ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി അടക്കമുള്ളവയെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്കൻ പ്രതിരോധ വിഭാഗം. അലിബാബ, ബൈഡു, ടെൻസെന്റ് ഹോൾഡിങ്‌സ് തുടങ്ങിയവയും പട്ടികയിലുണ്ട്. ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക യു.എസ് വിപുലീകരിച്ചതോടെയാണ് ഇവയെല്ലാം അതിൽ ഉൾപ്പെട്ടത്. അമേരിക്ക-ചൈന ബന്ധം കൂടുതൽ വഷളാകാൻ ഈ നീക്കം ഇടയാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

To advertise here,

പ്രമുഖ കമ്പനിൾ അടക്കമുള്ളവ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ (പി.എൽ.എ) സഹായിക്കുന്നതായി കണ്ടെത്തിയതോടെയാണ് 1260H ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് പറയുന്നു. ചൈനയിലെ ശ്രദ്ധേയമായ നിർമിതബുദ്ധി (എഐ) കമ്പനികളായ അലിബാബ, ബൈഡു, ടെൻസെന്റ് എന്നിവ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചൈനീസ് മെമ്മറി ചിപ്പ് നിർമാതാക്കളായ ChangXin Memory Technologies, Yangtze Memory Technologies എന്നിവയെയും പട്ടികയിലുണ്ട്.

യുഎസ് സൈന്യവുമായുള്ള കരാറുകൾ ലഭിക്കുന്നതോ യുഎസ് സർക്കാരിന്റെ ഗവേഷണ ഫണ്ട് സ്വീകരിക്കുന്നതോ ഈ കമ്പനികൾക്ക് ഇനി ബുദ്ധിമുട്ടായിരിക്കും. അമേരിക്കൻ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തൽ. കർശനമായ വ്യാപാര - സാങ്കേതികവിദ്യ നിയന്ത്രണങ്ങളുടെ മുന്നോടിയായി ഈ നീക്കം കണക്കാക്കപ്പെടുന്നു.

അലിബാബ, ബൈഡു, ബിവൈഡി എന്നിവയുൾപ്പെടെയുള്ള പല കമ്പനികളും ചൈനീസ് സൈന്യത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം മുമ്പ് നിഷേധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികൾക്കിടയിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി ഒരു മാസത്തിനുള്ളിലാണ് ഈ നീക്കം. നിർമിതബുദ്ധി അടക്കമുള്ള മേഖലകളിൽ നിലനിൽക്കുന്ന മത്സരത്തിന് അയവുവരുത്തുന്നതിൽ കൂടിക്കാഴ്ചകൊണ്ട് കാര്യമായ ഫലമുണ്ടായിട്ടില്ല.

സ്വകാര്യ കമ്പനികളും സായുധ സേനകളും തമ്മിലുള്ള സഹകരണം നിർബന്ധമാക്കുന്ന ചൈനയുടെ നയം ചൂണ്ടിക്കാട്ടിയാണ് ഇത്തരം നീക്കങ്ങൾ യുഎസ് ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത്. ചൈനയിലെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ ഏകദേശം 200 കമ്പനികൾ ഏറ്റവും പുതിയ പട്ടികയിൽ ഇടംനേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.