ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതിക്കരികെയെത്തി സ്റ്റാര്‍ലിങ്ക്. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ ഇന്‍-സ്‌പേസ് (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍), സ്റ്റാര്‍ലിങ്കിന് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനായുള്ള അനുമതി ഉടന്‍ നല്‍കിയേക്കും. 

To advertise here,

ബഹിരാകാശ വകുപ്പ്, വാര്‍ത്താ പ്രക്ഷേപണം, ടെലികോം, ആഭ്യന്തരം, വിദേശകാര്യം, വാണിജ്യം, വ്യവസായം ഉള്‍പ്പടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍-സ്‌പേസിന്റെ ഇന്റര്‍-മിനിസ്റ്റീരിയല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടുത്ത യോഗത്തില്‍ സ്റ്റാര്‍ലിങ്കിന് അനുമതി നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യും. 

ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയും ഇതിനകം സ്റ്റാര്‍ലിങ്കിന് സേവനം ആരംഭിക്കുന്നതിനുള്ള അനുമതി ടെലികോം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ, കമ്പനിയുടെ ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിഎസ്) അപേക്ഷ അംഗീകരിച്ചുകൊണ്ട് ടെലികോ വകുപ്പ് മെയ് ഏഴിന് ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് പുറത്തിറക്കിയിരുന്നു. 

സുരക്ഷ, തന്ത്രപരമായ വിഷയങ്ങള്‍ എന്നിവയിലെ ആശങ്കകള്‍ കമ്പനി പരിഹരിക്കുകയും പ്രധാന ഏജന്‍സികള്‍ പരിശോധിക്കുകയും ചെയ്തുവെന്നാണ് ലെറ്റര്‍ ഓഫ് ഇന്റന്റ് അര്‍ത്ഥമാക്കുന്നത്. ഇനിയുള്ളത് ഇന്‍സ്‌പേസിന്റെ അനുമതിയാണ്. അത് താമസിയാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.