ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്വെയർ കൂട്ടായ്മകളിലൊന്നായ ഡെബിയൻ പ്രോജക്ടിന്റെ അമരക്കാരിയായി കണ്ണൂർ സ്വദേശിനി ശ്രുതി ചന്ദ്രനെ തിരഞ്ഞെടുത്തു. 33 വർഷത്തെ ചരിത്രമുള്ള ഡെബിയൻ പ്രോജക്ടിന്റെ ലീഡറാകുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ് ശ്രുതി ചന്ദ്രൻ. ലോകമെമ്പാടുമുള്ള ആയിരത്തിലധികം വരുന്ന ഔദ്യോഗിക ഡെബിയൻ ഡെവലപ്പർമാർക്കിടയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ഈ ചരിത്രനേട്ടം അവർ സ്വന്തമാക്കിയത്. പ്രോജക്റ്റ് ലീഡറായുള്ള ശ്രുതിയുടെ കാലാവധി 2027 ഏപ്രിൽ 20 വരെയാണ്.

To advertise here,

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉൾപ്പെടെ ഉപയോഗിക്കുന്നതും, ഇന്റർനെറ്റിലെ വലിയൊരു ശതമാനം സെർവറുകൾ പ്രവർത്തിക്കുന്നതുമായ അതിവിപുലമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡെബിയൻ. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഉബുണ്ടു (Ubuntu), കൂടാതെ കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ ഉപയോഗിക്കുന്ന കൈറ്റ് ലിനക്‌സ് (Kite Linux) തുടങ്ങി 450-ൽ പരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഡെബിയനിൽ നിന്ന് രൂപംകൊണ്ടവയാണ്.

ടിസിഎസിൽ (TCS) ലൈബ്രേറിയനായി ജോലി ചെയ്യുന്നതിനിടെ 2016-ലാണ് ശ്രുതി ഡെബിയൻ പ്രോജക്ടിൽ സജീവമാകുന്നത്. തുടർന്ന് 2018-ൽ ഇവർക്ക് ഔദ്യോഗിക ഡെബിയൻ ഡെവലപ്പറായി അംഗീകാരം ലഭിച്ചു. ഡെവലപ്പർമാർക്കിടയിലെ ഡെബിയൻ കമ്മ്യൂണിറ്റി ടീം, അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ഡെബ്‌കോൺഫ് കമ്മിറ്റി, പുതിയ പ്രവർത്തകരെ കൊണ്ടുവരുന്ന ഔട്ട്റീച്ച് ടീം എന്നിവയിൽ ശ്രുതി പ്രവർത്തിച്ചിട്ടുണ്ട്. . 2023-ൽ കൊച്ചി ഇൻഫോപാർക്കിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഡെബിയൻ കോൺഫറൻസിന്റെ മുഖ്യ സംഘാടകയായിരുന്നു ശ്രുതി.

ഡെബിയന് പുറമെ വിക്കിപീഡിയ, ഓപ്പൺ സ്ട്രീറ്റ് മാപ്പ്, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, കേരളഫോസ് തുടങ്ങിയ സ്വതന്ത്രവിജ്ഞാന കൂട്ടായ്മകളിലും അവർ സജീവമാണ്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള 17 ഡെബിയൻ ഡെവലപ്പർമാരിൽ 9 പേരും കേരളത്തിൽ നിന്നുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന ശ്രുതിയുടെ ഭർത്താവ് പ്രവീൺ അരിമ്പ്രാതൊടിയിലും കേരളത്തിൽ നിന്നുള്ള ഒരു ഡെബിയൻ ഡെവലപ്പർ ആണ്.