നിർമിതബുദ്ധി ഭാവിയിൽ തൊഴിൽരംഗത്തുൾപ്പടെ ഉണ്ടാക്കാനിടയുള്ള വലിയ പ്രതിസന്ധികൾ നേരിടാൻ അധികൃതർ അടിയന്തരമായി പ്രവർത്തിച്ചുതുടങ്ങണമെന്ന ആഹ്വാനവുമായി ലോകത്തെ 16 നൊബേൽ ജേതാക്കൾ ഉൾപ്പെടെ 200-ൽ അധികം പ്രമുഖർ രംഗത്ത്. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയാറാക്കിയ "We must act now" എന്ന തുറന്ന കത്തിലാണ് ലോകനേതാക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇവർ ഒപ്പുവെച്ചിരിക്കുന്നത്.

To advertise here,

ഗൂഗിളിന്റെ മുൻ സിഇഒ എറിക് ഷ്മിഡിറ്റ്, ലിങ്ക്ഡ് ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ, ആന്ത്രോപിക്‌ സഹസ്ഥാപകൻ ജാക്ക് ക്ലാർക്, ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകൻ വിനോദ് ഖോസ്ല തുടങ്ങിയവരാണ് ഈ കത്തിൽ ഒപ്പുവെച്ച പ്രധാനികൾ. ഇതിന് പുറമെ, ആധുനിക എഐയുടെ അടിത്തറ പാകിയ യോഷുവ ബെൻജിയോ, യാൻ ലെകൺ എന്നീ ‘എഐ യുടെ പിതാക്കന്മാരും’, ഓപ്പൺ എഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ ചീഫ് ഇക്കണോമിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു എന്നത് ഈ മുന്നറിയിപ്പിന്റെ ഗൗരവം വർധിപ്പിക്കുന്നു. നിർമിതബുദ്ധി വികസിപ്പിച്ചെടുത്തവർത്തന്നെ അതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

നിർമിതബുദ്ധി ഇനി വെറുമൊരു സാങ്കേതികവിദ്യ മാത്രമല്ലെന്നും, അത് മനുഷ്യ നാഗരികതയുടെ ഗതിതന്നെ മാറ്റിയെഴുതാൻ പോകുന്ന ഒരു ശക്തിയാണെന്നും കത്ത് മുന്നറിയിപ്പ് നൽകുന്നു. അടുത്ത പത്തു വർഷത്തിനുള്ളിൽ എഐ കൂടുതൽ ശക്തമാകുകയും വ്യാവസായിക വിപ്ലവത്തേക്കാൾ വലുതും വേഗത്തിലുള്ളതുമായ വലിയ പരിവർത്തനങ്ങൾക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ കാരണമാകുകയും ചെയ്യും. ഇത് വലിയതോതിലുള്ള തൊഴിൽനഷ്ടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കകൾക്കൊപ്പം, മനുഷ്യരുടെ ജീവിതനിലവാരത്തിൽ പുരോഗതി കൊണ്ടുവരാനുള്ള അവസരങ്ങളും സൃഷ്ടിച്ചേക്കാം.

എഐയെ നിർത്തണമെന്നോ നിരോധിക്കണമെന്നോ കത്തിൽ ഒപ്പുവെച്ചവർ ആവശ്യപ്പെടുന്നില്ല. പകരം, പരിവർത്തനാത്മക എഐ ഉണ്ടാക്കാൻ പോകുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് സർക്കാരുകളും സാമ്പത്തിക വിദഗ്ധരും ടെക് കമ്പനികളും അടിയന്തരമായി പഠിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. എഐ മനുഷ്യർക്കും സമൂഹത്തിനും ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സ്ഥാപനങ്ങളും അടിയന്തരമായി ഒരുക്കണമെന്നും അവർ ഒറ്റക്കെട്ടായി ആഹ്വാനംചെയ്യുന്നു.

മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാൻ, ഗൂഗിളിന്റെ എഐ മേധാവി ഡെമിസ് ഹസാബിസ് എന്നിവർ തൊഴിൽനഷ്ടം സംബന്ധിച്ച ഈ ആശങ്കകൾ ന്യായമാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുള്ളവരാണ്. എഐ വളരുന്ന അതിവേഗത്തിനൊപ്പം എത്തിച്ചേരാൻ നിലവിലെ സർക്കാരുകൾക്കും നിയമങ്ങൾക്കും കഴിയുന്നില്ലെന്ന് ആന്ത്രോപിക്‌ സിഇഒ ഡാരിയോ അമോഡെയും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെപ്പോലുള്ള ചില പ്രമുഖർക്ക് ഈ ആശങ്കകളോട് വിയോജിപ്പുണ്ട്.