ന്യൂഡൽഹി: ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ മേഖലകളിൽ ഇന്ത്യയെ വിശ്വസ്തകേന്ദ്രമായി ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ യശോഭൂമിയിൽ 'സെമികോൺ ഇന്ത്യ 2026' (SEMICON India 2026) ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണം, നിക്ഷേപം, ഇനോവേഷൻ, കഴിവുകളുടെ വികസനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഇത്തവണത്തെ സെമികോൺ ഇന്ത്യ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. 'സിലിക്കൺ ടു സിസ്റ്റംസ്: ബിൽഡിങ് ദി ഇക്കോസിസ്റ്റം' എന്നതാണ് ഈ വർഷത്തെ പ്രമേയം.

To advertise here,

ആഗോളതലത്തിൽ വിതരണശൃംഖലകൾ ആയുധമാക്കപ്പെടുന്ന ഇക്കാലത്ത് ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലെ മുന്നേറ്റത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് ഡിസൈൻ, നിർമാണം, ഉപകരണ നിർമാണം, ടെസ്റ്റിങ് തുടങ്ങി ഈ മേഖലയ്ക്കാവശ്യമായ അന്തരീക്ഷം ഒരുക്കാൻ ഇന്ത്യ പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങൾ പുതിയതും വിശ്വസനീയവുമായ നിർമാണ കേന്ദ്രങ്ങൾ തിരയുകയാണെന്നും ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ ഇപ്പോൾ രാജ്യത്തിനകത്തും ആഗോളതലത്തിലും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ മൊഹാലി, സൂറത്ത് എന്നിവിടങ്ങളിലെ രണ്ട് സെമികണ്ടക്ടർ പ്ലാന്റുകളിൽ വാണിജ്യ ഉത്പാദനം ആരംഭിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ രണ്ടാം ഘട്ടത്തിനായി (Semicon 2.0) 1.27 ലക്ഷം കോടി രൂപ (13.5 ബില്യൺ യു.എസ്. ഡോളർ) വകയിരുത്തിയിട്ടുണ്ട്. ഇതുവരെ 12 ചിപ്പ് നിർമാണ പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. സെമികൺ 2.0 വഴി കുറഞ്ഞത് 200 സ്റ്റാർട്ടപ്പുകളെയും കമ്പനികളെയും ചിപ്പ് ഡിസൈനിങ്ങിൽ പിന്തുണയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ, ഫാക്ടറികളിൽ നേരിട്ട് തൊഴിൽ നൽകുന്നതിനായി ഒരുലക്ഷം ആളുകൾക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സെമികോൺ ഇന്ത്യ 2026-ൽ 600-ലധികം എക്സിബിറ്ററുകളും 300 അന്താരാഷ്ട്ര കമ്പനികളും 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, നെതർലൻഡ്സ്, സിംഗപ്പൂർ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക പവലിയനുകളും 12 സംസ്ഥാന സർക്കാരുകളുടെ പവലിയനുകളും ഒരു പ്രത്യേക സ്റ്റാർട്ടപ്പ് പവലിയനും സമ്മേളനത്തിലുണ്ട്.