വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ ബഹിരാകാശ നടത്തത്തിന് ഉപയോഗിക്കുന്ന വസ്ത്രത്തിനുള്ളില്‍ വെള്ളം കണ്ടെത്തിയതിനെ തുടര്‍ന്ന് പദ്ധതിയിട്ടിരുന്ന എല്ലാ ബഹിരാകാശ നടത്തങ്ങളും ഒഴിവാക്കി. അടിയന്തിരാവശ്യങ്ങള്‍ക്കുള്ള ബഹിരാകാശ നടത്തങ്ങള്‍ ഒഴിവാക്കില്ല. 

To advertise here,

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഗവേഷകനായ മത്തിയാസ് മോറര്‍ ധരിച്ച വസ്ത്രത്തിനുള്ളിലാണ് വെള്ളം കണ്ടെത്തിയത്. ഹെല്‍മെറ്റിന്റെ ഉള്ളില്‍ 20 മുതല്‍ 25 സെന്റീമീറ്റര്‍ വരുന്ന വെള്ളത്തിന്റെ വളരെ നേര്‍ത്ത പാളിയാണ് കണ്ടെതെന്ന് മോറര്‍ പറഞ്ഞു. 

ബഹിരാകാശ വസ്ത്രത്തിനുള്ളില്‍ ചിലപ്പോള്‍ കുറച്ച് വെള്ളം ഉണ്ടാവാറുണ്ടെങ്കിലും സാധാരണയുണ്ടാവുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം കണ്ടതാണ് ഇവിടെ പ്രശ്‌നമായത്. ബഹിരാകാശ വസ്ത്രത്തിനുള്ളില്‍ താപനില ക്രമീകരിക്കുന്നതിനായി ശേഖരിച്ച വെള്ളമാണ് ചോര്‍ന്നത്.  

എക്‌സ്ട്രാവെഹിക്കുലാര്‍ മൊബിലിറ്റി യൂണിറ്റ് (ഇഎംയു) എന്നറിയപ്പെടുന്ന ബഹിരാകാശ വസ്ത്രങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ജൂലായില്‍ ഭൂമിയിലേക്ക് അയക്കും. ഇതേ തുടര്‍ന്ന് വരുന്ന കുറച്ച് മാസത്തേക്ക് ഗവേഷകര്‍ക്ക് ബഹിരാകാശ നിലയത്തിന് പുറത്തുള്ള ജോലികള്‍  ചെയ്യാന്‍ സാധിക്കില്ല. 

അതേസമയം അടുത്തിടെ ബഹിരാകാശ നിലയക്കിലെത്തിയ സ്‌പേസ് എക്‌സ് ക്രൂ 4 ലും ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലും കൂടുതല്‍ ഹെല്‍മെറ്റ് അബ്‌സോര്‍ബ്ഷന്‍ പാഡുകള്‍ നിലയത്തില്‍ എത്തിച്ചിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ക്കായി നിലയത്തിന് പുറത്തിറങ്ങേണ്ടി വന്നാല്‍ ഈ പാഡുകള്‍ സഹായിക്കും. 

അപ്രതീക്ഷിതമായ വെള്ളച്ചോര്‍ച്ചയെ തുടര്‍ന്ന് ഇത് ആദ്യമായല്ല ബഹിരാകാശ നടത്തങ്ങള്‍ നിര്‍ത്തിവെക്കുന്നത്. 2013 ജൂലായില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് യൂറോപ്യന്‍ സഞ്ചാരിയായ ലുക പാര്‍മിറ്റാനയുടെ മുഖം മുഴുവന്‍ വെള്ളം മൂടുന്ന അവസ്ഥയുണ്ടായി. തുടര്‍ന്ന് അദ്ദേഹം നിലയത്തിനുള്ളിലേക്ക് മടങ്ങുകയായിരുന്നു.