കാലിഫോര്‍ണിയ: ഇസ്രായേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വാട്സാപ്പ് ഉപഭോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ വാട്‌സാപ്പിന് അനുകൂലമായി കോടതി വിധി. ഹാക്കിങ് നിയമങ്ങള്‍ എന്‍എസ്ഒ ലംഘിച്ചുവെന്നും വാട്‌സാപ്പുമായുള്ള സേവന കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വാട്‌സാപ്പിനെ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചുവെന്നും കാലിഫോര്‍ണിയ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി വെള്ളിയാഴ്ച പുറത്തിറക്കിയ വിധിയില്‍ പറഞ്ഞു.
വാട്‌സാപ്പ് ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ചാര സോഫ്റ്റ് വെയറുകള്‍ പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമാക്കുന്നത് തടയാന്‍ ശ്രമിക്കുന്ന സാങ്കേതിക വിദ്യാ കമ്പനികള്‍ക്ക് അനുകൂലമായാണ് വിധി. വാട്‌സാപ്പ് നല്‍കിയ കേസില്‍ ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ പിന്തുണ നല്‍കിയിരുന്നു. പെഗാസസ് നിരീക്ഷണം നടത്തിയ വ്യക്തികളുടെ അവകാശ പ്രശ്‌നങ്ങള്‍ കോടതി ഈ കേസില്‍ പരിഗണിച്ചിട്ടില്ല.
എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് ജഡ്ജ് ഫിലിസ് ഹാമില്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.
അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കോടതി വിധി. 1400 വാട്സാപ്പ് ഉപഭോക്താക്കളെ 2018 ഏപ്രില്‍ 29 മുതല്‍ 2020 മേയ് പത്ത് വരെ രണ്ടാഴ്ചക്കാലം എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രഹസ്യമായി നിരീക്ഷിച്ച സംഭവത്തിലാണ് വാട്‌സാപ്പ് കോടതിയെ സമീപിച്ചത്. 2020 ല്‍ തന്നെ പെഗാസസ് ഉപയോഗിച്ച് വാട്സാപ്പ് ഹാക്ക് ചെയ്തതിന് എന്‍എസ്ഒ ഗ്രൂപ്പിനെതിരായ തെളിവുകള്‍ ഫേസ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1400-ഓളം വാട്‌സാപ്പ് ഉപയോക്താക്കളുടെ അക്കൗണ്ട് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന് ഫെയ്‌സ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്.
ഇത് ആഗോളതലത്തില്‍ വിവാദമാവുകയും ചെയ്തിരുന്നു. കാരണം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും മാത്രമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളതെന്നാണ് എന്‍എസ്ഒയുടെ വാദം. ഇന്ത്യയിലുള്‍പ്പെടെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് ഇത് ഇടയാക്കി.
പെഗാസസ് സ്പൈവെയര്‍ അഥവാ നിരീക്ഷണ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരാളുടെ മൊബൈല്‍ ഫോണിന്റെ സമ്പൂര്‍ണ നിയന്ത്രണം ദൂരെ നിന്ന് മറ്റൊരാള്‍ക്ക് കയ്യടക്കാനാവും. ഏത് ഫോണും ഇത് വെച്ച് ഹാക്ക് ചെയ്യാം. ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, ഫോട്ടോഗ്രാഫുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയും എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പോലും ഉപഭോക്താവ് അറിയാതെ ചോര്‍ത്താനാവും.
Content Highlights: California court rules against NSO Group for violating WhatsApp user privacy with Pegasus spyware
Published: 21 Dec 2024, 08:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented