ക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ദിനോസറുകള്‍ എന്ന അപൂര്‍വ ജീവിവംശത്തെ മനുഷ്യന്‍ ക്ലോണിങ്ങിലൂടെ പുനസൃഷ്ടിക്കുന്നു. അവയെ പ്രദര്‍ശിപ്പിക്കാനായി ഒരു പാർക്ക് ഒരുക്കുന്നു. 1991-ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഒരുക്കിയ ജുറാസിക് പാര്‍ക്ക് എന്ന സിനിമയുടെ കഥയായിരുന്നു ഇത്. അന്ന് ആ സിനിമ കണ്ട് വിസ്മയിച്ച പലരും ഇതെല്ലാം യാഥാര്‍ഥ്യമായിരുന്നെങ്കിലെന്ന് ഒരു ഉള്‍ക്കിടിലത്തോടെയും ആവേശത്തോടെയും ഓര്‍ത്തിട്ടുണ്ടാകും. എന്നാല്‍, ദിനോസര്‍ സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ദിനോസറുകള്‍ പുനഃസൃഷ്ടിക്കപ്പെട്ടില്ല. അത്തരം ജീന്‍ എഡിറ്റിങ്ങുകള്‍ ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നും പലരും വിശ്വസിച്ചു. എന്നാലിപ്പോഴിതാ 12,500 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്ഭൂമിയില്‍ നിന്ന് വംശമറ്റുപോയ ഒരു ജീവിവര്‍ഗത്തെ പുനഃസൃഷ്ടിച്ചുവെന്ന അവകാശവാദത്തോടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കമ്പനി. ഗെയിം ഓഫ് ത്രോണ്‍സ് ഉള്‍പ്പടെയുള്ള വെബ്‌സീരിസുകളിലൂടെ പുതിയ കാലത്തിനും സുപരിചിതനായ ഡെയര്‍ വൂള്‍ഫ് എന്ന ഒരിനം ചെന്നായയെയാണ് ജീന്‍ എഡിറ്റിങ്ങിലൂടെ യുഎസ് ബയോടെക് കമ്പനിയായ കൊളോസല്‍ ബയോസയന്‍സ് വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, ഡെയര്‍ വൂള്‍ഫുകളില്‍ മാത്രം ഒതുങ്ങുന്നതല്ല കൊളോസല്‍ ബയോസയന്‍സിന്റെ സ്വപ്‌നങ്ങള്‍. മറ്റൊരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണവര്‍. ഒരു കാലത്ത് ഭൂമിയെ അടക്കിവാണിരുന്ന മാമത്തുകളെ പുനഃസൃഷ്ടിക്കുക. ആ ലക്ഷ്യവും തങ്ങളുടെ കയ്യെത്തും ദൂരത്തുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

To advertise here,

ലോകത്തിലെ ആദ്യത്തെ ഡീ എക്‌സ്റ്റിങ്ഷന്‍ കമ്പനിയെന്നാണ് കൊളോസല്‍ ബയോസയന്‍സ് സ്വയം അവകാശപ്പെടുന്നത്. ഡീ എക്‌സ്റ്റിങ്ഷന്‍ (de extinction) അല്ലെങ്കില്‍ റിസറക്ഷന്‍ ബയോളജി (resurrection biology) ആധുനിക ജൈവശാസ്ത്ര സാങ്കേതികവിദ്യയിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങളിലൊന്നാണ്. വംശനാശം സംഭവിച്ചു ഭൂമിയില്‍നിന്ന് ഇല്ലാതായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണിത്. വംശനാശം സംഭവിച്ച ജീവികളുടെ കോര്‍ ജീനുകളെ പുനരുജ്ജീവിക്കാനുള്ള രീതി തങ്ങള്‍ വികസിപ്പിച്ചെടുത്തതായി കൊളോസല്‍ ബയോസയന്‍സ് അവകാശപ്പെട്ടിരുന്നു. മാമത്തുകള്‍ മുതല്‍ ഡോഡോ പക്ഷിയും ടാസ്മാനിയന്‍ കടുവകളെയും വരെയുള്ള ജീവികളെ പുനഃസൃഷ്ടിക്കലാണ് കമ്പനിയുടെ ലക്ഷ്യം. 2021 ല്‍ ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ ഡോ. ജോര്‍ജ് ചര്‍ച്ചും സംരംഭകനായ ബെന്‍ ലാമും ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. ഡാലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ നിലവില്‍ 130 ശാസ്ത്രജ്ഞരാണ് ജോലി ചെയ്യുന്നത്. ഭൂമിയില്‍ വംശനാശം ഇല്ലാതാക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. 2050-ഓടെ ഭൂമിയിലെ പകുതിയോളം ജിവിവര്‍ഗങ്ങള്‍ക്കും വംശനാശം സംഭവിക്കുമെന്നും ഇത് മനുഷ്യരുടെ അതിജീവനത്തെയും സാരമായി ബാധിക്കുമെന്നും പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതായും ഇതിനെ തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

placeholder
കൊളോസല്‍ ബയോസയന്‍സ് പുറത്തുവിട്ട ഡെയര്‍ വൂള്‍ഫ് കുഞ്ഞിന്റെ ചിത്രം

13,000 വര്‍ഷം പഴക്കമുള്ള പല്ല്, 72,500 വര്‍ഷം പഴക്കമുള്ള തലയോട്ടി

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെനസ്വേല മുതല്‍ കാനഡ വരെയുള്ള അമേരിക്കന്‍ ഭൂപ്രദേശങ്ങളിലെ രാജാക്കന്മാരായിരുന്നു ഡെയര്‍ വൂള്‍ഫുകള്‍. സാധാരണ ചെന്നായകളെക്കാള്‍ വലിപ്പവും കട്ടിയുള്ള രോമവും വലിയ താടിയെല്ലുകളുമാണ് ഇവയുടെ പ്രത്യേകത. കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഇവയുടെ സാന്നിധ്യം എവിടെയും രേഖപ്പെടുത്തയിട്ടില്ല. എന്നാല്‍ ഈ പ്രദേശങ്ങളില്‍നിന്ന് നിരവധി തവണ ഇവയുടെ അസ്ഥികള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ കിട്ടിയ അസ്ഥികളുടെ സഹായത്തോടെയാണ് കൊളോസല്‍ ബയോസയന്‍സ് അസാധ്യമെന്ന് വിശ്വസിച്ചിരുന്ന ആ കാര്യം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഡെയര്‍ ചെന്നായയുടെ 13,000 വര്‍ഷം പഴക്കമുള്ള പല്ല്, 72,500 വര്‍ഷം പഴക്കമുള്ള തലയോട്ടി എന്നിവയില്‍നിന്ന് ഡിഎന്‍എ വേര്‍തിരിച്ച് ജീന്‍ എഡിറ്റിങ് നടത്തി ഗ്രേ വൂള്‍ഫ് എന്നയിനം ചെന്നായയുടെ അണ്ഡത്തില്‍ സന്നിവേശിപ്പിച്ചു. ഗ്രേ വുള്‍ഫിന്റെ ജനിതക വസ്തുക്കള്‍ CRISPR എന്ന ജനിതക എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 20 സ്ഥലങ്ങളില്‍ മാറ്റം വരുത്തി, ഡയര്‍ വുള്‍ഫിന്റെ പ്രത്യേകതകള്‍ പുനഃസൃഷ്ടിക്കുകയായിരുന്നു.

അങ്ങനെയുണ്ടാക്കിയ ഭ്രൂണം 'ഹൗണ്ട്' വിഭാഗത്തിലെ നായകളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് മൂന്നു ഡെയര്‍ ചെന്നായകളെ സൃഷ്ടിച്ചത്. റൊമുലുസ്, റെമുസ് എന്നിങ്ങനെയാണ് ആണ്‍ ചെന്നായകള്‍ക്കു പേര്. ഇവ ജനിച്ചത് 2024 ഒക്ടോബറിലാണ്. ഖലീസി എന്നു പേരിട്ടിരിക്കുന്ന പെണ്‍ചെന്നായ ജനിച്ചത് ഇക്കൊല്ലം ജനുവരിയിലും. അതീവ സുരക്ഷ സംവിധാനങ്ങളോടെ രഹസ്യകേന്ദ്രത്തിലാണ് ഈ ചെന്നായ് കുഞ്ഞുങ്ങളെ നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇവയെ 24 മണിക്കൂറും നിരീക്ഷിക്കാനും ആവശ്യമായ സംരക്ഷണം നല്‍കാനുമായി നിരവധി ശാസ്ത്രജ്ഞരും മൃഗഡോക്ടര്‍മാരും ഇവിടെയുണ്ട്. കാലക്രമേണ ഇവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും ഇവയുടെ അതിജീവന ശേഷിയും നിരീക്ഷിച്ച് ഇത്തരം മൃഗങ്ങളുടെ സാധ്യതകള്‍ വിലയിരുത്തുകയാണ് കമ്പനി.

placeholder
മാമത്തിന്റെ അസ്ഥികൂടം

മാമത്തുകള്‍ തിരിച്ചെത്തുമോ?

ചിത്രങ്ങളിലും കഥകളിലും ഭീകരരൂപികളായി തോന്നുമെങ്കിലും ആഫ്രിക്കന്‍ ആനകളുടെ വലുപ്പം മാത്രമുണ്ടായിരുന്ന ജീവികളാണ് വൂളി മാമത്തുകള്‍. പുല്ലു തിന്ന് ജീവിച്ച അവയുടെ കൊമ്പുകളും രോമക്കെട്ടുകളുമായിരുന്നു ശ്രദ്ധേയം. അഞ്ചുമീറ്റര്‍വരെ നീളമുള്ള കൊമ്പ്, തണുപ്പില്‍നിന്ന് രക്ഷനേടാനുള്ള വലിയ രോമക്കെട്ടുകള്‍ എന്നിവയായിരുന്നു ഇവയുടെ പ്രത്യേകതകള്‍. ഹോമോസാപിയന്‍സ് ആഫ്രിക്കയില്‍നിന്ന് ലോകംമുഴുവന്‍ വ്യാപിച്ച ഹിമയുഗം തന്നെയായിരുന്നു വൂളി മാമത്തുകളുടെയും കാലം. വേട്ടയാടി  ജീവിച്ച പ്രാചീന മനുഷ്യന് വിശപ്പടക്കാന്‍ മാംസമായും തണുപ്പകറ്റാന്‍ തുകലായും കുടിലുകള്‍ കെട്ടാന്‍ നിര്‍മാണവസ്തുക്കളായും വൂളി മാമത്തുകള്‍ മാറി. അതിനായി, ഹിമയുഗത്തിന്റെ അവസാനകാലത്ത് (ഇരുപതിനായിരം വര്‍ഷം മുമ്പുമുതല്‍ പതിനായിരം വര്‍ഷം മുമ്പുവരെയുള്ള കാലത്ത്) മനുഷ്യന്‍ വൂളി മാമത്തുകളെ വ്യാപകമായി വേട്ടയാടി. കാലാവസ്ഥയിലെ മാറ്റം അവയുടെ ആവാസവ്യവസ്ഥകള്‍ ദുര്‍ബലമാക്കി, ഭക്ഷ്യശൃംഖല നശിപ്പിച്ചു. ഒപ്പം മനുഷ്യന്റെ വേട്ടയാടലും കൂടിയായപ്പോള്‍ പതിനായിരം വര്‍ഷം മുമ്പ് മാമത്തുകള്‍ ഭൂലോകത്തുനിന്ന് ഇല്ലാതായി.

വൂളി മാമത്തുകളെ നാല് വര്‍ഷം കൊണ്ട് പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്നാണ് കൊളോസല്‍ ബയോസയന്‍സ് അവകാശപ്പെടുന്നത്. അതും സാക്ഷാല്‍ മാമത്തുകളെ തിരിച്ചെത്തിക്കാനായി കമ്പനി ഉപയോഗിക്കുന്നത് എലികളെയാണെന്നതാണ് മറ്റൊരു കൗതുകം. കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങള്‍ വൂളി മാമത്തിന്റെ ഡി.എന്‍.എ ഉപയോഗിച്ച് ജനിതകമാറ്റം വരുത്തിയ എലികളെ നിര്‍മ്മിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു. മാമത്തുകള്‍ക്കുള്ള പല പ്രത്യേകതകളോടു കൂടിയായിരുന്നു ഈ എലികള്‍ പിറന്നുവീണത്. മാമാത്തുകള്‍ക്കുണ്ടായിരുന്ന നീണ്ടതും ചുരുണ്ടതുമായ മേല്‍രോമങ്ങളും മുഖരോമങ്ങളും കൊഴുപ്പുമെല്ലാം പിറന്നുവീണ ഈ എലികള്‍ മാമാത്തുകളിലേക്കുള്ള യാത്രയിലേക്കുള്ള പ്രധാന പടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ മാമത്തുകളുടെ ജീനിലേക്കുള്ള വിശദാംശങ്ങള്‍ പലതും ഇപ്പോഴും അവ്യക്തമാണ്. ഡെയര്‍ വൂള്‍ഫുകളെ സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രക്രിയയാണ് മാമത്തുകളുടെ കാര്യത്തിലുണ്ടാവുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ആനകളുടെ ജീനോമിനെ ക്രിസ്പര്‍ സങ്കേതം ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത് സംയോജിപ്പിച്ചായിരിക്കും മാമത്തുകളെ സൃഷ്ടിക്കുക. ഇതിന്റെ നിരവധി ഘട്ടങ്ങള്‍ തങ്ങള്‍ പിന്നിട്ടതായാണ് കമ്പനി അവകാശപ്പെടുന്നത്. 2028-ഓടെ ആദ്യത്തെ മാമത്ത് കുഞ്ഞിനെ സൃഷ്ടിക്കാനാവുമെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന മാമത്ത് കുഞ്ഞ് എല്ലാ അര്‍ഥത്തിലും പൂര്‍ണമായ ഒരു മാമത്ത് ആയിരിക്കില്ലെന്നും കൂടുതല്‍ പരിക്ഷണങ്ങളിലൂടെ മാത്രമേ ഇത്തരത്തില്‍ ഒന്നിനെ സൃഷ്ടിക്കാനാവുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കുന്നു.

placeholder
ഡോഡോ പക്ഷിയുടെ അസ്ഥികള്‍

പിന്നാലെ ഡോഡോ പക്ഷിയും ടാസ്മാനിയന്‍ കടുവയും

മാമത്തുകളുടെ പരീക്ഷണങ്ങള്‍ തുടരുന്നതോടൊപ്പം തന്നെ ഡോഡോ പക്ഷിയെയും ടാസ്മാനിയന്‍ കടുവയെയും സൃഷ്ടിക്കാനുള്ള പരിപാടികള്‍ക്കും കൊളോസല്‍ ബയോസയന്‍സ് തുടക്കമിടും. മനുഷ്യരാല്‍ വംശമറ്റ ജീവിവര്‍ഗ്ഗമാണ് മൗറീഷ്യസിലെ ഡോഡോ പക്ഷികള്‍. വലിപ്പം കൂടിയതും പറക്കാന്‍ കഴിയാത്തതുമായ പക്ഷികളായിരുന്നു ഇവ. മനുഷ്യനൊപ്പം ദ്വീപിലെത്തിയ മറ്റു ജീവികളും ഇവയുടെ വംശനാശത്തിന് കാരണമായി. മനുഷ്യര്‍ വ്യാപകമായി വേട്ടയാടിയതിനൊപ്പം ഡോഡോകള്‍ മണ്ണിലുണ്ടാക്കിയ കൂടുകളും മുട്ടകളും ധാരാളമായി നശിപ്പിക്കപ്പെട്ടു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ നാവികരാണ് ഡോഡോ പക്ഷികളെ കുറിച്ചുള്ള ആദ്യ വിവരണം 1598-ല്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഒരു നൂറ്റാണ്ടിനുള്ളില്‍ അവസാന ഡോഡോയും ലോകത്തോടു വിടപറഞ്ഞു. 1662-ലാണ് ഏറ്റവും ഒടുവില്‍  മനുഷ്യന്‍ ഒരു ഡോഡോയെ കണ്ടതായി പറയപ്പെടുന്നത്. ഓക്സ്ഫോഡിലെ ആഷ്മോളിയന്‍ മ്യൂസിയത്തില്‍ ഡോഡോയുടെ മുഴുവന്‍ അസ്ഥികൂടം സൂക്ഷിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ കാണപ്പെട്ടിരുന്ന ഏറ്റവും വലിയ സഞ്ചി മൃഗമാണ് ടാസ്‌മേനിയയന്‍ കടുവ എന്ന പേരിലറിയപ്പെടുന്ന തൈലസീന്‍. കടുവയെന്ന് പേരിലുണ്ടെങ്കിലും ചെന്നായയുടെ മുഖമാണ് തൈലസീനിന്. പകര്‍ച്ചവ്യാധികളും വേട്ടയാടലും തൈലസീനുകളുടെ തിരോധാനത്തിനു കാരണമായി. 1936-നു ശേഷം തൈലസീനുകള്‍ ജീവിച്ചിരുന്നതായി രേഖകളൊന്നും തന്നെയില്ല. സിഡ്‌നിയിലെ ഓസ്‌ട്രേലിയന്‍ മ്യൂസിയത്തില്‍ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ടാസ്‌മേനിയന്‍ ചെന്നായയുടെ ഡി.എന്‍.എയുടെ ആവര്‍ത്തിച്ചുള്ള വിഭജനം സാധ്യമാക്കി ക്ലോണിങ്ങിലൂടെ പുതിയ ഒരിനത്തെ സൃഷ്ടിച്ചെടുക്കാനാണ് ശ്രമം നടക്കുന്നത്. 

ദിനോസര്‍ പാര്‍ക്കുകൾ ഉയരുമോ?

ഇതേ രീതിയിലുള്ള ഗവേഷണങ്ങള്‍ തുടര്‍ന്നാല്‍ ദിനോസറുകളെ പുനര്‍സൃഷ്ടിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. എന്നാല്‍ നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിന് സാധിക്കില്ല എന്ന് തന്നെയാണ് ഉത്തരം. ഒന്നാമത്തെ കാരണം ഡി.എന്‍.എ ലഭിക്കില്ല എന്നതാണ്. ഡെയര്‍ വൂള്‍ഫുകളും വൂളി മാമത്തുകളും അപ്രത്യക്ഷമായിട്ട് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ദിനോസറുകള്‍ ഇല്ലാതായിട്ട് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി. ഇത്ര പഴയ ഫോസിലുകളില്‍നിന്ന് പൂര്‍ണമായ ഡി.എന്‍.എ വേര്‍തിരിക്കാന്‍ സാധിക്കില്ല. ജുറാസിക് പാര്‍ക്കില്‍ പറയുന്ന പോലെ കൊതുകകളില്‍നിന്ന് ഡി.എന്‍.എ ലഭിക്കുമോ എന്ന അന്വേഷണം നടന്നെങ്കിലും അതും വിജയകരമായില്ല. അതോടൊപ്പം ഡെയര്‍ വൂള്‍ഫിന്റെ പരീക്ഷണങ്ങളില്‍ അടുത്ത ബന്ധുവായ ഗ്രേ വൂള്‍ഫിനെ കിട്ടിയെങ്കിലും ദിനോസറുകളുടെ കാര്യത്തില്‍ അത്തരം അടുത്ത ബന്ധുക്കളില്ല. പക്ഷികളും പല്ലികളുമെല്ലാം ജനതിക ബന്ധം പങ്കിടുന്നുണ്ടെങ്കിലും അവയില്‍നിന്ന് ദിനോസറുകളെ സൃഷ്ടിക്കാന്‍ സാധിക്കില്ല. എന്നാല്‍ ദിനോസര്‍ സവിശേഷതകളുള്ള ഹൈബ്രിഡ്‌ മൃഗങ്ങളെ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്.

placeholder
 കൊളോസല്‍ ബയോസയന്‍സിന്റെ സ്ഥാപകരായ ഡോ. ജോര്‍ജ് ചര്‍ച്ചും ബെന്‍ ലാമും

വിമര്‍ശനങ്ങള്‍

29 വര്‍ഷങ്ങള്‍ക്ക് മുന്‍പേയാണ് ക്ലോണിങ്ങിലൂടെ ആദ്യത്തെ ജീവി ജനിക്കുന്നത്. ഡോളി എന്ന ചെമ്മരിയാട്. സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെട്ട പ്രക്രിയയിലൂടെയായിരുന്നു ഡോളിയുടെ പിറവി. ഡോളി പിറന്ന് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ക്ലോണിങ് പോലുള്ള ശാസ്ത്രശാഖകള്‍ ലോകം പൂര്‍ണമായി ഉള്‍കൊണ്ടിട്ടില്ല. യാഥാസ്ഥിതികരുടെയും ഗൂഢാലോചന സിദ്ധാന്തക്കാരുടെയും വിമര്‍ശനങ്ങള്‍ പരിഗണിച്ചില്ലെങ്കിലും ഒരു വിഭാഗം ശാസ്ത്രജ്ഞരും കൊളോസല്‍ ബയോസയന്‍സിന്റെ ഡീ എക്‌സ്റ്റിങ്ഷന്‍ അവകാശവാദത്തെ എതിര്‍ക്കുന്നുണ്ട്. കമ്പനി സൃഷ്ടിച്ച നായകള്‍ പൂര്‍ണമായും പുരാതന ഡെയര്‍ വൂള്‍ഫുകളല്ലെന്നും ഗ്രേ വൂള്‍ഫിന്റ ഡി.എന്‍.എ എഡിറ്റ് ചെയ്ത ഒരു ഹൈബ്രിഡ് മാത്രമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ അവകാശവാദങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നാണ് ഇവരുടെ വിമര്‍ശനം.

ഡെയര്‍ വൂള്‍ഫുകളെയും മാമത്തുകളെയുമെല്ലാം തിരികെ കൊണ്ടുവരുന്നത് പാരിസ്ഥിതിക സന്തുലനത്തെ ബാധിക്കുമോ എന്ന ആശങ്കയും ചിലര്‍ക്കുണ്ട്. ഇത്തരം ജീവികള്‍ക്ക് പ്രകൃതിയില്‍ അതിജീവിക്കാന്‍ സാധിക്കുമോ എന്നതും അത് മറ്റ് ജീവിവര്‍ഗങ്ങള്‍ക്ക് ഭീഷണി ആവുമോ എന്നും സംശയിക്കുന്നവരുണ്ട്. അതോടൊപ്പം കോടിക്കണക്കിന് ഡോളറുകള്‍ ചിലവഴിച്ച് എന്നോ മണ്‍മറഞ്ഞുപോയ ജീവികളുടെ പൂര്‍ണമല്ലാത്ത പതിപ്പുകളെ പുനര്‍സൃഷ്ടിക്കുന്നതിന് പകരം വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന നിലവിലുള്ള ജീവികളെ സംരക്ഷിക്കാനുള്ള ഗവേഷണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് വാദിക്കുന്നവരുമുണ്ട്.