ആലത്തൂര്‍: ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെയെത്തിക്കാന്‍ ലക്ഷ്യമിടുന്ന 'ആര്‍ട്ടെമിസ്' ദൗത്യത്തിന് പാലക്കാട്ടുനിന്നൊരു കൈയൊപ്പ്. തരൂര്‍ തെക്കേവീട്ടില്‍ പരേതനായ ഭുവന്‍ദാസ് മേനോന്റെയും തൃശ്ശൂര്‍ മണ്ണുത്തി ഒല്ലൂക്കര നമ്പുള്ളിപ്പുറത്ത് പ്രേമലതയുടെയും മകന്‍ അനീഷ്മേനോനാണ് ഈ നിയോഗം. യു.എസ്. ബഹിരാകാശഗവേഷണ ഏജന്‍സിയായ 'നാസ'യാണ് ദൗത്യമൊരുക്കുന്നത്.
നവംബര്‍ 16-നുനടന്ന, 'ആര്‍ട്ടെമിസി'ന്റെ മനുഷ്യരില്ലാതെയുള്ള ആദ്യദൗത്യത്തിന്റെ വീഡിയോപ്രക്ഷേപണത്തിനുള്ള സംവിധാനം വികസിപ്പിച്ചെടുത്താണ് അനീഷ്മേനോന്‍ പങ്കാളിയായത്. ബെംഗളൂരു ഇന്ദിരാനഗറിലെ 'ടെന്‍ത് ഡയമെന്‍ഷന്‍സ് ഐ.എന്‍.സി.' എന്ന കമ്പനിയുടെ ചീഫ് ഇന്നവേറ്റീവ് ഓഫീസറാണ് 35-കാരനായ അനീഷ്മേനോന്‍. ടെന്‍ത് ഡയമെന്‍ഷന്‍സിന്റെ 'മീറ്റ്മോ.ഐഓ' സംവിധാനവും അമേരിക്കയിലെ 'ഫെലിക്‌സ് ആന്‍ഡ് പോള്‍' സ്റ്റുഡിയോയും ഫ്‌ളൈറ്റ് ലൈന്‍ ഫിലിംസും കൈകോര്‍ത്താണ് ചാന്ദ്രവാഹനവിക്ഷേപണത്തിന്റെ യഥാതഥ കാഴ്ചാനുഭവം നല്‍കുന്ന സംപ്രേഷണം നടത്തിയത്.
ദൗത്യത്തില്‍ മൈക്കല്‍ മന്‍സൂറി, ജോഹാന്‍ റോമേറോ എന്നിവരായിരുന്നു അനീഷിന്റെ പങ്കാളികള്‍. യു.എസിലെ ബഹിരാകാശവാഹനവിക്ഷേപണകേന്ദ്രമായ കെന്നഡി സ്‌പേസ് സെന്ററില്‍ 360 ഡിഗ്രി ക്യാമറകള്‍ സ്ഥാപിച്ചായിരുന്നു സംപ്രേഷണം.
ഇതിനുള്ള '8കെ. എന്‍കോഡര്‍ ഹാര്‍ഡ്വെയര്‍ സ്ട്രീമിങ് ടെക്നോളജി' അനീഷും കൂട്ടരും ഗവേഷണം നടത്തി വികസിപ്പിച്ചതാണ്. ആര്‍ട്ടെമിസ് ദൗത്യം നേരില്‍ കാണുന്ന അതേ അനുഭവമാണ് ഇതിന്റെ പ്രത്യേകത.
ബെംഗളൂരു ഇന്ദിരാനഗറിലാണ് അനീഷ്മേനോന്റെ താമസം. അച്ഛന്‍ ഭുവന്‍ദാസ്മേനോന്‍ ഡല്‍ഹിയില്‍ സ്വകാര്യകമ്പനിയില്‍ മാനേജരായിരുന്നു. 1995-ല്‍ അന്തരിച്ചു. അമ്മ പ്രേമലതയ്ക്കും സ്വകാര്യസ്ഥാപനത്തിലായിരുന്നു ജോലി. തൊടുപുഴ അല്‍അസര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്നാണ് അനീഷ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയത്. സാങ്കേതികവിദ്യയോടുള്ള പ്രണയം മൂത്തപ്പോള്‍ കൈയില്‍ കംപ്യൂട്ടര്‍ കീബോര്‍ഡ് പച്ചകുത്തിവെച്ചാണ് അനീഷ് ഡിജിറ്റല്‍ ലോകത്തേക്കിറങ്ങിയത്. എം.ബി.എ. ബിരുദധാരിയും നിയമവിദ്യാര്‍ഥിയുമായ ഭാര്യ, കൊച്ചി സ്വദേശി ജസീക്കാമോള്‍ സാറാ ജോഷി എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനിയറായ സഹോദരന്‍ അമിത് ഷാര്‍ജയിലാണ്.
Content Highlights: nasa artemis mission
Published: 28 Nov 2022, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented