പുതിയ ഡാറ്റാ സെന്ററുകൾക്ക് അനുമതി നൽകുന്നത് താത്കാലികമായി നിർത്തിവെച്ച് യു.എസിലെ ടെക്‌സാസ് സംസ്ഥാനം. സംസ്ഥാനത്തിന്റെ പവർ ഗ്രിഡിലേക്ക് കണക്റ്റ് ചെയ്യാൻ അപേക്ഷിക്കുന്ന പുതിയ ഡാറ്റാ സെന്ററുകളുടെ അനുമതി താത്കാലികമായി തടഞ്ഞുവെയ്ക്കാൻ ഗവർണർ ഗ്രെഗ് അബട്ടാണ് ഉത്തരവിട്ടിരിക്കുന്നത്. പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് മുൻപ് ഡേറ്റാ സെന്ററുകളുടെ വൈദ്യുതി-ജലം ഉപയോഗം അടക്കമുള്ളവയെക്കുറിച്ച് സമഗ്ര ഓഡിറ്റ് തടത്താൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

To advertise here,

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെക് ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന് കനത്ത തിരിച്ചടിയാണ് ഗവർണറുടെ നീക്കം. ടെസ്‌ലയുടെ ആസ്ഥാനം മസ്‌ക് കാലിഫോർണിയയിൽനിന്ന് ടെക്‌സാസിലേക്ക് മാറ്റുകയും മറ്റ് വ്യവസായികളോട് അവിടേക്ക് മാറാൻ ആവശ്യപ്പെടുകയു ചെയ്തിരുന്നു. തുടർന്ന് ടെക്‌സാസ് സംസ്ഥാനത്ത് ഡാറ്റാ സെന്ററുകളുടെ അതിവേഗ വിപുലീകരണത്തിന് നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.

വ്യവസായ അനുകൂല അന്തരീക്ഷം അടക്കമുള്ളവയുടെ പേരിലാണ് മസ്‌ക് ടെക്‌സാസിനെ അതിരറ്റ് പ്രശംസിച്ചിരുന്നത്. നിയന്ത്രണങ്ങൾ കുറവാണെന്നതും, അനുമതികൾ വളരെവേഗം ലഭിക്കുമെന്നതും നികുതി കുറവാണ് എന്നതും മസ്‌കിനെ ടെക്‌സാസിന്റെ ആരാധകനാക്കി മാറ്റിയിരുന്നു. ‘പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ സംസ്ഥാന ഏജൻസികളോടും സർവകലാശാലകളോടും അഭ്യർഥിക്കുന്നു. ജീവനക്കാരെ പരിശീലിപ്പിക്കാൻ ടെക്‌സസിലെ നികുതിദായകർ കോടികൾ ചെലവഴിക്കുന്നുണ്ട്. ആ തൊഴിലവസരങ്ങൾ ടെക്‌സസ് നിവാസികൾക്ക് ലഭിക്കണം. അമേരിക്കയിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയാണ് ടെക്‌സസ്. നമ്മൾ അത് അങ്ങനെ തന്നെ നിലനിർത്തും.' - മസ്‌ക് അടുത്തിടെ എക്‌സിൽ കുറിച്ചിരുന്നു. പിന്നാലെയാണ് ഡേറ്റാ സെന്റർ വിഷയത്തിൽ മസ്‌കിന് അപ്രതീക്ഷിത തിരിച്ചടി.

ഡേറ്റാ സെന്ററുകൾക്ക് അനുമതി ലഭിക്കുന്നതിന് ഡെവലപ്പർമാർ തങ്ങളുടെ പ്രതീക്ഷിക്കുന്ന വൈദ്യുതി - ജല ഉപയോഗം, പ്രതീക്ഷിക്കുന്ന നികുതി ഇളവുകൾ, കൂളിങ് പ്രവർത്തനങ്ങൾ, ഉടമസ്ഥാവകാശം, പ്രാദേശിക സമൂഹങ്ങളിലുണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ വ്യക്തമാക്കേണ്ടതുണ്ടെന്ന് 'ദി ടെക്‌സസ് ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു.

പരിശോധനയിലും ഓഡിറ്റിലും പരാജയപ്പെടുന്ന പദ്ധതികൾ ടെക്‌സസ് ഗ്രിഡിലേക്ക് കണക്റ്റ് ചെയ്യുന്നത് നിഷേധിക്കണമെന്നും ടെക്‌സാസ് നിവാസികൾക്കാണ് ആദ്യം പരിഗണന നൽകേണ്ടതെന്നും മേയർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു പദ്ധതിയും ടെക്‌സസിന്റെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കാൻ പാടില്ലെന്ന് അബട്ട് പറഞ്ഞു. ടെക്‌സാസ് നിവാസികളുടെ സുരക്ഷയും ജീവിതവും സംരക്ഷിക്കുക എന്നതിനാണ് പ്രധാന മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.