യു.എസില്‍ ടിക് ടോക്കിന്റെ നിരോധനം ഒഴിവാക്കുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കമ്പനി. ടിക് ടോക്ക് വില്‍ക്കുകയോ അല്ലെങ്കില്‍ യുഎസില്‍ നിരോധനം നേരിടുകയോ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമം താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കമ്പനി. 

To advertise here,

നിയമം പ്രാവര്‍ത്തികമായാല്‍ ജനുവരി 19 ന് മുമ്പ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ബന്ധം എന്നന്നേക്കുമായി ഉപേക്ഷിച്ച് ടിക് ടോക്കിനെ അമേരിക്കന്‍ കമ്പനികള്‍ക്ക് വില്‍ക്കണം. എങ്കില്‍ മാത്രമേ ടിക് ടോക്കിന് തുടര്‍ന്നും യുഎസില്‍ പ്രവര്‍ത്തിക്കാനാകൂ. അതിന് സാധിച്ചില്ലെങ്കില്‍ യുഎസില്‍ നിരോധനത്തിന് വിധേയമായി സേവനം അവസാനിപ്പിക്കണം. 

17 കോടി ഉപഭോക്താക്കളുള്ള യുഎസിലെ ജനപ്രിയമായ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. നേരത്തെ നിയമം തടയണമെന്നാവശ്യപ്പെട്ട് കീഴ്‌കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. യുഎസില്‍ നിന്നുള്ള ടിക് ടോക്ക് ഉപഭോക്താക്കളുടെ സംഘവും സമാനമായ അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ നല്‍കിയിരുന്നു. 

ഏപ്രിലിലാണ് കോണ്‍ഗ്രസ് പുതിയ നിയമം പാസാക്കിയത്. 18 നെതിരെ 79 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ ബാസാക്കിയത്. പ്രസിഡന്റ് ബൈഡന്‍ ഇതില്‍ ഒപ്പുവെക്കുകയും ചെയ്തു. 

ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് യുഎസിന്റെ പ്രശ്‌നം. അമേരിക്കന്‍ ഉപഭോക്താക്കളുടെ ലൊക്കേഷന്‍, സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളിലേക്ക് അനധികൃത പ്രവേശനം രാജ്യവിരുദ്ധ ശക്തികള്‍ക്ക് ലഭിക്കുമെന്ന് യുഎസ് ആശങ്കപ്പെടുന്നു. ഒപ്പം ടിക് ടോക്കിലെ ഉള്ളടക്കങ്ങളിലൂടെ യുഎസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന സാധ്യതയും യുഎസ് ചൂണ്ടിക്കാണിക്കുന്നു. 

യുഎസ് ഭരണഘടന അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് പുതിയ നിയമം എന്നതുള്‍പ്പടെയുള്ള ടിക് ടോക്കിന്റെ വാദങ്ങള്‍ വാഷിങ്ടണിലെ കൊളംബിയ സര്‍ക്യൂട്ട് ജില്ലാ അപ്പീല്‍ കോടതി തള്ളിയിരുന്നു.  

യുഎസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ച് തന്നെയാണ് ടിക് ടോക്ക് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

2020 ല്‍ ആദ്യ ട്രംപ് ഭരണകൂടമാണ് ടിക് ടോക്കിനെതിരെ നിരോധന ശ്രമങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ ട്രംപ് വീണ്ടും അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടുതന്നെ, സുപ്രീംകോടതി വിധി ടിക് ടോക്കിന് അനുകൂലമായാലും തുടര്‍ന്നും യുഎസിലെ സാഹചര്യങ്ങള്‍ ടിക് ടോക്കിന് സുഖകരമായിരിക്കില്ല.