മിത്തോസ് അടക്കം ഉയര്‍ത്തുന്ന സൈബര്‍ സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ ധനകാര്യ മന്ത്രാലയം ഏകീകൃത സംവിധാനം വികസിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ആന്ത്രോപിക്കിന്റെ എഐ ടൂളായ ക്ലോഡ് മിത്തോസ് സൈബർ സുരക്ഷാ ആശങ്കകൾ ഉയർത്തുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി ഇന്ത്യയും. ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്ച രാജ്യത്തെ വിവിധ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ ചർച്ച ചെയ്തു. യു.എസ്, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും ബാങ്കുകളുടെയടക്കം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കുന്നത്.
സൈബർ സുരക്ഷാ പഴുതുകൾ കണ്ടെത്തുന്ന കാര്യത്തിൽ അസാമാന്യ കഴിവുള്ള എഐ മോഡലാണ് ക്ലോഡ് മിത്തോസ് എന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നത്. എഐ മോഡൽ ആരെങ്കിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയാണ് ബാങ്കുകൾക്കടക്കം ആശങ്ക സൃഷ്ടിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് ക്ലോഡ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾ അടക്കമുള്ള ഏതാനും കമ്പനികൾക്കും സംഘടനകൾക്കും മത്രമാണ് ആദ്യഘട്ടത്തിൽ ക്ലോഡ് മിത്തോസ് ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ, പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലാത്ത എഐ ടൂളിൽ ഉപയോക്താക്കളുടെ കൂട്ടായ്മ കടന്നുകയറിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നത് ആശങ്ക വർധിപ്പിച്ചിരുന്നു. അതിനിടെയാണ് ധനമന്ത്രി നിർമല സീതാരാമൻ ഉന്നതതല യോഗം വിളിച്ചത്.
നിർമല സീതാരാമൻ ക്ലോഡ് മിത്തോസിന്റെ അപകടസാധ്യതകളെക്കുറിച്ച് ബാങ്ക് മേധാവികൾക്കടക്കം മുന്നറിയിപ്പ് നൽകിയതായി ധനകാര്യ മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ലോഡ് മിത്തോസ് ഉയർത്തുന്ന ഭീഷണി അവഗണിക്കാൻ കഴിയില്ലെന്നും സാമ്പത്തിക സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഇടയിൽ ജാഗ്രത, മുന്നൊരുക്കം, മികച്ച ഏകോപനം എന്നിവ ആവശ്യമാണെന്നും പോസ്റ്റിൽ പറയുന്നു. ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവും യോഗത്തിൽ സന്നിഹിതനായിരുന്നു.
ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതിൽ ഏറെ മുന്നിലുള്ള 'ഇന്ത്യയിലെ ബാങ്കുകൾ ഏത് വെല്ലുവിളികളെയും അപകടങ്ങളെയും നേരിടാൻ സജ്ജമാണെന്ന് യോഗത്തിനുശേഷം ധനമന്ത്രി വ്യക്തമാക്കി. ഇക്കാര്യം ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. ഇപ്പോൾ മിത്തോസ് എന്ന പേരിൽ പുതിയ വെല്ലുവിളി ഉയരുന്നുണ്ട്. അതിനെക്കുറിച്ച് മിക്കവർക്കും അധികമൊന്നും അറിയില്ല. ഈ വിഷയത്തിൽ ടെക്‌നോളജി കമ്പനികൾ, ലോകമെമ്പാടുമുള്ള സർക്കാരുകൾ എന്നിവയുമായി സജീവമായി ഇടപെടുന്നുണ്ട്. സ്ഥിതിഗതികൾ എങ്ങനെ വികസിക്കുമെന്നും ആവശ്യമായ സജ്ജീകരണം എന്തായിരിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്തെ ബാങ്കുകൾ എല്ലാ കാലത്തും സുരക്ഷിതമാണെന്ന് തെളിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒരുപക്ഷേ, അത് മതിയാകില്ലായിരിക്കാം. അതിനാൽ ബാങ്കുകളോട് ഒരുമിച്ച് പ്രവർത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. എസ്ബിഐ ചെയർമാൻ നടപടികൾക്ക് നേതൃത്വം നൽകും. വരും ആഴ്ചകളിൽ ബാങ്കുകൾക്കിടയിൽ ആശയവിനിമയങ്ങൾ നടക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തമായ മോഡലാണ് ക്ലോഡ് മിത്തോസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിദഗ്ധർക്കുപോലും കണ്ടെത്താൻ കഴിയാത്ത ആയിരക്കണക്കിന് സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ മിത്തോസിന് കഴിഞ്ഞുവെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും വെബ് ബ്രൗസറുകളിലുമുള്ള 27 വർഷംവരെ പഴക്കമുള്ള സൈബർ സുരക്ഷാ പുഴവുകളടക്കം ഇതിൽ ഉൾപ്പെടുന്നുവെന്നാണ് അവകാശവാദം.
മിത്തോസ് വ്യാപകമായി ലഭ്യമാക്കുന്നത് കൈയിലുള്ള ലാപ്‌ടോപ്പ് ഉപയോഗിച്ച് ആർക്കും അഡ്വാൻസ്ഡ് ഹാക്കിങ് സാധ്യമാക്കുന്നതിന് തുല്യമായിരിക്കുമെന്ന് ആന്ത്രോപിക് തന്നെ പറഞ്ഞിട്ടുണ്ട്. ഹാക്കിങ് അറിയാത്തവർക്കുപോലും സൈബർ സുരക്ഷാ പിഴവുകൾ മുതലെടുക്കാൻ മിത്തോസിന്റെ സഹായത്തോടെ സാധ്യമായേക്കും. അതിനാൽ ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുൾപ്പെട്ട 40 കമ്പനികളുടെ ഒരു തിരഞ്ഞെടുത്ത ഗ്രൂപ്പിന് മാത്രമാണ് നിലവിൽ ക്ലോഡ് മിത്തോസിലേക്ക് പ്രവേശനം നൽകിയിട്ടുള്ളത്.
മിത്തോസ് അടക്കം ഉയർത്തുന്ന സൈബർ സുരക്ഷാ ഭീഷണികൾ നേരിടാൻ ധനകാര്യ മന്ത്രാലയം ഏകീകൃത സംവിധാനം വികസിപ്പിക്കാൻ പദ്ധതിയിടുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഉന്നതതല യോഗത്തിൽ ബാങ്കുകൾ അവരുടെ ഐ.ടി സംവിധാനങ്ങൾ സുരക്ഷിതമാക്കാനും ഉപഭോക്തൃ ഡാറ്റ സംരക്ഷിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ബാങ്കേഴ്‌സ് അസോസിയേഷൻ (ഐബിഎ) ഒരു ഏകോപിത സംവിധാനം വികസിപ്പിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. സൈബർ സുരക്ഷാ വിദഗ്ധരുമായും ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിക്കാനും അവർ നിർദേശിച്ചിട്ടുണ്ട്.
Content Highlights: Finance Minister convenes high-level meeting on Claude Mythos AI risks., Mythos identified as a powerful AI capable of discovering deep-seated system vulnerabilities., SBI Chairman to lead a coordinated banking response strategy., Government mandates real-time threat intelligence sharing with CERT-In., Anthropic restricts public access to Mythos due to potential misuse for hacking.
Published: 24 Apr 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented