നൂറ് ദിവസം ഒറ്റപ്പെട്ട് കഴിഞ്ഞ് വിവിധ പരീക്ഷണങ്ങൾക്ക് വിധേയരാകാൻ ജർമ്മനിയിലെ ആറ് സന്നദ്ധ പ്രവർത്തകർ. ഭാവിയിലെ ദീർഘകാല ബഹിരാകാശയാത്രയിലെ കഠിനമായ യാഥാർഥ്യങ്ങളോട് മനുഷ്യർ എങ്ങനെ പ്രതികരിക്കും എന്ന് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് അവസരം ഒരുക്കാനാണിത്. SOLIS100 എന്ന ഈ പരീക്ഷണം യൂറോപ്യൻ സ്‌പേസ് ഏജൻസിയാണ് (ഇഎസ്എ) നയിക്കുന്നത്. കൊളോണിലെ ജർമ്മൻ എയറോസ്‌പേസ് സെന്ററിന്റെ നൂതന ഗവേഷണ സംവിധാനത്തിലാണ് പരീക്ഷണം.

To advertise here,

സന്നദ്ധ പ്രവർത്തകർ പരീക്ഷണത്തിന്റെ ഭാഗമായി ഒരു അടഞ്ഞ ആവാസവ്യവസ്ഥയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇനി അവർ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തുള്ള ദൗത്യങ്ങളുടെ ഭാഗമാകുന്നതിന് സമാനമായി വളരെ പരിമിതമായ സൗകര്യങ്ങളിൽ ജീവിക്കുകയും മാനസിക സമ്മർദം അടക്കമുള്ളവ നേരിട്ട് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങളിൽ പ്രതീക്ഷിക്കുന്നതിന് സമാനമായ കർശനമായ ഷെഡ്യൂളുകളും പ്രവർത്തനരീതികളും അടുത്ത മൂന്ന് മാസം സംഘം പിന്തുടരും.

ദീർഘകാല ഒറ്റപ്പെടൽ മനുഷ്യന്റെ മാനസിക-ശാരീരിക ആരോഗ്യം അടക്കമുള്ളവയെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുന്നതിൽ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇഎസ്എയുടെ ചീഫ് എക്‌സ്‌പ്ലോറേഷൻ സയന്റിസ്റ്റ് ഏഞ്ചലീക് വാൻ ഓംബർഗൻ പറയുന്നു. ബഹിരാകാശ യാത്രികരുടെ സുരക്ഷയെയും ദൗത്യ വിജയത്തെയും സ്വാധീനിക്കാൻ സാധ്യതയുള്ള നിർണായക ഘടകങ്ങളായ സമ്മർദം, ക്ഷീണം, പ്രവർത്തനക്ഷമത കുറയൽ എന്നിവയുടെ ആദ്യകാല ലക്ഷണങ്ങൾ ഗവേഷകർ തിരിച്ചറിയാൻ ശ്രമിക്കും.

26 നും 32 നും ഇടയിൽ പ്രായമുള്ള യൂറോപ്പിൽ നിന്നുള്ള ആറ് സന്നദ്ധ പ്രവർത്തകർ മൂന്ന് മാസത്തിനിടെ വിപുലമായ പരീക്ഷണങ്ങൾക്ക് വിധേയരാകും. ഉറക്ക രീതികൾ, സമ്മർദ നിലകൾ, ടീം ഡൈനാമിക്‌സ് എന്നിവ നിരീക്ഷിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ശാസ്ത്രജ്ഞർ അതിനിടെ ശാരീരിക മാറ്റങ്ങളെയും ആവാസവ്യവസ്ഥയിലെ സൂക്ഷ്മജീവികളുടെ മാറ്റങ്ങളെയും പഠിക്കും. ഇത് അടഞ്ഞ പരിതസ്ഥിതികളുമായി മനുഷ്യർ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ ഒരു ചിത്രം നൽകാൻ സഹായിക്കും.

പരിമിതമായ സാമൂഹിക ഇടപെടൽ, കാലതാമസം വരുന്ന ആശയവിനിമയം, വർധിച്ച സ്വയംഭരണാധികാരം എന്നിവ ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിൽ യാത്രികർ നേരിടുന്ന പ്രധാന സമ്മർദ ഘടകങ്ങളാണ്. അതിനാൽ, ഇത്തരം പഠനങ്ങൾ അത്യാവശ്യമാണെന്ന് ഗവേഷകർ പറയുന്നു. കാരണം ഒരു പരീക്ഷണത്തിനും ബഹിരാകാശയാത്രയുടെ എല്ലാ വശങ്ങളെയും പ്രതിഫലിപ്പിക്കാൻ കഴിയില്ല. മറ്റ് സിമുലേഷനുകളുമായി ഒറ്റപ്പെടൽ പഠനങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ ഗ്രഹങ്ങൾക്കിടയിലുള്ള യാത്രയുടെ സങ്കീർണമായ യാഥാർഥ്യങ്ങൾക്കായി ബഹിരാകാശയാത്രികരെ പൊരുത്തപ്പെടുത്താനാണ് സ്‌പേസ് ഏജൻസി ലക്ഷ്യമിടുന്നത്.

SOLIS100 ൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവി ദൗത്യങ്ങളുടെ ആസൂത്രണം, സഞ്ചാരികളുടെ തിരഞ്ഞെടുപ്പ്, പരിശീലന രീതികൾ, ഓൺബോർഡ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കും. ലഭ്യമാകുന്ന വിവരങ്ങൾ മാനസികാരോഗ്യത്തെ നിലനിർത്താനും ടീം വർക്ക് മെച്ചപ്പെടുത്താനും ഭൂമിയിൽ നിന്നുള്ള തത്സമയ പിന്തുണ പരിമിതമായിരിക്കുന്ന ദൗത്യങ്ങളുടെ വിജയം ഉറപ്പാക്കാനും സഹായിക്കും. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീർഘകാല ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിടെയാണ് SOLIS100 പോലുള്ള പരീക്ഷണങ്ങൾ ശ്രദ്ധനേടുന്നത്.