ജീവൻ എന്നത് പ്രകാശം സ്വയമേവ പരത്തുന്നതാണ്. ഇരുട്ടത്തു വെട്ടിത്തിളങ്ങുന്നില്ലെങ്കിലും എല്ലാ ജീവജാലങ്ങളും നേരിയ പ്രകാശകിരണങ്ങൾ പ്രസരിപ്പിക്കുന്നുണ്ട്. എലികളിലും ചില ചെടികളിലും നടത്തിയ പരീക്ഷണങ്ങളാണ് ഇതു തെളിയിച്ചെടുത്തത്. ആധുനിക ഉപകരണങ്ങൾകൊണ്ട് നമ്മൾ പുറപ്പെടുവിക്കുന്ന വെളിച്ചം ആലേഖനംചെയ്യാം. ജീവൻ പോകുമ്പോൾ ഈ സ്വയം പ്രകാശവും ഇല്ലാതാകുകയാണ്.

To advertise here,

ജൈവഫോട്ടോണുകൾ പ്രകാശം പരത്തുമ്പോൾ

വെളിച്ചത്തിന്റെ കണികകളാണ് ഫോട്ടോണുകൾ. ‘ജൈവഫോട്ടോൺ’ (biophoton) ജീവികളിലും സസ്യങ്ങളിലും കാണപ്പെടുന്ന പ്രതിഭാസമാണ്. സൂക്ഷ്മമായതും നമുക്ക് ദൃഷ്ടിഗോചരമല്ലാത്തതുമായ ഫോട്ടോണുകൾ ജീവികൾ പ്രസരിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് പണ്ടേ അറിവുണ്ടെങ്കിലും കൃത്യമായി രേഖപ്പെടുത്താനും അളവറിയാനും സുഗമമായ മാർഗങ്ങളില്ലാത്തതിനാൽ തർക്കങ്ങളും വിവാദങ്ങളും ഉണ്ടാകാറുണ്ട്. പല ജീവികൾക്കും തീക്ഷ്ണമായ സ്വയം പ്രകാശപ്രയോഗങ്ങളുണ്ട്, നമുക്ക് കാണാൻ പറ്റുന്നതായിട്ട്. ചില ജെല്ലിഫിഷുകൾ, ബാക്ടീരിയ, ആൽഗകൾ, കൊഞ്ച് വർഗത്തിൽപ്പെടുന്നവ, മീനുകൾ, ഷാർക് ഒക്കെ ജൈവപ്രകാശനം (Biolumniscence) എന്ന പ്രതിഭാസത്തിന്റെ നിദർശനങ്ങളാണ്. അവയൊക്കെ നമുക്ക് എളുപ്പം കാണാൻപറ്റുന്നതാണ്, തീക്ഷ്ണമായ വെളിച്ചവും ഉളവാക്കുന്നുണ്ട്. എന്നാൽ, ബയോഫോട്ടോണുകൾ നമ്മുടെയെല്ലാം സ്വന്തമാണ്, സസ്യങ്ങളുടെയും. നമ്മുടെ കൂടുതൽ കാഴ്ചശക്തി ഉണ്ടായിരുന്നെങ്കിൽ കാണാൻ സാധിക്കുന്നതാണ് ഈ സൂക്ഷ്മവെളിച്ചം.

എന്നാൽ, ഇന്ന് പുതിയതരം സിസിഡി ക്യാമറകൊണ്ട് വളരെ നേരിയ ഫോട്ടോൺ പ്രസരണം ആലേഖനംചെയ്യാൻ സാധിക്കും. ഒരു ഇലക്‌ട്രിക് ബൾബ് ബില്യൺകണക്കിനു ഫോട്ടോണുകൾ പ്രസരിപ്പിക്കുമ്പോൾ ജീവികളുടെ ഫോട്ടോൺ പ്രസരണം പത്തിലോ ആയിരത്തിലോ ഒതുങ്ങുകയാണ്. ചയാപചയ വ്യവസ്ഥ (metabolism) ഊർജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുണ്ട്, ഊർജനിർമിതിയുടെ ഭാഗമായിട്ട് ചില പ്രവർത്തനങ്ങളുടെ ഭാഗമായ ബയോകെമിസ്ട്രിയൽ പ്രകാശം ഉണ്ടാകുകയാണ്.

അദ്‌ഭുതകരമായ പ്രതിഭാസം

ബയോഫോട്ടോൺ നിർമിതിയും പ്രസരണവും ശാസ്ത്രജ്ഞരെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്, അതിന്റെ ഉറവിടവും പ്രയോഗോദ്ദേശ്യവും പിടിതരാതെ മാറിക്കളിച്ചിട്ടുണ്ട്. എന്നാൽ, പൊതുവേയുള്ള വിശ്വാസം ഒരു പ്രത്യേകതരം ഓക്‌സിജൻ തന്മാത്രകൾ കോശങ്ങൾക്കുള്ളിൽ പ്രോട്ടീനുകളുമായോ കൊഴുപ്പുകണികകളുമായോ ബന്ധപ്പെടുമ്പോൾ ഇലക്‌ട്രോണുകളിൽ മാറ്റമുണ്ടാകുന്നു, ഇത് പ്രകാശം പൊഴിക്കുന്നു, എന്നാണ്. സസ്യങ്ങളും ഇതിൽപ്പെടും, എന്തെങ്കിലും ആയാസക്ളേശമോ (ചൂട്, വിഷം, അസുഖാണുക്കൾ ഒക്കെ സൃഷ്ടിക്കുന്നവ) ആഘാതമോ സംഭവിക്കുമ്പോൾ അവയിൽ ഈ പ്രതിഭാസത്തിന്‌ ആക്കംകൂടുന്നു. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ ശാസ്ത്രജ്ഞരാണ് ഇപ്പോൾ എലികളിലും ചില സസ്യങ്ങളിലും ഈ പ്രകാശധോരണിപ്രതിഭാസത്തിന്റെ വിശദാംശങ്ങൾ പഠിച്ച് പ്രസിദ്ധീകരിച്ചത്.

ഇലകളെ കീറിമുറിച്ചപ്പോഴും വിഷംപുരട്ടിയപ്പോഴും ആ ഭാഗങ്ങൾ ബയോഫോട്ടോണുകൾ പ്രസരിപ്പിച്ചു എന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചത്. ‘ബെൻസോക്കെയ്ൻ’ (benzocaine ) എന്ന മരവിപ്പിക്കൽമരുന്ന് (anesthetic) ഇലകളിൽ പുരട്ടിയപ്പോൾ അതിശക്തമായിട്ടാണ് ബയോഫോട്ടോൺ പ്രസരിപ്പിച്ചത്. ഈ മരുന്നിന്റെ പ്രവർത്തനം അജ്ഞാതമായ രീതിയിലാണെന്ന് സൂചന. ശരീരത്തിന്റെ താപനില ചില വികിരണങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്, പക്ഷേ അത് നമുക്ക് കാണാൻപറ്റുന്നതരം ദൈർഘ്യമുള്ളവയല്ല, ഇൻഫ്രാ റെഡ് ആണ്.

ജീവന്റെ വെളിച്ചം

ജീവന്റെ സൂചനയുമാണത്രെ ഈ പ്രതിഭാസം. മരിച്ചുകഴിഞ്ഞാൽ ഉടൻ ഈ പ്രകാശം കെട്ടടങ്ങുകയാണ്. ജീവനും പ്രകാശവും ബന്ധപ്പെട്ടതാണെന്ന കാല്പനികസങ്കല്പം ശാസ്ത്രപരമായി ശരിയാണെന്നുള്ള അറിവ് കൗതുകകരമാണ്. ജീവനുള്ള എലികളെയും മരണത്തിലേക്ക് നീങ്ങുന്ന എലികളെയും പഠനങ്ങൾക്ക് വിധേയമാക്കിയപ്പോൾ ലഭിച്ച വിവരമാണിത്. ശരീരോഷ്മാവ് കുറയുന്നതുകൊണ്ടല്ല ഇത് എന്ന് പിന്നീട് തെളിഞ്ഞു. ത്വക്കിൽനിന്നും ആന്തരികാവയവങ്ങളിൽനിന്നുമുള്ള പ്രകാശപ്രസരണം പാടേ ഇല്ലാതായി, മരണം സംഭവിച്ചിട്ട് ഒരു മണിക്കൂറിനകം. എന്നാൽ, ചില അവയവങ്ങൾ, ഉദാഹരണത്തിനു കരൾ, ചെറിയതോതിൽ പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു കുറെനേരത്തേക്ക്‌. വളരെ ജൈവികമായ കോശപ്രക്രിയകളാണ് ഈ വെളിച്ചം പുറപ്പെടുവിക്കുന്നതെന്ന് തെളിയുകയാണിവിടെ. ജീവന്റെ ലക്ഷണം, അതിന്റെ സാധാരണപ്രവൃത്തികളുടെ സൂചന അത് പുറപ്പെടുവിക്കുന്ന വെളിച്ചമാണ് എന്നത് ഭാവിയിൽ ആരോഗ്യരംഗത്തെയും കൃഷികർമങ്ങളെയും സമർഥമായി സ്വാധീനിക്കാൻപോന്നതാണ്.

ഭാവിയിലെ വെളിച്ചം

ഈ സൂക്ഷ്മവെളിച്ചം ജീവികളുടെയും സസ്യങ്ങളുടെയും ചയാപചയവ്യവസ്ഥയുടെയും കോശങ്ങളിൽ സംഭവിക്കുന്ന ഓക്‌സിഡേഷന്റെയും സൂചകമായതുകൊണ്ട് വളരെ നേരത്തേത്തന്നെ അസുഖങ്ങൾവരാനുള്ള സാധ്യത കണ്ടുപിടിക്കാൻ സാധിക്കും. കാൻസറിന്റെ തുടക്കം നിശ്ചിതപ്പെടുത്താൻ വളരെ എളുപ്പമായേക്കും, പ്രത്യേകിച്ചും ത്വക്ക് കാൻസർ പോലത്തവ. അവയവമാറ്റ ശസ്ത്രക്രിയക്കുമുൻപേ നിശ്ചിത അവയവം പ്രബലമായി പ്രവർത്തിക്കുന്നതാണോ എന്ന് തീരുമാനിക്കാൻ സാധിക്കും, ശരീരം കീറിമുറിക്കാതെ. കൃഷിഭൂമിക്കുമേൽ പറത്തുന്ന ഡ്രോണുകൾ, ഫോട്ടോൺ ഡിറ്റക്ടറുകൾ ഉപയോഗിച്ച് വിളകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ അറിവുകൾതന്നേക്കും. വിളഭൂമിയിൽ എവിടെയെങ്കിലും ആഘാതങ്ങൾ കൃഷിയെ ബാധിക്കുന്നോ എന്ന് കൃത്യമായറിയാൻ സാധിക്കും.

ദിവ്യരുടെ, പ്രത്യേകിച്ചും ദൈവങ്ങളുടെ തലയ്ക്കുചുറ്റും പ്രകാശവലയമുണ്ടെന്ന സങ്കല്പത്തോട് യോജിച്ചുപോകുന്നതാണ് ഈ ശാസ്ത്രസത്യം. യേശുവിന്റെ ഹൃദയം പ്രകാശംപരത്തുന്നതായി ചിത്രങ്ങളുണ്ട്. പക്ഷേ, ദിവ്യരിൽമാത്രം ഒതുങ്ങുന്നതല്ല ജീവന്റെ സൂചകമായ ഈ പ്രകാശംപരത്തൽ.