വര്‍ഷങ്ങളായി ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന സര്‍വവിജ്ഞാനകോശമാണ് വിക്കിപീഡിയ. എന്തിനെ കുറിച്ചും അടിസ്ഥാന വിവരങ്ങള്‍ അറിയുന്നതിനായി ദശാബ്ദങ്ങളായി നമ്മളെല്ലാം ആശ്രയിച്ചിരുന്നത് വിക്കിപീഡിയ പേജുകളെയാണ്. അതുകൊണ്ടുതന്നെ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ശതകോടിക്കണക്കിനാളുകളാണ് വിക്കിപീഡിയയിലെത്താറ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി വിക്കി പീഡിയ വെബ്‌സൈറ്റുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഐ ചാറ്റ്‌ബോട്ടുകളാണ് അതിന് കാരണമായിരിക്കുന്നത്.

To advertise here,

ഒരു ബ്ലോഗ്‌പോസ്റ്റിലാണ് വിക്കിപീഡിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ മേയില്‍ ബ്രസീലില്‍ നിന്നുള്ള മനുഷ്യ സന്ദർശകരുടെ വരവില്‍ ഇടിവുണ്ടായതായി  കണ്ടെത്തിയെന്ന് വിക്കി മീഡിയ പറയുന്നു.

പിന്നീട് അല്‍ഗൊരിതം അപ്‌ഡേറ്റ് ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിൽ മെയ്, ജൂണ്‍ മാസങ്ങളിലായുള്ള വിക്കിപീഡിയയിലേക്ക് വന്ന ഉയര്‍ന്ന ട്രാഫിക്ക് യഥാര്‍ത്ഥത്തില്‍ എഐ ബോട്ടുകള്‍ ആയിരുന്നുവെന്നും തിരിച്ചറിയപ്പെടാതിരിക്കാനാവും വിധം രൂപകല്‍പന ചെയ്യപ്പെട്ടവയായിരുന്നു അവയെന്നും വിക്കിമീഡിയ പറഞ്ഞു.

ഓരോവര്‍ഷവും എട്ട് ശതമാനം വീതം മനുഷ്യരായ ഉപഭോക്താക്കള്‍ വെബ്‌സൈറ്റില്‍ വരുന്നത് (Pageviews) കുറയുകയാണെന്ന് വിക്കിമീഡിയയിലെ മാര്‍ഷല്‍ മില്ലര്‍ പറയുന്നു. ആളുകള്‍ വിവരങ്ങള്‍ തേടുന്നതില്‍ സോഷ്യല്‍ മീഡിയയും ജനറേറ്റീവ് എഐയും ഉണ്ടാക്കിയ സ്വാധീനമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടേത് പോലുള്ള വെബ്‌സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യുന്നതിന് പകരം സെര്‍ച്ച് എഞ്ചിനുകള്‍ വ്യാപകമായി ജനറേറ്റീവ് എഐ ഉപയോഗിച്ച് അന്വേഷണങ്ങള്‍ക്കുള്ള മറുപടികള്‍ നേരിട്ട് നല്‍കാന്‍ തുടങ്ങിയതും ഇതിന് വലിയ പങ്കുവഹിക്കുന്നുണ്ട്. യുവാക്കളാകട്ടെ വെബ്ബിനേക്കാള്‍ കൂടുതല്‍ സോഷ്യല്‍ വീഡിയോ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നത്.' മില്ലര്‍ പറഞ്ഞു.

അതേസമയം, എഐ ചാറ്റ്ബോട്ടുകളും എഐ സമ്മറി സംവിധാനങ്ങളും വിക്കിപീഡിയയില്‍ മാത്രമല്ല, മുന്‍നിര പ്രസിദ്ധീകരണങ്ങളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും കണ്ടന്റ് പ്ലാറ്റ്ഫോമുകളുടെയും സന്ദര്‍ശകരിലും സമാനമായ കുറവുണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍, വിവരങ്ങള്‍ ലഭ്യമാക്കുന്ന പുതിയ മാര്‍ഗങ്ങളെ മില്ലര്‍ സ്വാഗതം ചെയ്തു. അത് വിക്കിപീഡിയയുടെ പ്രസക്തി ഇല്ലാതാക്കുന്നില്ലെന്നും ഇപ്പോഴും ഉപയോക്താക്കള്‍ക്ക് ഏറിയപങ്ക് വിവരങ്ങളും തങ്ങളുടെ വെബ്സൈറ്റില്‍ നിന്നുതന്നെയാണ് ലഭിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, എഐ സമ്മറി ഫീച്ചര്‍ വിക്കിപീഡിയയും പരീക്ഷിച്ചിരുന്നു; എന്നാല്‍, എഡിറ്റര്‍മാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അത് ഉപേക്ഷിച്ചു. തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്ഫോമുകള്‍ വിക്കിപീഡിയയിലെ ഉള്ളടക്കങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിനായി പുതിയ നയങ്ങളും ചട്ടക്കൂടുകളും രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് വിക്കി മീഡിയ. യൂട്യൂബ്, ടിക് ടോക്ക്, റോബ്ലോക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി യുവതലമുറയിലേക്ക് വിജ്ഞാനം എത്തിക്കുന്നതിനുള്ള വഴികള്‍ തേടാനും വിക്കിമീഡിയ ഫൗണ്ടേഷന്‍ പദ്ധതിയിടുന്നു.