വയര്‍ലെസ് ഓപ്പറേറ്റിംഗ് ലൈസന്‍സിനെക്കുറിച്ചും നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചും നിര്‍ബന്ധിതവും വ്യക്തവുമായ നിര്‍ദേശങ്ങള്‍ നല്‍കാതെ ഓണ്‍ലൈനില്‍ വാക്കി ടോക്കികള്‍ വില്‍ക്കുന്നതിന്റെ പേരില്‍ രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ)യുടേതാണ് നോട്ടീസ്. ശരിയായ ഫ്രീക്വന്‍സി, ലൈസന്‍സിംഗ് വിവരങ്ങള്‍, എക്യുപ്മെന്റ് ടൈപ്പ് അപ്രൂവല്‍ (ഇടിഎ) എന്നിവ സംബന്ധിച്ച വിവരങ്ങളില്ലാതെ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുന്നതിനും വില്‍ക്കുന്നതിനുമാണ് നോട്ടീസ്. നടപടി 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മീഷോ, ഒഎല്‍എക്‌സ്, ട്രേഡ്ഇന്ത്യ, ഫേസ്ബുക്ക്, ഇന്ത്യമാര്‍ട്ട്, വര്‍ദാന്‍മാര്‍ട്ട്, ജിയോമാര്‍ട്ട്, കൃഷ്ണമര്‍ട്ട്, ചിമിയ, ടോക്ക് പ്രോ വാക്കി ടോക്കി, മാസ്‌ക്മാന്‍ ടോയ്‌സ് എന്നിവ ഉള്‍പ്പെടെ ഉള്ളവയ്ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ഓപ്പറേറ്റിംഗ് ലൈസന്‍സിന്റെ ആവശ്യകതയെക്കുറിച്ചോ നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചോ നിര്‍ബന്ധിതവും വ്യക്തവുമായ നിര്‍ദേശങ്ങള്‍ ഇല്ലാതെയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വാക്കി-ടോക്കികള്‍ വില്‍ക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്കി-ടോക്കികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് ഉപകരണത്തിന് ലൈസന്‍സ് ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കുന്നില്ല.
ലൈസന്‍സ് ആവശ്യമില്ലാത്ത ഷോര്‍ട്ട് റേഞ്ച് റേഡിയോ ഫ്രീക്വന്‍സി ഉപകരണങ്ങളുടെ ഉപയോഗം, അനധികൃത ഉപയോഗത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് ഉപകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഇ-കൊമേഴ്സ് ചട്ടങ്ങള്‍ അനുസരിച്ച് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തവും എളുപ്പത്തില്‍ ലഭ്യമായതുമായ വിവരങ്ങള്‍ നല്‍കണം. നിയമപരമായ വെളിപ്പെടുത്തലുകളുടെ അഭാവത്തില്‍ അനുസൃതമല്ലാത്ത വയര്‍ലെസ് ഉപകരണങ്ങളുടെ വില്‍പ്പന ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും നിയമപരമായ ബാധ്യതകളുടെ ഗുരുതരമായ ലംഘനത്തിന് ഇടയാക്കുകയും ചെയ്യുന്നു എന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. ആമസോണില്‍ ഏകദേശം 467, ഫ്‌ളിപ്കാര്‍ട്ടില്‍ 314, മീഷോയില്‍ 489, ട്രേഡ്ഇന്ത്യയില്‍ 423 എന്നിങ്ങനെയാണ് ഉപകരണങ്ങളുടെ ലിസ്റ്റിങ്. ഇത് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. 2023 ജനുവരി മുതല്‍ ഇതുവരെ ഓരോ ലിസ്റ്റിംഗിലും വിറ്റ യൂണിറ്റുകളുടെ എണ്ണം അടക്കമുള്ള വിവരങ്ങള്‍ കേന്ദ്ര അതോറിറ്റി ആരാഞ്ഞിട്ടുണ്ട്.
വ്യാപക നിയമലംഘനം കണക്കിലെടുത്ത് നിയമം പാലിക്കുന്നുണ്ടെന്നും ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കണ്ടെത്തി. ഇവ ഉടന്‍ പുറപ്പെടുവിക്കും. വയര്‍ലെസ് ടെലിഗ്രാഫി ഉപകരണങ്ങളുടെ നിയമവിരുദ്ധമായ വില്‍പ്പനയും ഉപയോഗവും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, 2025 ഉടന്‍ തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനും നിര്‍ദ്ദേശങ്ങള്‍ തേടി കത്ത് നല്‍കിയിട്ടുണ്ട്.
Content Highlights: walkie talkie sale ccpa notice to e commerce firms
Published: 09 May 2025, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented