ബയോടെക്‌നോളജി രംഗത്തും ഊര്‍ജ രംഗത്തും ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനിടയുള്ള രഹസ്യം കണ്ടെത്തിയിരിക്കുകയാണ് റൈസ് സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ട് ശ്വസനപ്രക്രിയ നടത്തുന്ന ഒരുതരം ബാക്ടീരിയയെയാണ് ഇവര്‍ കണ്ടെത്തയിത്. മിക്ക ജീവജാലങ്ങളും ഭക്ഷണത്തിന്റെ ഉപാപജയ പ്രക്രിയക്കും ഊര്‍ജ ഉത്പാദനത്തിനുമായി ഓക്‌സിജനെ ആശ്രയിക്കുമ്പോള്‍, ചില ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറംതള്ളുന്നതിനായി നാഫ്‌തോക്വിനോണ്‍സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ ഉപയോഗിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

To advertise here,

എക്‌സ്ട്രാ സെല്ലുലാര്‍ റെസ്പിരേഷന്‍ എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്. ബാറ്ററികള്‍ ഇലക്ട്രിക് കറണ്ട് പുറത്ത് വിടുന്ന പ്രക്രിയക്ക് തുല്യമാണിത്. ഇതുവഴി ഓക്‌സിജന്‍ ഇല്ലാതെ തന്നെ ബാക്ടീരിയകള്‍ക്ക് വളരാന്‍ സാധിക്കുമെന്ന് പഠനം കണ്ടെത്തി. വളരെ മുമ്പ് തന്നെ ബയോടെക്‌നോളജിയിലെ ഈ അസാധാരണ ശ്വസന രീതി ശാസ്ത്രജ്ഞര്‍ക്ക് പരിചിതമായിരുന്നുവെങ്കിലും അതിന് പിന്നിലെ പ്രവര്‍ത്തന ഘടന എന്താണെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണ്. 

ഈ പുതിയ കണ്ടെത്തലിന് യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കാനാവുമെന്നാണ് കണക്കാക്കുന്നത്.  വൈദ്യുതി പുറന്തള്ളുന്ന ബാക്ടീരിയകള്‍ മലിനജല സംസ്‌കരണം, ബയോമാനുഫാക്ചറിംഗ് തുടങ്ങിയ ബയോടെക്‌നോളജി പ്രക്രിയകളിലെ ഇലക്ട്രോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗ നിര്‍ണയം, മലിനീകരണ നിരീക്ഷണം, ശൂന്യാകാശ പര്യവേക്ഷണം ഉള്‍പ്പടെയുള്ള മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനാവും. 

ജീവശാസ്ത്രത്തെ അടിസ്ഥാനമാക്കിക്കൊണ്ട് കൂടുതല്‍ സുസ്ഥിരവും സ്മാര്‍ട്ടുമായ സാങ്കേതിക വിദ്യകള്‍ നിര്‍മിക്കുന്നതിനുള്ള വാതിലുകള്‍ തുറക്കുന്നതും പ്രകൃതിയിലെ പ്രകൃതിയില്‍ പുതിയതും വ്യാപകമാകാന്‍ സാധ്യതയുള്ളതുമായ ഒരു അതിജീവന തന്ത്രത്തിലേക്ക് വിരല്‍ചൂണ്ടുന്നതുമാണ് ഈ കണ്ടെത്തലെന്നും. റൈസ് സര്‍വകലാശാലയിലെ പഠനത്തിന് നേതൃത്വം നല്‍കിയ ബയോസയന്‍സസ് പ്രൊഫസര്‍ കരോലിന്‍ അജോ ഫ്രാങ്ക്‌ലിന്‍ പറഞ്ഞു.