ഹ്യൂമനോയിഡ് റോബോട്ടിനെ മനുഷ്യനെപ്പോലെ നടക്കാന്‍ പഠിപ്പിക്കാന്‍ ആളുകളെ തേടി ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല. ഒപ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയില്‍ നടക്കാന്‍ പരിശീലിപ്പിക്കുന്നതിനാണ് ടെസ്‌ല ആളുകളെ തേടുന്നത്. കഴിഞ്ഞ വര്‍ഷം 50 ല്‍ ഏറെ പേരെ 'ഡാറ്റാ കളക്ഷന്‍ ഓപ്പറേറ്റര്‍മാര്‍' ആയി തിരഞ്ഞെടുത്തിട്ടുണ്ട്. 

To advertise here,

5.7 അടിക്കും 5.11 അടിക്കും ഉയരമുള്ള ആളുകളെയാണ് ഇതിനായി പരിഗണിക്കുക. പരിശീലിപ്പിക്കുന്നതിനായി ശരീര ചലനം പകര്‍ത്താന്‍ കഴിവുള്ള മോഷന്‍ കാപ്ചര്‍ വസ്ത്രങ്ങളും വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളും ധരിക്കണം. ഏഴ് മണിക്കൂറോ അതില്‍ കൂടുതലോ നേരം ഈ വസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. മോഷന്‍ കാപ്ചര്‍ വസ്ത്രം ധരിച്ച് ഭാരം എടുക്കുന്നത് ഉള്‍പ്പടെയുള്ള പല ജോലികളും ചെയ്യേണ്ടി വരും

മണിക്കൂറിന് 25 ഡോളര്‍ മുതല്‍ 2098 രൂപ മുതല്‍ 48 ഡോളര്‍ (4028 രൂപ) വരെ പ്രതിഫലമായി ലഭിക്കും. ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ കുറഞ്ഞത് 175 ഡോളര്‍ (14190 രൂപ) സമ്പാദിക്കാം. ഇതിന് പുറമെ ബോണസുകളും ഓഹരികള്‍ പോലെ അധിക ആനുകൂല്യങ്ങളും ലഭിക്കും. 

2021 ലാണ് മസ്‌ക് ടെസ്‌ല ഹ്യൂമനോയിഡ് റോബോട്ടുകള്‍ നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് ബംബിള്‍ ബീ എന്ന പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം രണ്ട് ഒപ്റ്റിമസ് റോബോട്ടുകള്‍ ടെസ്‌ല ഫാക്ടറിയില്‍ ചെറിയ ജോലികള്‍ ചെയ്യുന്നുണ്ടെന്ന് കമ്പനി പ്രഖ്യാപിച്ചു. 2025 ല്‍ ടെസ്‌ല ഫാക്ടറികള്‍ക്കായി ഒപ്റ്റിമസിനെ ഉപയോഗിക്കാനും 2026 ആകുമ്പോളേക്കും റോബോട്ടുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.