ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എഐയുടെ ഉടമസ്ഥതയിലുള്ള കോഡിങ് ടൂൾ കമ്പനിയായ കഴ്സറിന് എഐ മോഡലുകൾ നൽകുന്നത് ഓപ്പൺ എഐ അവസാനിപ്പിക്കുന്നു. സാം ഓൾട്ട്മാനും മസ്കും തമ്മിൽ കടുത്ത തർക്കം നിലനിൽക്കെയാണ് ഈ നീക്കം.

To advertise here,

ജൂണിലാണ് കഴ്സറിന്റെ ഉടമയായ എനിസ്ഫിയർ എന്ന സ്റ്റാർട്ടപ്പ് വാങ്ങുന്നതായി സ്പേസ് എക്സ് പ്രഖ്യാപിച്ചത്. 6000 കോടി ഡോളറിന്റേതാണ് ഈ കരാർ. ഈ മാസം ആദ്യം തന്നെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാവുകയും ചെയ്തു.

ഇലോൺ മസ്കിന്റെ കമ്പനികൾ കരാറുകൾ ലംഘിക്കുന്നതിന്റെ മുൻകാല അനുഭവങ്ങളിൽനിന്നുകൊണ്ട്, സ്പേസ് എക്സ് ഞങ്ങളുടെ സേവന വ്യവസ്ഥകൾ പാലിച്ച് തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് തങ്ങൾ ഈ തീരുമാനമെടുക്കുന്നത് എന്ന് ഓപ്പൺ എഐ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം ഓപ്പൺ എഐയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് കഴ്സറിന്റെ സഹസ്ഥാപകനും ഇപ്പോൾ സ്പേസ് എക്സിലെ ഉദ്യോഗസ്ഥനുമായ മൈക്കൽ ട്രൂവൽ പറഞ്ഞു. ഓപ്പൺ എഐയുടെ ആദ്യ ഉപയോക്താക്കളിൽ ഒന്നാണ് കഴ്സർ. വർഷങ്ങളോളം ഞങ്ങൾ അവരുടെ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ന്യൂട്രൽ ഇൻഫ്രാസ്ട്രക്ചർ എന്ന നിലയിൽ ഞങ്ങൾ അവരുടെ പ്ലാറ്റ്ഫോമിനെ വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

അതേസമയം സ്പേസ് എക്സ് ഏറ്റെടുത്തതോടെ കഴ്സറുമായുള്ള കരാർവ്യവസ്ഥകൾ ലംഘിക്കപ്പെട്ടുവെന്ന് ഓപ്പൺ എഐ വ്യക്തമാക്കി. സ്പേസ് എക്സ് പോലൊരു വലിയ കമ്പനിയോടൊപ്പം പ്രവർത്തിക്കാൻ തങ്ങൾ സാധാരണ സേവന വ്യവസ്ഥകൾ പാലിക്കുന്ന പ്രത്യേക കരാറുകളെയാണ് ആശ്രയിക്കാറുള്ളതെന്നും കമ്പനി വ്യക്തമാക്കി.

കഴ്സർ നിലവിൽ ഗ്രോക്ക് മോഡലുകളും ഒപ്പം ഓപ്പൺ എഐ, ആന്ത്രോപിക്, ഗൂഗിൾ തുടങ്ങിയ മോഡലുകളും അവരുടെ സേവനങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.

നോൺ പ്രോഫിറ്റ് സ്ഥാപനത്തിൽനിന്ന് ലാഭം ലക്ഷ്യമാക്കിയുള്ള കമ്പനിയിലേക്കുള്ള ഓപ്പൺ എഐയുടെ മാറ്റം കരാർ ലംഘനമാണെന്നാരോപിച്ചാണ് ഓപ്പൺ എഐയുടെ സഹസ്ഥാപകൻ കൂടിയായ ഇലോൺ മസ്ക് കമ്പനിയുടെ പേരിൽ നിയമനടപടി ആരംഭിച്ചത്. കേസിൽ മസ്കിനു പ്രതികൂലമായാണ് ഫെഡറൽ കോടതി വിധി വന്നത്. ഈ കേസാണ് മസ്കും ആൾട്ട്മാനും തമ്മിലുള്ള ശത്രുത വർധിക്കുന്നതിനിടയാക്കിയത്.