്ധനമായും ശ്വാസവായുവായും ഉപയോഗിക്കാനാകും. ഇത് ദീർഘകാലവാസത്തിന് മനുഷ്യർക്ക് ശക്തിപകരും. ചന്ദ്രനിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള യാത്രകളിലെ ഇന്ധനപ്രതിസന്ധി പരിഹരിക്കപ്പെടും. ഭൂമിയിൽനിന്ന് വലിയ അളവിൽ ഇന്ധനം കൊണ്ടുപോവേണ്ട ആവശ്യം വരില്ല. അതിനുപകരം കൂടുതൽ യാത്രക്കാരെയോ പര്യവേക്ഷണ ഉപകരണങ്ങളോ ഉൾപ്പെടുത്താനാകും. ഇത് ചന്ദ്രനിൽ മനുഷ്യവാസകേന്ദ്രങ്ങൾ നിർമിക്കുകയെന്ന സ്വപ്നത്തിന് ആക്കംകൂട്ടും.
ലൂണാർ ഗേറ്റ് വേ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനെ വലംവെക്കുന്ന ബഹിരാകാശ കേന്ദ്രമായിരിക്കും ലൂണാർ ഗേറ്റ് വേ. ചന്ദ്രനിലേക്കുള്ള യാത്രയിൽ ഒരു ഇടത്താവളമായിട്ടാണ് ഇത് ഉപയോഗിക്കപ്പെടുക. ഒപ്പം ചന്ദ്രനുചുറ്റും സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കാനും ഇത് സഹായകമാകും. എന്നാൽ ആർട്ടെമിസ് 4 ദൗത്യത്തിൽ ഈ ഗേറ്റ് വേ ഉണ്ടാവാനിടയില്ല. അപ്പോളോ ദൗത്യങ്ങൾ പോയതുപോലെ ഭൂമിയിൽനിന്ന് നേരിട്ട് ചന്ദ്രനിൽ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓറിയോൺ (Orion) പേടകത്തിൽനിന്ന് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് (HLS) ലാൻഡറിലേക്ക് യാത്രികർ മാറിക്കയറും. അതിന് ശേഷം ലാൻഡറിന്റെ സഹായത്തോടെ ചന്ദ്രനിൽ ഇറങ്ങും. ഈ ഘട്ടത്തിൽ ഗേറ്റ് വേ ഉപയോഗിക്കില്ല. സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പോ, ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറോ ആയിരിക്കും ലാൻഡിങിനായി ഉപയോഗിക്കുക. ആർട്ടെമിസ് 4 ദൗത്യത്തിനുശേഷമായിരിക്കും ഗേറ്റ് വേയുടെ വിക്ഷേപണം.
ചാന്ദ്രത്താവളം
നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ആദ്യത്തെ സ്ഥിരമായ മനുഷ്യതാവളമാണ് ആർട്ടെമിസ് ബേസ് ക്യാമ്പ് (ABC). ബഹിരാകാശയാത്രികർക്ക് ഒന്നോ രണ്ടോ മാസത്തോളം ചന്ദ്രനിൽ തങ്ങി ഗവേഷണങ്ങൾ നടത്താൻ ഇതിലൂടെ സാധിക്കും.
മൂന്ന് ഘടകങ്ങളാണ് ഈ ബേസ് ക്യാമ്പിന് ഉണ്ടാവുക. ബഹിരാകാശയാത്രികർക്ക് താമസിക്കാനും ജോലി ചെയ്യാനുമുള്ള ഫൗണ്ടേഷൻ സർഫേസ് ഹാബിറ്റാറ്റ് ആണ് അതിൽ ആദ്യത്തേത്. ചന്ദ്രോപരിതലത്തിലൂടെ യാത്രികർക്ക് സഞ്ചരിക്കാനുള്ള ‘ലൂണാർ ടെറൈൻ വെഹിക്കിളും’ കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാനും അതിനുള്ളിൽതന്നെ താമസിക്കാനും കഴിയുന്ന ഒരു മൊബൈൽ ഹോം അഥവാ ‘ഹാബിറ്റബിൾ മൊബിലിറ്റി പ്ലാറ്റ്‌ഫോം’ എന്നിവയാണ് മറ്റുള്ളവ.
മനുഷ്യനെ ആദ്യമായി ചൊവ്വയിലെത്തിക്കാനുള്ള ഭാവി ദൗത്യങ്ങൾക്ക് ഒരു ചവിട്ടുപടിയായി വർത്തിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ദീർഘകാല ബഹിരാകാശയാത്രകൾക്ക് ആവശ്യമായ പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ചന്ദ്രനിൽ പരീക്ഷിച്ച് അവയുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താൻ ഈ ബേസ് ക്യാമ്പ് സഹായിക്കും.
ബഹിരാകാശരംഗത്തെ നവയുഗ മത്സരം
ശീതയുദ്ധകാലത്തെ യു.എസ്. - സോവിയറ്റ് ബഹിരാകാശമത്സരത്തെക്കുറിച്ച് ഏവർക്കുമറിയാം. മനുഷ്യന്റെ ആദ്യ ബഹിരാകാശയാത്രയും ചാന്ദ്രയാത്രയുമെല്ലാം സംഭവിച്ചത് അക്കാലത്താണ്. എന്നാൽ ഇപ്പോഴും അത്തരം ഒരു മത്സരം നടക്കുന്നുണ്ട്. അതിൽ യു.എസിന്റെ എതിർപക്ഷത്തുള്ള പ്രധാനി ചൈനയാണ്. ഈ മത്സരം കേവലം ചന്ദ്രനിൽ പോയി മടങ്ങിവരുന്നതിന് മാത്രമല്ല, മറിച്ച് ചന്ദ്രനിൽ മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ശാസ്ത്രകേന്ദ്രങ്ങൾ നിർമിക്കാനും അവിടെ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടുള്ളതാണ്.
ഇതിനകം നിരവധി ലൂണാർ ലാൻഡർ ദൗത്യങ്ങൾ നടത്തിയിട്ടുള്ള, സ്വന്തമായി ബഹിരാകാശ നിലയം പ്രവർത്തിപ്പിക്കുന്ന ചൈന, ആദ്യമായി മനുഷ്യരെ ചന്ദ്രനിൽ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. 2004-ൽ ആരംഭിച്ച ചൈനീസ് ലൂണാർ എക്‌സ്‌പ്ലോറേഷൻ പ്രോഗ്രാം (CLEP) ഇതിനകംതന്നെ ചാങ് ഇ (Chang'e) ദൗത്യങ്ങളിലൂടെ വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്. 2030-ന് മുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.
ആർട്ടെമിസ് ബേസ് ക്യാമ്പിന് സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ILRS) എന്ന പേരിൽ ഒരു ശാസ്ത്രഗവേഷണകേന്ദ്രം നിർമിക്കാൻ ചൈന ലക്ഷ്യമിടുന്നുണ്ട്. ആദ്യം റഷ്യയുമായി ചേർന്നാണ് ഈ പദ്ധതി തുടങ്ങിയതെങ്കിലും, യുക്രെയ്ൻ യുദ്ധവും റഷ്യയുടെ ബഹിരാകാശമേഖലയിലെ തകർച്ചയും കാരണം ചൈന ഇപ്പോൾ ഒറ്റയ്ക്കാണ് ഇതിന് പ്രധാനമായും നേതൃത്വം നൽകുന്നത്.
മനുഷ്യരെ ചന്ദ്രനിൽ എത്തിക്കുന്നതിനായി ലോങ് മാർച്ച് 10, പുനരുപയോഗിക്കാൻ സാധിക്കുന്ന ലോങ് മാർച്ച് 9 എന്നീ കൂറ്റൻ റോക്കറ്റുകളും ചൈന വികസിപ്പിക്കുന്നുണ്ട്. സഞ്ചാരികളെ വഹിക്കാനുള്ള പേടകവും തയ്യാറാക്കിവരികയാണ്.
ചൈനയ്ക്ക് മുമ്പ് വീണ്ടും ചന്ദ്രനിൽ മനുഷ്യരെ ഇറക്കാനും ജല ഐസിന്റേയും മറ്റ് ധാതുക്കളുടേയും സാന്നിധ്യമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആധിപത്യം സ്ഥാപിക്കാനുമാണ് യു.എസ്. ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യം അധികം വൈകാതെതന്നെ നാസ നടപ്പാക്കിയേക്കും. തങ്ങളുടെ മേഖലയുടെ ആധിപത്യം കൈയടക്കാനും മറ്റ് രാജ്യങ്ങളെ മാറ്റിനിർത്താനുമായി 1967-ലെ ഔട്ടർ സ്പേസ് ട്രീറ്റി വ്യവസ്ഥകൾ മറികടക്കുന്ന ആർട്ടെമിസ് അക്കോർഡ്‌സ് നാസ തയ്യാറാക്കുന്നുണ്ട്. ഇതനുസരിച്ച് ഒരു രാജ്യം ചന്ദ്രനിൽ പ്രവർത്തനം നടത്തുമ്പോൾ മറ്റുള്ളവർ ഇടപെടാതിരിക്കാനുള്ള സേഫ്റ്റി സോൺ ഉണ്ടാകും.
ചൈനയ്ക്ക് പുറമെ ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളും മനുഷ്യരെ ചന്ദ്രനിൽ ഇറക്കാനും അവിടെ കോളനി സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. അതിന് മുന്നോടിയായാണ് ഇന്ത്യ ഗഗൻയാൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ശേഷം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ സ്ഥാപിക്കാനും 2040-ഓടെ സ്വന്തം സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.
Content Highlights: NASA's Artemis 3 mission aims to land humans, including the first woman and person of color, on the lunar South Pole by 2027 to establish a permanent base and explore water ice resources.
Published: 11 Apr 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented