ഇന്ത്യയ്ക്ക് പുറത്ത് ടെലഗ്രാം സേവനങ്ങൾ തടസ്സപ്പെടുത്താൻ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ശ്രമിക്കുന്നതായി ടെലഗ്രാം സ്ഥാപകനും സി.ഇ.ഒയുമായ പാവൽ ദുറോവ് ആരോപിച്ചു. 'ബിജിപി ഹൈജാക്കിങ്' (BGP hijacking) എന്ന രീതി ഉപയോഗിച്ചാണ് റിലയൻസ് ടെലഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ ഇടപെടുന്നതെന്നാണ് ‘എക്‌സി’ലൂടെ അദ്ദേഹം പറയുന്നത്. യു.എ.ഇ. ഉൾപ്പെടെയുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്.
വാട്ട്സ്ആപ്പിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ ഈ നീക്കമെന്നാണ് ദുറോവ് ആരോപിക്കുന്നത്. റിലയൻസ് ഭാഗികമായി മെറ്റായുടെ ഉടമസ്ഥതയിലായതാവാം അതിന് കാരണമെന്നും ദുറോവ് ആരോപിച്ചു.
ബിജിപി ഹൈജാക്കിങ് സംബന്ധിച്ച് ഒട്ടേറെ തവണ റിപ്പോർട്ട് നൽകിയിട്ടും റിലയൻസിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാൽ ഇത് മനപ്പൂർവ്വമുള്ള അട്ടിമറിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്റർനെറ്റ് കണക്റ്റിവിറ്റി സുസ്ഥിരമായി നിലനിർത്താനും റൂട്ട് ഹൈജാക്കുകൾ തടയാനും റിലയൻസ് നെറ്റ്‌വർക്കിൽനിന്നുള്ള ഇത്തരം അനധികൃത ബിജിപി അറിയിപ്പുകൾ നിരസിക്കണമെന്നും ദുറോവ് ലോകമെമ്പാടുമുള്ള നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് (NEET 2026) പുനഃപരീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ച റാക്കറ്റുകൾ ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന് ഇന്ത്യയിൽ ടെലഗ്രാമിന് അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, ഇന്ത്യയിൽ 15 കോടിയിലധികം ഉപയോക്താക്കളുള്ള ടെലഗ്രാമിന് ഏർപ്പെടുത്തിയ ഈ നിയന്ത്രണം സാധാരണക്കാരെയാണ് ശിക്ഷിക്കുന്നതെന്നും യഥാർത്ഥ കുറ്റവാളികൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുമെന്നും ദുറോവ് വിമർശിച്ചു.
ഇന്ത്യയിൽ ടെലഗ്രാം നിരോധിക്കുന്നതിന് പിന്നിൽ റിലയൻസിനും വാട്ട്സ്ആപ്പിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലഗ്രാം സി.ഇ.ഒയുടെ കടുത്ത ആരോപണങ്ങളോട് റിലയൻസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Published: 17 Jun 2026, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented