ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ രണ്ട് സ്വകാര്യ കമ്പനികളുടെ ചാന്ദ്ര പേടകങ്ങള്‍ വിക്ഷേപിച്ച് സ്പേസ് എക്സ്. ഒരു യുഎസ് കമ്പനിയുടേയും ജാപ്പനീസ് കമ്പനിയുടേയും ലൂണാര്‍ ലാന്ററുകളാണ് സ്പേസ്എക്സ് ബുധനാഴ്ച വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്ന് പ്രാദേശിക സമയം ബുധനാഴ്ച രാത്രി ഒരു മണിക്കായിരുന്നു വിക്ഷേപണം.
ചിലവ് കുറയ്ക്കുന്നതിനാണ് രണ്ട് കമ്പനികളും ഒരേ വിക്ഷേപണ വാഹനം തന്നെ തിരഞ്ഞെടുത്തത്. വിക്ഷേപണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം പേടകങ്ങള്‍ രണ്ട് പാതയില്‍ യാത്ര തുടങ്ങി.
ജപ്പാനിലെ ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസ്പേസ് എന്ന സ്ഥാപനം വിക്ഷേപിക്കുന്ന രണ്ടാമത്തെ ലൂണാര്‍ ലാന്ററാണ് ഇന്ന് വിക്ഷേപിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഐസ്പേസ് വിക്ഷേപിച്ച ലാന്റര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയിരുന്നു. ഇത്തവണ ഒരു റോവര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഐസ്പേസ് റെസിലിയന്‍സ് എന്ന ലൂണാര്‍ ലാന്റര്‍ വിക്ഷേപിച്ചത്.
ടെക്സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ഫ്ളൈ എയറോസ്പേസിന്റെ ആദ്യ ചാന്ദ്ര ദൗത്യമാണിത്. നാസയ്ക്ക് വേണ്ടി 10 പരീക്ഷണ ദൗത്യങ്ങളാണ് ഫയര്‍ഫ്ളൈ ലക്ഷ്യമിടുന്നത്. അതിലൊന്നാണ് മറ്റ് ഗ്രഹങ്ങളില്‍ നിന്നു സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി വികസിപ്പിച്ച പ്ലാനറ്റ് വാക്ക് എന്ന ഉപകരണത്തിന്റെ പരീക്ഷണം.
ഫയര്‍ഫ്ളൈയുടെ ബ്ലൂ ഗോസ്റ്റ് പേടകമാണ് ചന്ദ്രനില്‍ ആദ്യം എത്തുക. 6അടി-6-ഇഞ്ച് (2മീറ്റര്‍-ഉയരം) ഉയരമുള്ള ലാന്‍ഡര്‍ മാര്‍ച്ച് ആദ്യം ചന്ദ്രനിലെ വടക്കന്‍ അക്ഷാംശങ്ങളിലെ അഗ്നിപര്‍വ്വത സമതലമായ മാരേ ക്രിസിയത്തിലാണ് ഇറങ്ങുക.
ബ്ലൂ ഗോസ്റ്റിനേക്കാള് അല്പം വലുതാണ് ഐസ്പേസിന്റെ റെസിലിയന്‍സ് പേടകം. നാല് മുതല്‍ അഞ്ച് മാസം വരെ സമയമെടുത്താണ് ഇത് ചന്ദ്രനിലെത്തുക. മേയിലോ ജൂണിലോ മാരേ ഫ്റിഗോരിസില് ഇറങ്ങാനാണ് ലക്ഷ്യം.
അഞ്ച് കിലോഗ്രാമാണ് ഐസ്പേസിന്റെ റോവറിന് ഭാരം. ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങിയതിന് ശേഷം ലാന്ററില്‍ നിന്ന് നൂറ് മീറ്ററോളം അകലത്തില്‍ ഇത് സഞ്ചരിക്കും.
ഈ ദൗത്യത്തിനായി 10.1 കോടി ഡോളറും ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി 4.4 കോടിയുമാണ് നാസ ഫയര്ഫ്ളൈയ്ക്ക് നല്‍കുന്നത്. എന്നാല്‍ ജാപ്പനീസ് ദൗത്യത്തിന്റെ ചെലവ് കണക്കുകള്‍ ലഭ്യമല്ല.
ഫെബ്രുവരി അവസാനം ഹൂസ്റ്റണ്‍ ആസ്ഥാനവമായി പ്രവര്‍ത്തിക്കുന്ന ഇന്റൂയിറ്റീവ് മെഷീന്‍സിന്റെ രണ്ടാമത്തെ ചാന്ദ്രദൗത്യവും വിക്ഷേപിക്കും.
Content Highlights: SpaceX launched 2 lunar landers from iSpace & Firefly Aerospace on a Falcon 9 rocket.
Published: 15 Jan 2025, 04:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented