ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ നിർമ്മിതബുദ്ധി (എഐ) കമ്പനിയായ xAI-യുടെ സഹസ്ഥാപകരിൽ അവസാനത്തെ വ്യക്തിയും കമ്പനി വിട്ടു. 2023-ൽ മസ്‌കിനൊപ്പം നിന്ന് xAI സ്ഥാപിച്ച 11 പേരിൽ ഒരാളായ റോസ് നോർഡീൻ ആണ് പുറത്തുപോകുന്നതെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. നിർമിതബുദ്ധി കമ്പനിയുടെ ഒരു കാലഘട്ടമാണ് നോർഡീന്റെ പടിയിറക്കത്തോടെ അവസാനിക്കുന്നത്. അദ്ദേഹം കമ്പനി വിടുന്നതിനുള്ള കാരണം വ്യക്തമായിട്ടില്ല.

To advertise here,

സ്‌പേസ്എക്‌സ്-xAI ലയനത്തിന് പിന്നാലെയാണ് കൂട്ടത്തോടെ പുറത്തുപോകൽ ആരംഭിച്ചത്. കമ്പനി സഹസ്ഥാപകരുടെ കൂട്ടത്തോടെയുള്ള പിന്മാറ്റത്തിൽ അവസാന അധ്യായമാണിത്. അതിനിടെ xAI ശരിയായ രീതിയിലല്ല സംഘടിപ്പിട്ടുള്ളത് എന്ന് സൂചിപ്പിക്കുന്ന പരാമർശം മസ്‌ക് അടുത്തിടെ നടത്തിയിരുന്നു. അടിത്തട്ടിൽ നിന്ന്  പുനഃസംഘടന നടത്തേണ്ട സാഹചര്യമാണെന്ന് ഈ മാസം ആദ്യം മസ്‌ക് പറഞ്ഞിരുന്നു. xAI-യുടെ 11 സഹസ്ഥാപകരിൽ ഒടുവിലത്തെ രണ്ടുപേർ മാത്രം കമ്പനിയിൽ അവശേഷിക്കവെ ആയിരുന്നു ഈ പരാമർശം.

ടെക് ശതകോടീശ്വരന്റെ വിശ്വസ്തനായിരുന്നു 36-കാരനായ നോർഡീൻ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. കമ്പനിയുടെ മുൻഗണനകൾ നിശ്ചയിക്കുന്നതും പദ്ധതികളുടെ നിർവഹണ ചുമതലയും അദ്ദേഹത്തിനായിരുന്നു. ടെക് ബിരുദധാരിയായ നോർഡീൻ ടെസ്ലയിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. അവിടെ ഓട്ടോപൈലറ്റ് ടീമിൽ ടെക്‌നിക്കൽ പ്രോഗ്രാം മാനേജറായിരുന്നു, ടെസ്ലയുടെ ഫുൾ സെൽഫ്-ഡ്രൈവിംഗ് സിസ്റ്റം പരിശീലിപ്പിക്കാൻ ഡാറ്റാ സെന്ററുകളിലും അദ്ദേഹം പ്രവർത്തിച്ചു. 2022-ൽ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ പിരിച്ചുവിടൻ നടപടികളടക്കം ഏകോപിപ്പിക്കാൻ മുന്നിൽനിന്ന ടെസ്ല, സ്‌പേസ്എക്‌സ് എഞ്ചിനീയർമാരുടെ സംഘത്തിൽ അംഗമായിരുന്നു.