
ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസം കഴിഞ്ഞ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരികെയെത്തുമ്പോള്‍ അപമാനഭാരത്തില്‍ തലതാഴ്ത്തുകയാണ് ലോകത്തെ വന്‍കിട വ്യോമയാന കമ്പനികളിലൊന്നായ ബോയിങ്. ബോയിങ് വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. യാത്രയിലുടനീളം അനുഭവപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളും ഒടുവില്‍ പരിഹരിക്കാനാവാത്ത വിധം ഇന്ധനചോര്‍ച്ചയും മറ്റ് പ്രശ്‌നങ്ങളും കാരണം സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ സഞ്ചാരികളെ തിരികെ എത്തിക്കുന്നില്ലെന്ന് നാസ തീരുമാനിച്ചു. ആളില്ലാതെയാണ് ഒടുവില്‍ സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കിയത്.
തുടക്കം മുതല്‍ തന്നെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകവുമായി ബന്ധപ്പെട്ട് പ്രതിസന്ധികളായിരുന്നു. 2010-ലാണ് കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന് വേണ്ടി നാസ സ്റ്റാര്‍ലൈനറിനെ തിരഞ്ഞെടുത്തത്. 2017-ല്‍ മനുഷ്യരെ വഹിച്ചുള്ള ആദ്യയാത്ര നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 2019 ഡിസംബര്‍ 20-നാണ് സ്റ്റാല്‍ലൈനറിന്റെ ആദ്യ ആളില്ലാ വിക്ഷേപണദൗത്യം നടത്തിയത്. എട്ട് ദിവസമാണ് ഈ ദൗത്യത്തിന് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ദൗത്യം രണ്ട് ദിവസമാക്കി ചുരുക്കുകയും പേടകം തിരിച്ചിറക്കുകയും ചെയ്തു. തുടര്‍ന്ന് 2019 ഡിസംബര്‍ 22-ന് പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്റ്സ് സ്പേസ് ഹാര്‍ബറില്‍ സുരക്ഷിതമായി ഇറക്കി. 2022 മേയ് 19-നാണ് പേടകത്തിന്റെ രണ്ടാം ആളില്ലാ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കി.

പിന്നീട് സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും വഹിച്ചുള്ള സ്റ്റാര്‍ലൈനറിന്റെ ആദ്യ ഫ്‌ളൈറ്റിനിടയിലും പ്രശ്‌നങ്ങളുണ്ടായി. റോക്കറ്റിന്റെ സെക്കന്റ് സ്റ്റേജിലെ വാല്‍വില്‍ കണ്ടെത്തിയ പ്രശ്നത്തെ തുടര്‍ന്ന് വിക്ഷേപണം മാറ്റിവെച്ചിരുന്നു. വിക്ഷേപണത്തിന് മുമ്പ് തന്നെ പലവിധ സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട പേടകം, ഒടുവില്‍ 2024 ജൂണ്‍ അഞ്ചിനാണ് വിക്ഷേപിച്ചത്.
24 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എന്നാല്‍, ഈ യാത്രയ്ക്കിടെ നാല് തവണ ഇന്ധനം ചോരുകയും സഞ്ചാരപാത ക്രമീകരിക്കുന്നതിനുള്ള ത്രസ്റ്ററുകള്‍ അഞ്ച് തവണ പരാജയപ്പെടുകയും ചെയ്തു. നിലയത്തില്‍ എത്തിയിട്ടും ഹീലിയം ചോര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും തിരിച്ചിറക്കം വൈകിയത്. പ്രശ്‌നം പരിഹരിക്കാന്‍ ബോയിങിന്റേയും നാസയുടേയും എഞ്ചിനീയര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെ സഞ്ചാരികളെ അവരുടെ സുരക്ഷ മാനിച്ച് അതേ പേടകത്തില്‍ തന്നെ തിരികെ ഇറക്കേണ്ടെന്ന് നാസ തീരുമാനിക്കുകയായിരുന്നു.

അപമാനഭാരത്തില്‍ ബോയിങ്
ഈ ദൗത്യത്തില്‍ ബോയിങ്ങിനുണ്ടായ ഏറ്റവും വലിയ തിരിച്ചടി തങ്ങളുടെ പേടകത്തില്‍ യാത്ര തിരിച്ച സഞ്ചാരികളെ തിരികെ എത്തിക്കാന്‍ എതിരാളിയായ സ്‌പേസ് എക്സിന്റെ പേടകം തന്നെ വേണ്ടി വന്നു എന്നതാണ്. ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേസ് ഷട്ടില്‍ യാത്രകള്‍ നിര്‍ത്തലാക്കിയതോടെ ഏറെ കാലം റഷ്യയുടെ സോയൂസ് പേടകത്തെ വിക്ഷേപണങ്ങള്‍ക്കായി ആശ്രയിച്ച അമേരിക്ക പേടകം നിര്‍മിക്കാന്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ, 2014-ല്‍ നാസയുടെ കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി കരാര്‍ ലഭിച്ച കമ്പനികളാണ് ബോയിങ്ങും സ്‌പേസ് എക്‌സും. വ്യോമയാന രംഗത്ത് പരിചയസമ്പന്നരായ ബോയിങ്ങിന് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ പേടം നിര്‍മിക്കാന്‍ കരാര്‍ തുകയായി 36,458 കോടി രൂപയുടെ കരാര്‍ നല്‍കിയപ്പോള്‍ ഈ രംഗത്തെ നവാഗതരായ സ്‌പേസ് എക്‌സിന് ക്രൂവ ഡ്രാഗണ്‍ പേടകം നിര്‍മിക്കാന്‍ 22,559 കോടി രൂപയുടെ കരാര്‍ ആണ് നല്‍കിയത്.
2014-ല്‍ കരാര്‍ ലഭിച്ച സ്പേസ് എക്സ് മുന്‍കൂട്ടി നിശ്ചയിച്ച പോലെ, 2019 ഡിസംബറില്‍ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ആദ്യ ആളില്ലാ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി. 2020 മേയില്‍ തന്നെ ഡ്രാഗണ്‍ പേടകം മനുഷ്യരെ ആദ്യമായി ബഹിരാകാശ നിലയത്തില്‍ എത്തിച്ചു. പക്ഷെ, ബോയിങ്ങിന് മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്രയ്ക്ക് 2024 വരെ കാത്തിരിക്കേണ്ടി വന്നു. അതിനിടയില്‍ സ്‌പേസ് എക്‌സ് ബഹിരാകാശ രംഗത്ത് വമ്പന്മാരായി മാറിക്കഴിഞ്ഞിരുന്നു.
തങ്ങളുടെ പേടകം പരാജയപ്പെട്ട് എതിരാളിയായ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ പേടകം ഉപയോഗിക്കേണ്ടി വന്നതില്‍ ബോയിങ് ജീവനക്കാര്‍ കടുത്ത അപമാനഭാരത്തിലും നാണക്കേടിലുമാണെന്നാണ് അന്ന് തന്നെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌പേസ് എക്‌സിനെ എപ്പോഴും കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്ത തങ്ങള്‍ക്ക് ഇപ്പോള്‍ അവരെ ആശ്രയിക്കേണ്ടി വന്നതില്‍ വലിയ അപമാനം തോന്നുന്നുവെന്ന് പേരുവെളിപ്പെടുത്താത്ത ഒരു ബോയിങ് ജീവനക്കാരന്‍ അന്ന് പറഞ്ഞു.

ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ എത്തിക്കാൻ സ്റ്റാര്‍ലൈന്റിന് ഭാഗ്യമുണ്ടാവുമോ ?
നിലവിലെ സ്ഥിതിയില്‍ സ്റ്റാര്‍ലൈനറിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. കാരണം കോടിക്കണക്കിന് ഡോളറുകള്‍ ഇതിനകം സ്റ്റാര്‍ലൈനര്‍ ദൗത്യത്തിനായി നഷ്ടത്തിലായിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുമില്ല. നീണ്ട പത്തുവര്‍ഷത്തിലേറെ കാലമെടുത്തിട്ടും ഒരു ബഹിരാകാശ പേടകം പൂര്‍ണമായി നിര്‍മിച്ചെടുക്കാന്‍ ബോയിങ്ങിന് സാധിച്ചിട്ടില്ല. മനുഷ്യരെ വഹിച്ചുള്ള ആദ്യയാത്ര സൃഷ്ടിച്ച വെല്ലുവിളികള്‍ തരണം ചെയ്ത് സ്റ്റാര്‍ലൈനര്‍ നിര്‍മാണം തുടരാനും പരീക്ഷണങ്ങള്‍ സംഘടിപ്പിക്കാനും ഇനിയും സമയം ആവശ്യമാണ്. ഒപ്പം വലിയ ചെലവും ആവശ്യമായി വരും. സ്‌പേസ് എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കിന്റെ ഉപദേശത്തില്‍ ചെലവ് ചുരുക്കല്‍ നടപടികളിലാണ് യു.എസ്. അപ്പോള്‍ സ്റ്റാര്‍ലൈനറിന്റെ കാര്യത്തില്‍ ട്രംപ് ഭരണകൂടം എന്ത് തീരുമാനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
നിലവില്‍ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായാണ് നാസ പേടകങ്ങള്‍ ഉപയോഗിക്കുന്നത്. ഡ്രാഗണ്‍ ക്രൂ പേടകം മാത്രമാണ് അതിന് സഹായിക്കുന്നത്. ഇനിയൊരു പത്ത് വര്‍ഷം കൂടി മാത്രമേ അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവര്‍ത്തിക്കുകയുള്ളൂ. 2035-ഓടെ ബഹിരാകാശ നിലയം പ്രവര്‍ത്തനം അവസാനിപ്പിച്ച് ഭ്രമണപഥത്തില്‍നിന്ന് മാറ്റാനാണ് നാസയുടെ പദ്ധതി. അതിനുള്ളില്‍ സ്റ്റാര്‍ലൈനര്‍ യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ആ പേടകത്തിന് ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ വഹിച്ചൊരു ഒരു യാത്രയ്ക്ക് അവസരമുണ്ടാവൂ.

എന്നാല്‍, സ്റ്റാര്‍ലൈനറിനെ എത്രത്തോളം വിശ്വസിക്കാനാവും എന്നത് വലിയൊരു ചോദ്യമാണ്. നിര്‍മാണം പൂര്‍ത്തികരിച്ച് എത്തിയാല്‍തന്നെ ആ പേടകം ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കായി ഉപയോഗിക്കാനാവുമോ എന്നതും സംശയമാണ്. ആര്‍ട്ടെമിസ് ഉള്‍പ്പടെയുള്ള ബഹിരാകാശ ദൗത്യങ്ങള്‍ നാസ ഇനിയും ആരംഭിച്ചിട്ടില്ല.
നിലയം ഇല്ലാതാവുന്നതോടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തിനും പണിയില്ലാതാവുമെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, ചില സ്വകാര്യ കമ്പനികള്‍ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇവിടേക്കുള്ള വിക്ഷേപണങ്ങള്‍ക്കായി സ്‌പേസ് എക്‌സിന്റെ പേടകങ്ങള്‍ ഉപയോഗിക്കാനാവും. സ്വകാര്യ ബഹിരാകാശ നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നത് വരെ അതിനായി കാത്തിരിക്കേണ്ടിവരും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സ്റ്റാര്‍ലൈനര്‍ യാഥാര്‍ത്ഥ്യമാവാന്‍ പത്ത് വര്‍ഷത്തിലേറെ സമയമെടുത്താല്‍ ആ പേടകവും സ്വകാര്യ ദൗത്യങ്ങള്‍ക്കും നാസയുടെ ഭാവിദൗത്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാനാവൂ.
നാസയുടെ ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക പേടകം വികസിപ്പിച്ച് സ്‌പേസ് എക്‌സ് തങ്ങളുടെ നില ഭദ്രമാക്കിയിട്ടുണ്ട്. ലൂണാര്‍ ഗേറ്റ് വേ എന്ന് വിളിക്കുന്ന ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയത്തിലേക്കായി ചരക്കുകള്‍ എത്തിക്കുന്നതിന് സ്‌പേസ് എക്‌സ് ഇതിനകം 'ഡ്രാഗണ്‍ എക്‌സ്എല്‍' എന്ന പേരില്‍ പേടകം വികസിപ്പിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റുകളാണ് നാസ ഏറെകാലമായി വിക്ഷേപണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
Content Highlights: Boeing`s Starliner malfunctions during NASA`s crewed mission Future of Starliner uncertain.
Published: 19 Mar 2025, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented