അമേരിക്കൻ ഡിഫൻസ് സ്റ്റാർട്ടപ്പുകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ നീക്കങ്ങളുമായി യുക്രൈൻ. യുദ്ധമുഖത്തെ കീവിന്റെ പരിചയ സമ്പത്തും യുഎസ് ടെക് കമ്പനികളുടെ സാങ്കേതിക മികവും ഒരുമിക്കുന്നതോടെ ഇരു രാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി പറയുന്നു. അമേരിക്കൻ സൈന്യമടക്കം യുദ്ധമുഖത്ത് നിർമിതബുദ്ധി (എഐ) അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

To advertise here,

അമേരിക്കൻ ടെക്‌നോളജി കമ്പനികൾക്ക് നൂതന എഐ സംവിധാനങ്ങളുണ്ടെന്നും യുക്രെയ്‌ന് വർഷങ്ങളുടെ യുദ്ധാനുഭവത്തിൽ നിന്ന് ആഴത്തിലുള്ള അറിവ് ലഭിച്ചിട്ടുണ്ടെന്നും സിബിഎസ് ന്യൂസിന്റെ 'ഫേസ് ദ നേഷൻ' പരിപാടിയിൽ സംസാരിക്കവെ സെലെൻസ്‌കി പറഞ്ഞു. 'മറ്റാരുടെയും കൈവശമില്ലാത്ത നൂതന എഐ സാങ്കേതിക സംവിധാനങ്ങൾ അമേരിക്കൻ ടെക് കമ്പനികളുടെ പക്കലുണ്ട്. യുക്രെയ്ൻ ലക്ഷ്യമിടുന്ന സഹകരണം വളരെ വലുതും ലോകത്തിലെ ഏറ്റവും ശക്തവുമായിരിക്കും' - അദ്ദേഹം അവകാശപ്പെടുന്നു.

ഈ സഹകരണം ചർച്ചകളിൽ നിന്ന് പ്രായോഗിക നടപടികളിലേക്ക് നീങ്ങണം. എത്രയും പെട്ടെന്ന് ട്രംപ് 'അതെ' എന്ന് പറയണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.

നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ അതിവേഗം സൈനിക നവീകരണം നടത്തുകയാണ്. രാജ്യം ഡ്രോൺ സാങ്കേതികവിദ്യയിലും ഡ്രോണുകൾ തകർക്കുന്നതിനുള്ള സാങ്കേതികവിദ്യയിലും വൻ മുന്നേറ്റമാണ് നടത്തിയത്. ഇത് ലോകമെമ്പാടുമുള്ള പ്രതിരോധ വിദഗ്ധരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഐ സാങ്കേതികവിദ്യയും സൈന്യത്തിന്റെ ഭാഗമാക്കാൻ സെലൻസ്‌കി നീക്കം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

അതിനിടെ, യു.എസ് നിർമിതബുദ്ധിയുടെ അതിവേഗ വളർച്ച പ്രതിരോധ സാങ്കേതികവിദ്യയുമായി വൻതോതിൽ സംയോജിപ്പിക്കുന്നുണ്ട്. യുഎസ് പ്രതിരോധ വകുപ്പിന്റെ പിന്തുണയോടെ സിലിക്കൺ വാലി കമ്പനികൾ സ്വയംഭരണ സൈനിക സംവിധാനങ്ങൾ വികസിപ്പിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആൻഡുരിൽ പോലുള്ള ടെക് സ്റ്റാർട്ടപ്പുകൾ പുതിയ ആളില്ലാത്ത ആയുധ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഗണ്യമായ ഫണ്ട് നേടിയിട്ടുണ്ട്.