മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പാലോ ആള്‍ട്ടോയിലെ വീട് നിര്‍മാണം നേരത്തെതന്നെ വാര്‍ത്തയില്‍ നിറഞ്ഞതാണ്. ദീര്‍ഘകാലമായി തുടരുന്ന ശബ്ദമലിനീകരണവും ഗതാഗത തടസവും അടക്കമുള്ളവ പതിവായതോടെ അയല്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. അയല്‍ക്കാരെ അനുനയിപ്പിക്കാന്‍ സക്കര്‍ബര്‍ഗ് സ്വീകരിച്ച വ്യത്യസ്ത മാര്‍ഗമാണ് വീടുനിര്‍മാണത്തെ വീണ്ടും വാര്‍ത്തയില്‍ നിറയ്ക്കുന്നത്. പ്രദേശവാസികള്‍ക്കുണ്ടായ അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുപകരം കൈനിറയെ സമ്മാനങ്ങള്‍ നല്‍കി അവരെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് ചര്‍ച്ചയായിരിക്കുന്നത്.

To advertise here,

അയല്‍ക്കാര്‍ക്ക് നോയിസ് ക്യാന്‍സലിങ് ഹെഡ്ഫോണുകള്‍ അടക്കമുള്ളവ അദ്ദേഹം സമ്മാനിച്ചതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ ഒഴിവാക്കി സംഗീതമോ പോഡ്കാസ്‌റ്റോ അടക്കം കേള്‍ക്കാന്‍ സഹായിക്കുന്നവയാണ് ഇത്തരം ഹെഡ്‌ഫോണുകള്‍.

ഒരുകാലത്ത് അഭിഭാഷകര്‍, എക്‌സിക്യൂട്ടീവുകള്‍, സ്റ്റാന്‍ഫോര്‍ഡ് പ്രൊഫസര്‍മാര്‍ തുടങ്ങിയവര്‍ താമസിച്ചിരുന്ന ശാന്തമായ പ്രദേശമായിരുന്നു പാലോ ആള്‍ട്ടോയിലെ ക്രസന്റ് പാര്‍ക്ക് ഏരിയ. ഇവിടെ അദ്ദേഹത്തിന്റെ റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ക്ക് ശരിക്കും തലവേദനയായി. ഇപ്പോള്‍ ഇവിടെ നിര്‍മ്മാണ ഉപകരണങ്ങളുടെ ശബ്ദകോലാഹലങ്ങളായി. ആഡംബര പാര്‍ട്ടികളുടെ കേന്ദ്രമായും ഇവിടം മാറിയെന്ന് അയല്‍ക്കാര്‍ പറയുന്നു.

2016-ല്‍, നാല് വീടുകള്‍ പൊളിച്ച് പുതിയ കെട്ടിടങ്ങളും വലിയ ബേസ്‌മെന്റുകളും നിര്‍മ്മിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതി പാലോ ആള്‍ട്ടോ അധികൃതര്‍ നിരസിച്ചിരുന്നു. എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനായി സക്കര്‍ബര്‍ഗ് ചെറിയ ഘട്ടങ്ങളായി സമാനമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് പുറത്തുവരുന്ന വിവരം. കടുത്ത ഭവനക്ഷാമം നേരിടുന്ന ഈ മേഖലയില്‍ സക്കര്‍ബര്‍ഗ് വാങ്ങിയ ചില വീടുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍, മറ്റു ചിലത് ഗസ്റ്റ് ഹൗസുകള്‍, പൂന്തോട്ടങ്ങള്‍, നീന്തല്‍ക്കുളം, കളിസ്ഥലം എന്നിവയെല്ലാമായി വികസിപ്പിക്കുകയാണ്.  സക്കര്‍ബര്‍ഗിന്റെ കുട്ടികള്‍ക്കായി കുറച്ചുകാലം പ്രവര്‍ത്തിച്ച ഒരു സ്വകാര്യ സ്‌കൂളായും ചില വീടുകള്‍ മാറ്റിയിരിക്കുന്നു. ഈ കോമ്പൗണ്ടില്‍ മെറ്റ സിഇഒ ഏകദേശം 7,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു ഭൂഗര്‍ഭ അറയും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനെതിരെ പരിഹാസവുമായി ചില നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. 'കോടീശ്വരന്റെ വവ്വാല്‍ ഗുഹ എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

അയല്‍ക്കാരെ പ്രീണിപ്പിക്കുന്നതിനായി മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയ നിരവധി സമ്മാനങ്ങളില്‍ ഒന്നുമാത്രമായിരുന്നു നോയിസ് ക്യാന്‍സലിങ് ഹെഡ്ഫോണുകള്‍ എന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹം വൈന്‍ കുപ്പികളും, ഡോനട്ട് ബോക്‌സുകളും സമ്മാനിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഗതാഗത തടസം, നിര്‍മ്മാണ അവശിഷ്ടങ്ങള്‍, ശബ്ദമലിനീകരണം, കനത്ത സുരക്ഷ എന്നിവയാണ് അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഈ സമ്മാനങ്ങള്‍ക്കായിട്ടില്ലെന്ന് അവര്‍ പറയുന്നു.

അയല്‍ക്കാരും മാര്‍ക്ക് സക്കര്‍ബര്‍ഗുമായി തര്‍ക്കമുണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. പാലോ ആള്‍ട്ടോയ്ക്ക് പുറത്തും അദ്ദേഹത്തിന് വസ്തുക്കളുണ്ട്. ഹവായിയിലെ കവായിയിലുള്ള 2,300 ഏക്കര്‍ എസ്റ്റേറ്റിലും അദ്ദേഹത്തിന് പ്രാദേശികമായ എതിര്‍പപുകള്‍ നേരിടേണ്ടിവന്നിരുന്നു. ലേക് താഹോ, വാഷിംഗ്ടണ്‍ ഡി.സി. എന്നിവിടങ്ങളിലും അദ്ദേഹത്തിന് വീടുകളുണ്ട്.