മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ആര്‍ട്ടെമിസ് 3 ദൗത്യത്തിലാണ് അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ആദ്യമായി മനുഷ്യന്‍ ചന്ദ്രനിലെത്തുക. എന്നാല്‍ അതിന് മുമ്പ് ഒട്ടേറെ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.
ഇപ്പോഴിതാ ചന്ദ്രനിലെത്തിയാല്‍ അവിടെ എങ്ങനെ നടക്കാമെന്നും അതിനുള്ള ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് നാസ. നാസയുടെ ബഹിരാകാശ സഞ്ചാരികളായ കേറ്റ് റൂബിന്‍സും ആരേന്ത ഡഗ്ലസുമാണ് മോക്ക് സ്‌പേസ് സ്യൂട്ടുകള്‍ ധരിച്ച് മൂണ്‍ വാക്ക് പരിശീലനം നടത്തിയത്. അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫിനടുത്തുള്ള സാന്‍ ഫ്രാന്‍സിസ്‌കോ വോള്‍കാനിക് ഫീല്‍ഡിലാണ് ഒരാഴ്ച നീളുന്ന പരിശീലനം ബുധനാഴ്ച ആരംഭിച്ചത്.
ചന്ദ്രനിലെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ വിവിധ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ശാസ്ത്ര ദൗത്യങ്ങളും ഈ മരുഭൂമിയില്‍ വെച്ച് പരിശീലിക്കും.
ബഹിരാകാശ സഞ്ചാരികള്‍, എഞ്ചിനീയര്‍മാര്‍, ഫീല്‍ഡ് വിദഗ്ദര്‍, ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെല്ലാമടങ്ങുന്ന രണ്ട് സംഘങ്ങളാണ് പരിശീലനത്തിന്റെ ഭാഗമാകുന്നത്. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ തുടക്കം മുതല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇവിടെ വെച്ച് പരിശീലിക്കും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ആശയവിനിമയത്തിനുണ്ടാവാനിടയുള്ള കാലതാമസവും വിവര ശേഖരണം, ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ടീമുമായും സയന്‍സ് ടീമുമായുള്ള ആശയവിനിമയം എന്നിവയും പരിശീലിക്കും.
2026 ല്‍ ആര്‍ട്ടെമിസ് 3 ദൗത്യം വിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പോളോ ദൗത്യത്തിലാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയത്. ഇത്തവണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മനുഷ്യനെ എത്തിക്കാനാണ് ആര്‍ട്ടെമിസ് ദൗത്യത്തില്‍ ലക്ഷ്യമിടുന്നത്. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി ആദ്യമായി ഒരു വനിതയും ചന്ദ്രനില്‍ ഇറങ്ങും. നാസയുടെ പങ്കാളിയായ ഒരു രാജ്യത്ത് നിന്നുള്ള സഞ്ചാരിയും ദൗത്യത്തിന്റെ ഭാഗമാവും.
Content Highlights: NASA astronauts moon walk practice at Arizona desert
Published: 17 May 2024, 10:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented