
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
3ഐ/അറ്റ്‌ലസ് ഒരു അന്യഗ്രഹ പേടകമോ? ഭൂമിക്ക് ഭീഷണിയോ ? ശാസ്ത്രലോകം സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണ് ഈ വര്‍ഷം ആദ്യം കണ്ടെത്തിയ നിഗൂഢമായ 3ഐ/അറ്റ്‌ലസ് എന്ന വാല്‍നക്ഷത്രത്തെ. സൂര്യനോട് ഏറ്റവും അടുത്ത സ്ഥാനത്ത് 3ഐ/അറ്റ്‌ലസ് എത്തുന്ന ഒക്ടോബര്‍ 29 ദുരൂഹതകള്‍ നീക്കുന്ന കാര്യത്തില്‍ ഏറ്റവും നിര്‍ണായകമായ ദിവസമാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. സൂര്യനില്‍ നിന്ന് ഏകദേശം 1.36 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് (എയു) ദൂരത്തിലൂടെയാകും 3ഐ/അറ്റ്‌ലസ് അന്ന് കടന്നുപോകുക.
വാല്‍നക്ഷത്രങ്ങള്‍ക്ക് ഒരിക്കലും ചേരാത്ത സ്വഭാവമാണ് 3ഐ/അറ്റ്‌ലസ് പ്രകടിപ്പിക്കുന്നത്. അതിനെ ചുറ്റിപ്പറ്റിയുടെ ദുരൂഹതകള്‍ക്കെല്ലാം അടിസ്ഥാനവും അതുതന്നെയാണ്. 3ഐ/അറ്റ്‌ലസ് വ്യത്യസ്തമാക്കുന്ന സവിശേഷതകള്‍ ഇവയാണ്.
സൂര്യന് എതിര്‍ദിശയിലുള്ള വാല്‍: സൂര്യന് എതിര്‍ ദിശയിലുള്ള ഒരു വാലാണ് ആദ്യകാല നിരീക്ഷണങ്ങളില്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടത്. അതായത് വാതകം പുറന്തള്ളുന്നത് സൂര്യനില്‍ നിന്ന് അകലേക്കായിരുന്നില്ല, സൂര്യനിലേക്കായിരുന്നു. വാല്‍നക്ഷത്രങ്ങളുടെ അടിസ്ഥാന സ്വഭാവത്തിന് വിപരീതമായിരുന്നു ഇത്. സാധാരണയായി സൂര്യപ്രകാശവും സൗരവാതവും വസ്തുക്കളെ പുറത്തേക്ക് തള്ളി സൂര്യനില്‍ നിന്ന് അകന്നുപോകുന്ന വാലുകള്‍ക്ക് രൂപം നല്‍കുകയാണ് ചെയ്യാറുള്ളത്.
വാലിന്റെ ദിശമാറ്റം: സെപ്റ്റംബറോടെ സ്‌പെയിനിലെ കാനറി ദ്വീപുകളിലുള്ള നോര്‍ഡിക് ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പില്‍ നിന്നുള്ള നിരീക്ഷണങ്ങളില്‍ ഈ വാല്‍ ദിശ മാറിയതായി കണ്ടെത്തി.
നിക്കല്‍ ടെട്രാകാര്‍ബൊണൈലിന്റെ സാന്നിധ്യം: സ്‌പെക്ട്രല്‍ വിശകലനത്തില്‍ നിക്കല്‍ ടെട്രാകാര്‍ബൊണൈലിന്റെ അംശം കണ്ടെത്തി. സ്വാഭാവിക വാല്‍നക്ഷത്രങ്ങളില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു സംയുക്തമാണിത്. ഭൂമിയില്‍, ഈ രാസവസ്തു വ്യാവസായിക പ്രക്രിയകളിലൂടെയാണ് ഉത്പാദിപ്പിക്കുന്നത്. പ്രത്യേകിച്ച് ലോഹങ്ങള്‍ ശുദ്ധീകരിക്കുമ്പോള്‍. ഇങ്ങനെയൊരു മൂലകത്തിന് വാല്‍നക്ഷത്രങ്ങളില്‍ സ്വാഭാവികമായ ഒരു ഉറവിടം ഉള്ളതായി ശാസ്ത്രജ്ഞരുടെ അറിവിലില്ല.
സൗരയൂഥത്തിന് പുറത്തുനിന്നെത്തിയ അതിഥി: സൗരയൂഥത്തിന് പുറത്തുനിന്നാണ് വാല്‍നക്ഷത്രം വന്നതെന്നും സൂര്യനെ കടന്നുപോയ ശേഷം വീണ്ടും പുറത്തുപോകുമെന്നും തെളിയിക്കുന്നതാണ് അതിന്റെ ഹൈപ്പര്‍ബോളിക് ഭ്രമണപഥം.
ദുരൂഹത വര്‍ധിച്ചത് എങ്ങനെ?
അസ്വാഭാവിക പ്രത്യേകതകള്‍ കാരണം 3ആ/അറ്റ്‌ലസ് ഒരുപക്ഷേ സ്വാഭാവികമായ ഒരു വസ്തുവായിരിക്കില്ലെന്ന് ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്രജ്ഞനായ ആവി ലോബ് അഭിപ്രായപ്പെട്ടിരുന്നു.
'എന്റെ സഹപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഈ വസ്തു വേഗത കുറയ്ക്കുന്ന ഒരു അന്യഗ്രഹ പേടകമാണെങ്കില്‍, സൂര്യന് എതിരായ വാല്‍ അതിന്റെ വേഗത കുറയ്ക്കാനുള്ള ഊര്‍ജ്ജമാണെങ്കില്‍, സൂര്യസമീപത്തില്‍ എത്തുമ്പോള്‍ ഈ വാല്‍ ദിശമാറുന്നത് തികച്ചും പ്രതീക്ഷിക്കാവുന്ന ഒന്നാണ്. 'അങ്ങനെയാണെങ്കില്‍, ഈ മാറ്റം നിയന്ത്രിത നീക്കങ്ങളെ സൂചിപ്പിക്കുന്ന അപ്രതീക്ഷിതമായ ഒരു പ്രതിഭാസത്തിന്റെ രൂപത്തിലുള്ള ഒരു ടെക്‌നോസിഗ്‌നേച്ചര്‍ (സാങ്കേതികവിദ്യയുടെ സൂചന) ആയി കണക്കാക്കാം. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയില്‍ ഒരു സ്ഥിരമായ സൗരകേന്ദ്രീകൃത ഭ്രമണപഥത്തിലെത്തുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം ഇത്.' - അദ്ദേഹം പറഞ്ഞിരുന്നു.
സൂര്യനോട് ഏറ്റവും അടുത്ത സ്ഥാനത്ത് എത്തുമ്പോള്‍ ഈ വാല്‍നക്ഷത്രത്തില്‍ 33 ജിഗാവാട്ട് വരെ സൗരവികിരണം പതിക്കുമെന്നും ഇത് ഒരുപക്ഷേ അതിന്റെ വേഗത്തെയോ സഞ്ചാരപാതയെയോ മാറ്റിയേക്കാം എന്നുമാണ് നാസ പറയുന്നത്. അതിനിടെ, ഇതൊരു സ്വാഭാവിക വസ്തുവല്ലെങ്കില്‍ ഭൂമിക്ക് നേരെ തിരിയുന്നതിനായി ഇതിന് സൂര്യന്റെ ഗുരുത്വാകര്‍ഷണത്തെ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ചിലര്‍ അനുമാനിക്കുന്നു. അറ്റ്‌ലസിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കുന്നതിനായി നാസയുടെ ഹബിള്‍, വെബ്, പാര്‍ക്കര്‍ സോളാര്‍ പ്രോബ് തുടങ്ങിയ ദൗത്യങ്ങള്‍ ഇതിനെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
3ഐ/അറ്റ്‌ലസ് ഭൂമിക്ക് ഭീഷണിയോ?
നാസയുടെ അഭിപ്രായത്തില്‍, 3ഐ/അറ്റ്‌ലസിന്റെ സഞ്ചാരപാത അതിനെ സൗരയൂഥത്തിന്റെ ഉള്‍ഭാഗത്തേക്ക് എത്തിക്കുമെങ്കിലും അത് ഭൂമിയുടെ അടുത്തേക്ക് വരില്ല. ബഹിരാകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍, ഈ വാല്‍നക്ഷത്രം ഭൂമിയുമായി ഏകദേശം 270 ദശലക്ഷം കിലോമീറ്ററില്‍ കൂടുതല്‍ അടുത്ത് വരില്ല. ഇത് നമ്മുടെ ഗ്രഹത്തിന് യാതൊരു ഭീഷണിയും ഉയര്‍ത്താത്ത സുരക്ഷിതമായ ദൂരമാണ്.
Content Highlights: Discover the bizarre behavior of interstellar object 3I/ATLAS as it approaches perihelion. Unexplained tails & industrial chemicals spark alien craft theories. Learn more!
Published: 28 Oct 2025, 11:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented