
ന്യൂഡൽഹി: സ്മാർട്ട് ഫോൺ നിർമാണക്കമ്പനിയായ വിവോ നികുതിവെട്ടിക്കാൻ ആകെ വിറ്റുവരവിന്റെ പകുതിയോളം തുക ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കണ്ടെത്തൽ. 62,476 കോടി രൂപയാണ് കടത്തിയത്. ഇത് കമ്പനിയുടെ ആകെ വിറ്റുവരവായ 1,25,185 കോടി രൂപയുടെ പകുതിയോളം വരും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചൈനീസ് കമ്പനിയായ വിവോയുമായി ബന്ധപ്പെട്ട 48 സ്ഥലങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി. പരിശോധന നടത്തിയിരുന്നു.
പരിശോധനകളിൽ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപ, 73 ലക്ഷം രൂപ പണം, രണ്ടുകിലോ സ്വർണക്കട്ടികൾ എന്നിവ പിടിച്ചെടുത്തു. ചൈനീസ് പൗരന്മാരടക്കം വിവോയിലെ ചില ജീവനക്കാർ പരിശോധനകളോട് സഹകരിച്ചില്ലെന്നും ഡിജിറ്റൽ ഉപകരണങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ചെന്നും ഇ.ഡി. ആരോപിക്കുന്നു.
2018-21 കാലയളവിൽ ഇന്ത്യയിൽനിന്നുപോയ നാല് ചൈനീസ് പൗരന്മാരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് നികുതിവെട്ടിപ്പ് പുറത്തായത്. രാജ്യത്തെ വിവിധ നഗരങ്ങളിലായി തുടങ്ങിയ 22 കടലാസുകമ്പനികളിലൂടെയാണ് വിദേശത്തേക്ക് പണം കൈമാറ്റം നടത്തിയത്.
ഈ കമ്പനികളിൽ വലിയ തുകയുടെ ഇടപാടുകളാണ് വിവോ നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തി. കടലാസുകമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കാനും വിദേശത്തേക്ക് വഴിതിരിച്ചുവിടാനും ഒപ്പം നികുതിവെട്ടിച്ച് മറ്റുചില കച്ചവടങ്ങളിലേക്ക് നിക്ഷേപിക്കാനും വിവോയുമായി ബന്ധപ്പെട്ട കമ്പനികൾ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.
കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പുമടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ പിടിക്കാൻ ചൈനീസ് കമ്പനികളുടെ ഇടപാടുകൾ ഇ.ഡി. പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ സെർവറുകളിൽനിന്ന് ചൈനീസ് കമ്പനികൾ ഉപയോക്താക്കളുടെ ഡേറ്റ ചൈനയിലേക്ക് മാറ്റിയെന്നും കഴിഞ്ഞയിടെ അന്വേഷണ ഏജൻസികൾ കണ്ടത്തിയിരുന്നു.
Content Highlights: Vivo in money laundering probe
Published: 08 Jul 2022, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented