
ശ്രീധർ വെമ്പു | Photo: https://x.com/svembu/photo
ഇന്ത്യയിലെ ചെറിയ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്ന് സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പു. കുട്ടികൾ കൂടുതൽ സമയവും പുസ്തകങ്ങൾ വായിക്കാനും, വെയിലുകൊണ്ട് പുറത്തുപോയി മണ്ണിൽ കളിക്കാനും ചെലവഴിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഫ്രാൻസ് പാസാക്കിയ നിയമത്തെക്കുറിച്ചുള്ള ഒരു മാധ്യമപ്രവർത്തകന്റെ പോസ്റ്റിനോട് പ്രതികരിക്കവെയാണ് ശ്രീധർ വെമ്പു എക്‌സിൽ (X) തന്റെ നിലപാട് വ്യക്തമാക്കിയത്. "ഇന്ത്യയും ചെറിയ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കണം. കുട്ടികൾ അച്ചടിച്ച പുസ്തകങ്ങൾ വായിക്കുകയും, സൂര്യപ്രകാശമേറ്റ് മണ്ണിൽ കളിക്കുകയും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും അകന്നു നിൽക്കുകയും വേണം," അദ്ദേഹം കുറിച്ചു.
കുട്ടികളുടെ അമിതമായ സ്‌ക്രീൻ സമയം, ആസക്തിയുണ്ടാക്കുന്ന അൽഗോരിതങ്ങൾ, ഓൺലൈൻ സുരക്ഷ, കുട്ടികളുടെ മാനസികാരോഗ്യത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവയിലെ ആശങ്കകൾ കാരണം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇത്തരം നിയന്ത്രണങ്ങൾ സംബന്ധിച്ച ചർച്ചകളിലാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിയ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരുന്നു. എന്നാൽ കൗമാരക്കാർ മറ്റ് വഴികളിലൂടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തുടരുന്നതിനാൽ ഈ നിയമം എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഓസ്‌ട്രേലിയക്കും ഫ്രാൻസിനും പുറമെ യുകെ, മലേഷ്യ, യുഎഇ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. 2027-ൽ പ്രാബല്യത്തിൽ വരുന്ന ഫ്രാൻസിലെ പുതിയ നിയമപ്രകാരം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് മുൻപ് പ്രായം സ്ഥിരീകരിക്കേണ്ടത് നിർബന്ധമാക്കും.
ശ്രീധർ വെമ്പുവിന്റെ ഈ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. കുട്ടികളെ സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കുമെന്നും, സംസ്കാരവും യാഥാർത്ഥ്യങ്ങളുമായി വീണ്ടും ബന്ധപ്പെടാൻ ഇത് ഉപകരിക്കുമെന്നും അനുകൂലിക്കുന്നവർ വാദിച്ചു. അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുകയും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടി. ചിലർ വ്യക്തമാക്കി. അച്ചടിച്ച പുസ്തകങ്ങളെ അമിതമായി കാല്പനികവൽക്കരിക്കുന്നതിനോട് ഇവർ വിയോജിച്ചു. "പഴയതാണ് മികച്ചതെങ്കിൽ എന്തിന് പുസ്തകങ്ങളിൽ നിർത്തണം? നമുക്ക് താളിയോലകളിലേക്കോ ഹൈറോഗ്ലിഫിക്സിലേക്കോ മടങ്ങാം" എന്ന് ഒരു ഉപയോക്താവ് പരിഹസിച്ചു. കുട്ടികളെ പൂർണമായും അകറ്റി നിർത്തുന്നതിന് പകരം, പ്ലാറ്റ്‌ഫോമുകൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കുട്ടികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകുകയുമാണ് വേണ്ടതെന്നാണ് ഇവരുടെ പക്ഷം.
Content Highlights: Zoho founder Sridhar Vembu has advocated for a complete ban on social media for young children in India, urging them to focus on reading printed books and playing outdoors instead.
Published: 26 Jul 2026, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented