ആധുനിക നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ലെന്ന് പഠനം. ഇംഗ്ലണ്ടിലെ ലഫ്ബറോ യൂണിവേഴ്‌സിറ്റിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ദ്രുതഗതിയിലുള്ള വ്യവസായവത്കരണം മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചുവെന്നും അതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ മനുഷ്യ ശരീരം പാടുപെടുന്നുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

To advertise here,

ജനത്തിരക്കേറിയതും മലിനവുമായ നഗരങ്ങളും പ്രകൃതിയുമായുള്ള ബന്ധമില്ലായ്മയും അതിജീവനത്തിനും പ്രത്യുല്‍പാദനത്തിനും അത്യാവശ്യമായ പ്രധാനപ്പെട്ട ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്ന് പഠനം നടത്തിയ ഗവേഷകരെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

നഗരങ്ങളിലെ ജീവിതം പ്രത്യുല്‍പാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് വന്ധ്യത, ബീജങ്ങളുടെ എണ്ണക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. രോഗപ്രതിരോധ സംവിധാനത്തെയും നഗരജീവിതം ബാധിക്കാം. അതുവഴി അലര്‍ജികള്‍ക്കും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിക്കുന്നു. കൂടാതെ, മാനസികമായ കഴിവുകള്‍ കുറയാനും, മാനസിക വളര്‍ച്ചയെ മന്ദഗതിയിലാക്കാനും വാര്‍ധക്യം വേഗത്തിലാക്കാനും അത് ഇടയാക്കും. ഒപ്പം ശാരീരിക ശക്തിയും കായികക്ഷമതയും കുറഞ്ഞേക്കാം.

ലോകമെമ്പാടും നിലവില്‍ പ്രത്യുല്‍പാദന നിരക്ക് കുറയുകയും വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളിലായിരിക്കും താമസിക്കുക എന്ന് കണക്കാക്കപ്പെടുന്നു. അത് ഈ പ്രത്യാഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

''മനുഷ്യന്റെ ശാരീരിക ഘടന എക്കാലത്തും പ്രകൃതിദത്തമായ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടതായിരുന്നു. എന്നാല്‍ വ്യവസായവത്കരണം മനുഷ്യന് ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റി. എന്നാല്‍ മനുഷ്യ ശരീരത്തിന് അതിനോട് പൂര്‍ണ്ണമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതായത് മനുഷ്യര്‍ ആധുനിക നഗരജീവിതവുമായി ഇനിയും പൂര്‍ണമായി പൊരുത്തപ്പെട്ടിട്ടില്ല - ലഫ്ബറോ യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമന്‍ ഇവല്യൂഷണറി ഫിസിയോളജിയിലെ സീനിയര്‍ ലക്ചററായ ഡാനി ലോംഗ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

ലബോറട്ടറി പരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാപരമായ ഗവേഷണങ്ങള്‍ എന്നിവയില്‍ നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് ഈ പഠനം നടത്തിയതെന്ന് ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍ നിന്നുള്ള ഡാറ്റ അവലോകനം ചെയ്യുകയായിരുന്നു. നഗരങ്ങളില്‍ ജീവിക്കുന്നതിന്റെ ഹ്രസ്വകാല, ദീര്‍ഘകാല ഫലങ്ങള്‍ പഠനത്തിലൂടെ കണ്ടെത്തി.

നഗരത്തിലെ ശബ്ദമലിനീകരണം, ജനക്കൂട്ടം, ഗതാഗതം, ഡിജിറ്റല്‍ ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗം, പ്രകൃതിയുമായുള്ള പരിമിതമായ സമ്പര്‍ക്കം എന്നിവയാല്‍ ശരീരത്തിന്റെ സമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നിരന്തരം പ്രവര്‍ത്തനക്ഷമമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിക്കുന്നതിനും ഉറക്കക്കുറവിനും,ഏകാഗ്രത കുറയുന്നതിനും കാരണമായേക്കാം. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ സമ്മര്‍ദ്ദം, ബുദ്ധിപരമായ കഴിവ് കുറയല്‍, രോഗപ്രതിരോധ സംവിധാനത്തിലെ അസന്തുലിതാവസ്ഥ, പ്രത്യുല്‍പാദന ആരോഗ്യത്തിന്റെ തകര്‍ച്ച എന്നിവയിലേക്ക് നയിച്ചേക്കാം. മലിനവും ശബ്ദമുഖരിതവും തിരക്കേറിയതുമായ നഗര സാഹചര്യങ്ങള്‍ ശാരീരിക പ്രകടനത്തെ പ്രത്യേകിച്ച് കായികക്ഷമത ആവശ്യമുള്ള കാര്യങ്ങളെ മോശമായി ബാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.